5.1 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടി വരുമെന്നു വിദഗ്ധര്‍

Posted on: November 5, 2013 6:50 pm | Last updated: November 5, 2013 at 7:02 pm

ദുബൈ: 2020 ആവുമ്പോഴേക്കും അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ 5.1 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടി വരുമെന്ന് വിദഗ്ധര്‍. മേഖലയിലെ പല രാജ്യങ്ങളിലും രൂക്ഷമായ തൊഴിലില്ലായ്മ അനുഭവപ്പെടുന്ന സാഹചര്യത്തിലാണിത്. സമ്പത്ത് നേടുന്ന കാര്യത്തില്‍ അറബ് മേഖലക്ക് താങ്ങായി നിന്ന എണ്ണയുടെ അളവ് കുറഞ്ഞുവരുന്ന സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ പ്രതിസന്ധി രൂക്ഷമാവാന്‍ ഇടയുണ്ട്.

2017 ആവുമ്പോഴേക്കും ലോകത്ത് പല മാറ്റങ്ങളും സംഭവിക്കുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധി പ്രതീക്ഷിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധനും പ്രഫസറുമായ ഡോ. ഹാതെം അല്‍ ഷന്‍ഫാരി വ്യക്തമാക്കി. ദുബൈയില്‍ കഴിഞ്ഞ ആഴ്ച നടന്ന നാറ്റോ കോണ്‍ഫറന്‍സിലാണ് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ ഇക്കണോമിക്‌സ് ആന്‍ഡ് ഫിനാന്‍സ് പ്രഫസറും സെന്‍ട്രല്‍ ബേങ്ക് ഓഫ് ഒമാന്‍ ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ് അംഗവുമായ ഡോ. ഹാതെം ഇക്കാര്യം വ്യക്തമാക്കിയത്.
എണ്ണപ്പാടങ്ങള്‍ വറ്റിത്തുടങ്ങുന്നതോടെ സമ്പന്ന രാഷ്ട്രങ്ങള്‍ എന്ന പദവിയും സാമ്പത്തിക രംഗത്തെ പുരോഗതിയും അറേബ്യന്‍ ഗള്‍ഫിന് അന്യമാവും. അമേരിക്കന്‍ വന്‍കരകള്‍ക്ക് ആഗോള സമ്പദ് വ്യവസ്ഥയില്‍ പ്രാധാന്യം വര്‍ധിക്കും.
മേഖലയില്‍ നിലവിലെ തൊഴിലില്ലായ്മ 11 ശതമാനമാണ്. എന്നാല്‍ യുവാക്കള്‍ക്കിടയില്‍ 25 ശതമാനം തൊഴിലില്ലായ്മ അനുഭവിക്കുന്നുവെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. ആഗോള ശരാശരി 15 ശതമാനമാണ്. ഇതിനാല്‍ മേഖലയിലെ ഭരണാധികാരികള്‍ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ബജറ്റുകളില്‍ തുക മാറ്റിവെക്കുകയും വേണമെന്ന് ചുരുക്കം.
അറബ് മേഖലയിലെ പൗരന്‍മാരില്‍ 50 ശതമാനവും യുവാക്കളാണ്. കൃത്യമായി പറഞ്ഞാല്‍ 15 വയസിനും 29 വയസിനും ഇടയില്‍ പ്രായമുള്ളവര്‍. 2015 ഓടെ 60 ലക്ഷം തൊഴിലവസരങ്ങള്‍ മേഖലയില്‍ സൃഷ്ടിക്കപ്പെടണമെന്നാണ് രാജ്യാന്തര നാണ്യ നിധി കണക്കാക്കുന്നത്. ഇതില്‍ മൂന്നില്‍ രണ്ടും പ്രവാസികള്‍ക്കായാവും. 30 ലക്ഷം ജി സി സി പൗരന്മാര്‍ തൊഴില്‍രഹിതരായി ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ പതിറ്റാണ്ടില്‍ 70 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഇതിന്റെ 70 ശതമാനവും പ്രാവസികള്‍ക്കാണ് ലഭിച്ചത്. ജി സി സി രാജ്യങ്ങളില്‍ സാമ്പത്തിക പുരോഗതിയും തൊഴില്‍ ലഭ്യതയുമായി പൊരുത്തക്കേടുണ്ട്, പ്രത്യേകിച്ചും പൗരന്‍മാര്‍ക്കു തൊഴില്‍ ലഭ്യമാക്കുന്ന കാര്യത്തില്‍.
ഈ മേഖലയിലെ സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളിയാണിത്. ഇതിനെ മറികടക്കാന്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. കൂടുതലും പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ക്കായാണ് തുക വിനിയോഗിക്കുന്നത്. ഇതിനായി പ്രവാസികളായ തൊഴില്‍ ശക്തി ആവശ്യമായി വരുന്നു. തൊഴില്‍ സൃഷ്ടിക്കപ്പെടുന്നത് പൗരന്‍മാര്‍ക്ക് തൊഴില്‍ ലഭ്യമാവുന്ന രീതിയിലേക്ക് മറേണ്ടിയിരിക്കുന്നു.
എണ്ണ ഉല്‍പ്പാദനത്തില്‍ നിന്നും മാറാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ വലിയ ദുരിതമാണ് അനുഭവിക്കുക. ഇതിനൊപ്പം തൊഴില്‍ ഉറപ്പാക്കാന്‍ പറ്റിയില്ലെങ്കില്‍ സാമ്പത്തിക വളര്‍ച്ച സുസ്ഥിരമായി നിര്‍ത്താന്‍ സാധിക്കില്ല. 10 മുതല്‍ 15 വര്‍ഷത്തിനകം അമേരിക്ക എണ്ണ സ്വയംപര്യാപ്ത രാജ്യമാവുന്നതോടെ ജി സി സിയിലെ എണ്ണ കമ്പോളത്തില്‍ നിന്നു അവര്‍ പിന്‍വാങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ യു എ ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും ഡോ. ഹാതെം അഭിപ്രായപ്പെട്ടു.