Connect with us

Kerala

ഖുത്ബുദ്ദീന്‍ അന്‍സാരിയെത്തി; തുണയേകിയ മലയാള മണ്ണില്‍

Published

|

Last Updated

കോഴിക്കോട്: മനസ്സ് നിറയെ മലയാളികളെ കുറിച്ചുള്ള നല്ല ഓര്‍മകളുമായി ഗുജറാത്ത് വംശഹത്യയുടെ “മുഖം” കേരളത്തിലെത്തി. മലയാളികളോടുള്ള തന്റെ സൗഹൃദത്തിന്റെ നല്ല നിമിഷങ്ങള്‍ ഓര്‍ത്തെടുത്താണ് ഖുത്ബുദ്ദീന്‍ അന്‍സാരി കേരളത്തില്‍ കാലുകുത്തിയത്. സമാധാനത്തിന്റെ നാട്ടിലേക്ക് സന്തോഷത്തോടെയെത്തിയ അന്‍സാരി മലയാളികള്‍ നല്ലവരാണെന്നും ഇവിടെ ജീവിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്നും പറഞ്ഞു. അഹമ്മദാബാദിലെ റഖിയാനിലെ റഹ്മത്ത് നഗറിലെ ഫഌറ്റില്‍ നിന്ന് രക്ഷപ്പെട്ടതിനും അന്‍സാരി നന്ദി പറയുന്നത് മലയാളത്തോടാണ്. കത്തിയാളുന്ന തീയില്‍ നിന്നും അക്രമികളുടെ കത്തിമുനയില്‍ നിന്നും അര്‍ധസൈനിക വിഭാഗത്തിന്റെ വാഹനത്തിലേക്ക് അന്‍സാരിയെയും കുടുംബത്തെയും കൈപിടിച്ചു കയറ്റിയത് മലയാളിയായ ജവാനായിരുന്നു.

അക്രമ സമയത്തെ നിസ്സഹായാവസ്ഥക്കിടയില്‍ വാതില്‍പാളിയിലൂടെ അര്‍ധസൈനിക വിഭാഗത്തിന്റെ വാഹനം വരുന്നത് കണ്ട അന്‍സാരി ഈ വാഹനത്തിനരികിലേക്ക് ഓടിയെത്തി കൈകൂപ്പി യാചിക്കുന്നതാണ് റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ആര്‍കൊ ദത്തയുടെ ക്യാമറക്കണ്ണില്‍പ്പെട്ടത്.
അഹമ്മദാബാദിലെ തന്റെ തുന്നല്‍ക്കടക്കടുത്ത് ചായക്കട നടത്തിയിരുന്ന അല്‍ത്വാഫ് എന്ന കോഴിക്കാട്ടുകാരനില്‍ നിന്ന് മലയാളികളെ കുറിച്ച് ഏറെ മനസ്സിലാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ മലേഗാവില്‍ തുന്നല്‍കാരനായി ഫാക്ടറിയില്‍ ജോലിക്ക് കയറിയപ്പോഴും മലയാളിയായ സുനില്‍ തന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. താന്‍ പരിചയപ്പെടുകയും കാണുകയും സംസാരിക്കുകയും ചെയ്ത മലയാളികളെയൊന്നും തനിക്ക് മറക്കാനാകില്ലെന്നും അന്‍സാരി പറഞ്ഞു. അഹമ്മദാബാദിലെ ഹിന്ദുക്കള്‍ നല്ലവരാണ്. തനിക്ക് ഏറെ ഹിന്ദു സുഹൃത്തുക്കളുണ്ട്. എന്നാല്‍ അന്ന് അക്രമം നടത്താനെത്തിയത് പുറത്തുനിന്നുള്ളവരായിരുന്നു. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ ഗുജറാത്തില്‍ സംഭവിച്ചത് രാജ്യത്താകെ സംഭവിക്കുമെന്നും അന്‍സാരി പറഞ്ഞു. നാളെ കോഴിക്കോട് നടക്കുന്ന മുഖ്യധാര മാസികയുടെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് അന്‍സാരി എത്തിയത്. ഇന്നലെ ഉച്ചക്ക് 12.50 ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ അന്‍സാരിയെ മുഖ്യധാര ചീഫ് എഡിറ്റര്‍ കൂടിയായ ഡോ. കെ ടി ജലീല്‍ എം എല്‍ എ, പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.