ഐ എം എ സംസ്ഥാന സമ്മേളനം മാഹിയില്‍

Posted on: November 6, 2013 8:14 am | Last updated: November 6, 2013 at 8:14 am

തലശ്ശേരി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകത്തിന്റെ 56-ാമത് സംസ്ഥാന സമ്മേളനം ഈ മാസം എട്ട്, ഒമ്പത് തീയതികളിലായി മാഹിയില്‍ നടക്കും.

സമ്മേളന ഭാഗമായി കേരളത്തിലെ ആരോഗ്യ രംഗം പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിലുള്ള ചര്‍ച്ചാ സമ്മേളനം 10ന് വൈകീട്ട് നാലിന് തലശ്ശേരിയിലെ ഹോട്ടല്‍ പേള്‍വ്യു റീജന്‍സിയില്‍ നടക്കും. വിവിധ ശാഖകളില്‍ നിന്ന് 2600 ഓളം പ്രതിനിധികള്‍ സംബന്ധിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എട്ടിന് പതാക ഉയരും. ഒന്‍പതിന് ആശുപത്രി മാനേജ്‌മെന്റിനെ സംബന്ധിച്ചുള്ള തുടര്‍വിദ്യാഭ്യാസ പരിപാടി മാഹി റീജനല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ മുനി സ്വാമി ഉദ്ഘാടനം ചെയ്യും.
10 മണിക്ക് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സമ്മേളനം ഐ എം എ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ ഇ പൗലോസ് ഉദ്ഘാടനം ചെയ്യും. വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള 500 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് ഐ എം എ വനിതാ വിഭാഗം പൊതുയോഗം വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി ഉദ്ഘാടനം ചെയ്യും.
ഒമ്പതിന് രാവിലെ തുടര്‍വിദ്യാഭ്യാസ പരിപാടി കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മങ്ങാട് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് ഡയമണ്ട് ഹാളില്‍ മെമ്മോറിയല്‍ സര്‍വീസസ്- ഒരു വര്‍ഷത്തിനുള്ളില്‍ മണ്‍മറഞ്ഞ 51 ഡോക്ടര്‍മാരുടെ ഓര്‍മ പുതുക്കല്‍ ചടങ്ങ് നടക്കും. 10ന് രാവിലെ പൊതു സമ്മേളനം മന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.