Connect with us

Kannur

യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം ജനറല്‍ബോഡിയില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശം

Published

|

Last Updated

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം ജനറല്‍ ബോഡിയോഗത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കണ്ണൂരില്‍ നടന്ന അക്രമം പോലീസിന്റെ വീഴ്ച മൂലമുണ്ടായതണെന്നും ശക്തമായ സുരക്ഷയൊരുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും യോഗത്തില്‍ പ്രസംഗിച്ച നേതാക്കള്‍ കുറ്റപ്പെടുത്തി. ഇന്നലെ വൈകുന്നേരം കാല്‍ടെക്‌സിലെ ഈക്കോസ് ഓഡിറ്റോറിയത്തിലായിരുന്നു ജനറല്‍ബോഡി യോഗം.
സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. സി പി എമ്മിന്റെ അച്ചാരം പറ്റുന്ന പോലീസുകാര്‍ കണ്ണൂരിലുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് റിജില്‍ മാക്കുറ്റി ആരോപിച്ചു. അവരെ ജില്ലയില്‍ നിന്ന് മാറ്റാതെ രക്ഷയില്ലെന്നും കണ്ണൂര്‍ പോലീസില്‍ അഴിച്ചുപണി വേണമെന്നും അദ്ദേഹമാവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നേരെ നടന്ന അക്രമസംഭവങ്ങളില്‍ അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. കണ്ണൂരിലെ പോലീസ് കേരളത്തിലെ പോലീസ് സേനക്ക് തന്നെ അപമാനമാണ്. യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ ഇടപെടണമെന്നും റിജില്‍ ആവശ്യപ്പെട്ടു.
കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെയും യത്ത് കോണ്‍ഗ്രസിന്റെയും നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും ഉയര്‍ന്നുവന്ന പരാതികള്‍ കണക്കിലെടുത്ത് കണ്ണൂര്‍ പോലീസില്‍ സമ്പൂര്‍ണമായ അഴിച്ചുപണി നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അറിയിച്ചു. പോലീസിനെതിരെ വ്യാപക പരാതികളുയര്‍ന്നുവന്നിട്ടുണ്ട്. അഴിച്ചുപണിയോടെ കണ്ണൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. പാര്‍ട്ടി ഗൗരവമായി പ്രശ്‌നം കണക്കിലെടുത്തിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആത്മാഭിമാനത്തോടെ മുന്നോട്ടുപോകാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചടങ്ങില്‍ പ്രസംഗിച്ച വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷും പോലീസ് വീഴ്ചയെക്കുറിച്ച് രൂക്ഷമായ വിമര്‍ശമാണ് നടത്തിയത്. യോഗത്തില്‍ തുടര്‍ന്ന് സംസാരിച്ച നേതാക്കളെല്ലാം പോലീസിനെതിരെ ആഞ്ഞടിക്കുക തന്നെ ചെയ്തു. യോഗത്തില്‍ സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍, ജില്ലാ ഭാരവാഹികളായ ഒ കെ പ്രസാദ് കുമാര്‍, സുധീഷ് മുണ്ടേരി, അമൃത രാമകൃഷ്ണന്‍, കെ ബിനോജ്, കെ കമല്‍ജിത്ത് പ്രസംഗിച്ചു.

---- facebook comment plugin here -----

Latest