കണ്ണൂര്‍ വിമാനത്താവളം: നിര്‍മാണപ്രവൃത്തി എല്‍ ആന്‍ഡ് ടി ലിമിറ്റഡിന്‌

Posted on: November 6, 2013 5:23 am | Last updated: November 5, 2013 at 11:24 pm

തിരുവനന്തപുരം: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കുള്ള ടെന്‍ഡര്‍ അംഗീകരിച്ചു. ടെന്‍ഡര്‍ നടപടികളുടെ ഭാഗമായി ഇന്നലെ ഫിനാന്‍ഷ്യല്‍ ബിഡ് പരിശോധനക്ക് ശേഷമാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാര്‍സന്‍ ആന്‍ഡ് ട്രൂബോ ലിമിറ്റഡ് സമര്‍പ്പിച്ച ടെന്‍ഡര്‍ അംഗീകരിച്ചത്. ഇതുപ്രകാരം 694 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികള്‍ ഈ മാസം തന്നെ ആരംഭിക്കും. റണ്‍വേ, എര്‍ത്ത് വര്‍ക്കുകളാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് ടെര്‍മിനല്‍ കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിക്കും. ടെര്‍മിനല്‍ നിര്‍മാണത്തിനായി സാങ്കേതിക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കണ്‍ട്രോള്‍ ടവര്‍, ടെര്‍മിനല്‍ കെട്ടിടം തുടങ്ങിയവക്കുള്ള ടെന്‍ഡര്‍ നടപടികള്‍ അടുത്ത മാസം ആരംഭിക്കും. ഇതിനുള്ള പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ്. 2015 ഡിസംബര്‍ 31ന് കണ്ണൂരില്‍ വിമാനമിറങ്ങുന്ന തരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ജനുവരി 22ന് ആരംഭിച്ച ടെന്‍ഡറില്‍ 19 കമ്പനികളാണ് പങ്കെടുത്തിരുന്നത്. ഇതില്‍ നിന്ന് തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ എട്ട് കമ്പനികള്‍ ഇടം പിടിച്ചിരുന്നു. പിന്നീട് സാങ്കേതിക പരിശേധനയില്‍ യോഗ്യത നേടിയ നാല് കമ്പനികളില്‍ നിന്നാണ് ലാര്‍സന്‍ ആന്‍ഡ് ട്രൂബോ ലിമിറ്റഡ് തിരഞ്ഞെടുക്കപ്പെട്ടത്. ജി എം ആര്‍ ലിമാക് കണ്‍സോര്‍ഷ്യം, ഐ ടി ഡി സിമന്റേഷന്‍, സാന്‍ജോസ്-ഗാമണ്‍ എന്നീ കമ്പനികളില്‍ നിന്ന് ഏറ്റവും കുറഞ്ഞ ടെന്‍ഡര്‍ നല്‍കിയ എല്‍ ആന്‍ഡ് ടി ലിമിറ്റഡ് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പ്രവൃത്തികള്‍കുള്ള നിര്‍മാണാനുമതി തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കമ്പനി പ്രതിനിധി ഷാജിക്ക് സംസ്ഥാന ഏവിയേഷന്‍ മന്ത്രി കെ ബാബു കൈമാറി. നിര്‍ദിഷ്ട പദ്ധതിക്ക് ആകെ ആവശ്യമായി വരുന്ന 2,000 ഏക്കര്‍ ഭൂമിയില്‍ 1277.93 ഏക്കര്‍ ഭൂമി ഇതുവരെ ഏറ്റെടുത്തിട്ടുണ്ട്. 785.45 ഏക്കര്‍ ഭൂമിയാണ് ഇനി ഏറ്റെടുക്കാനുള്ളത്. പദ്ധതിക്കായി കേന്ദ്ര പ്രതിരോധ വകുപ്പ്, ആഭ്യന്തര വകുപ്പ്, ഡി ജി സി എ, വനം പരിസ്ഥിതി വകുപ്പ്, കീഴനല്ലൂര്‍ പഞ്ചായത്ത്, മട്ടന്നൂര്‍ നഗരസഭ തുടങ്ങിയവകളുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ അവലോകനം ചെയ്യുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.