കുളമ്പുരോഗം വ്യാപകം; ചിറ്റിലഞ്ചേരി മൃഗാശുപത്രിയില്‍ ഡോക്ടറില്ല

Posted on: November 7, 2013 8:06 am | Last updated: November 7, 2013 at 8:06 am

നെന്മാറ: മേഖലയില്‍ കുളമ്പുരോഗം വ്യാപകമാകുമ്പോഴും ചിറ്റിലഞ്ചേരി മൃഗാശുപത്രിയില്‍ ഡോക്ടറില്ല. ചിറ്റിലഞ്ചേരി, കടമ്പിടി, ചേരാമംഗലം, മേലാര്‍കോട് ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളും ചേരാമംഗലം, കിളിയല്ലൂര്‍ സബ് സെന്ററുകളും ഉള്‍പ്പെടുന്ന ചിറ്റിലഞ്ചേരി മൃഗാശുപത്രിക്കു കീഴില്‍ ആയിരക്കണക്കിനു ക്ഷീര കര്‍ഷകരാണുള്ളത്.
കൂടാതെ മലക്കുളം, പന്തപ്പറമ്പ് സംഘങ്ങളിലെ ചില കര്‍ഷകരും ഇവിടെയാണു ചികില്‍സക്കായി എത്തുന്നത്. ഇവിടെയുണ്ടായിരുന്ന ഡോക്ടര്‍ സ്ഥലം മാറിപോയെങ്കിലും പുതിയ ആളെ നിയമിക്കാന്‍ അധികൃതര്‍ തയാറാവാത്തത് കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്.
ഡോക്ടറില്ലാത്തതിനാല്‍ പശുക്കളെയും കൊണ്ടു കിലോമീറ്ററുകള്‍ അകലെയുള്ള മൃഗാശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണിപ്പോള്‍ കര്‍ഷകര്‍. കുളമ്പുരോഗം ബാധിച്ച പശുക്കള്‍ക്കു ചികില്‍സ ലഭ്യമാക്കാനുള്ള സംവിധാനം അധികൃതര്‍ സ്വീകരിച്ചില്ലെങ്കില്‍ ക്ഷീരമേഖലക്കു കനത്ത നാശമാവും വരുക.