Connect with us

International

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസില്‍ സ്‌ഫോടനം

Published

|

Last Updated

ബീജിംഗ്: ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവിശ്യാ ഓഫീസിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരുക്കേറ്റതായും രണ്ട് കാറുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ പുലര്‍ച്ചെ 7.40ഓടെയാണ് ഷാന്‍സി പ്രവിശ്യയിലെ തായുവാനിലെ പാര്‍ട്ടി ഓഫീസിലാണ് ഏഴോളം സ്‌ഫോടനങ്ങള്‍ നടന്നത്. ഒരാളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കനത്ത ശബ്ദത്തോടെ മിനുട്ടുകളുടെ വ്യത്യാസത്തില്‍ ഏഴോളം പൊട്ടിത്തെറികളുണ്ടായതായി ഒരു ദൃക്‌സാക്ഷി പറഞ്ഞു. ചൈനീസ് മാധ്യമ സ്ഥാപനമായ കൈക്‌സിന്‍ മൈക്രോബ്ലോഗിലൂടെയാണ് സാക്ഷി വിവരണം പുറത്തുവിട്ടിരിക്കുന്നത്. പാര്‍ട്ടി ഓഫീസിന് മുന്നിലെ ചെടികള്‍ക്കിടയിലാണ് ബോംബ് ഒളിപ്പിച്ചുവെച്ചിരുന്നത്.
പ്രദേശത്തിന്റെ നൂറ് മീറ്ററോളം പരിധിയില്‍ പൊട്ടിത്തെറിയില്‍ പ്രകമ്പനം കൊണ്ടു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ രണ്ട് കാറുകളുടെ ചില്ലുകള്‍ക്കും കേടുപാടുണ്ടായി. സംഭവത്തെക്കുറിച്ച് അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവസ്ഥലത്തു നിന്ന് പുക ഉയരുന്നതിന്റെയും ഫയര്‍ എന്‍ജിനുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റിലൂടെ പുറത്തുവന്നിരുന്നു. അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. സര്‍ക്യൂട്ട് ബോര്‍ഡുകളുള്‍പ്പെടെയുള്ള ബോംബ് നിര്‍മാണ സാമഗ്രികള്‍ പ്രദേശത്തു നിന്ന് പോലീസ് കണ്ടെടുത്തതായാണ് വിവരം.
കഴിഞ്ഞയാഴ്ച ബീജിംഗിലെ ടിയാന്‍മെന്‍ സ്‌ക്വയറിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് വിദേശികള്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സ്‌ഫോടനം തീവ്രവാദി ആക്രമണമായിരുന്നുവെന്ന് അധികൃതര്‍ പിന്നീട് കണ്ടെത്തി. രക്ഷാപ്രവര്‍ത്തനത്തിനായി അഗ്നിശമന സേനയുടെ നിരവധി വാഹനങ്ങള്‍ റോഡില്‍ നിറഞ്ഞതിനാല്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

Latest