Connect with us

Palakkad

നഗരസഭാ ചെയര്‍മാനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ കോണ്‍ഗ്രസില്‍ ശ്രമം

Published

|

Last Updated

പാലക്കാട്: നഗരസഭാ ചെയര്‍മാന്‍ അബ്ദുല്‍ ഖുദ്ദൂസിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട ശ്രമം. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ലംഘിച്ച് ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നതിന് എതിരെയാണ് പാര്‍ടി നടപടിക്ക് ഒരുങ്ങുന്നത്.
കോണ്‍ഗ്രസില്‍ എ, ഐ വിഭാഗങ്ങള്‍ തമ്മിലുള്ള ഗ്രൂപ്പ് സമവാക്യം പാലിക്കണമെന്നാണ് ഡി സി സിയുടെ നിലപാട്.—കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാരനായ അബ്ദുല്‍ ഖുദ്ദൂസ് പാലക്കാട് നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്ത് വന്നിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഡി സി സി നിലപാട് ശക്തമാക്കിയത്.
തുടര്‍ന്നുള്ള രണ്ടുവര്‍ഷം ഐ ഗ്രൂപ്പിലെ പി വി രാജേഷിന് ചെയര്‍മാന്‍ സ്ഥാനം കൈമാറണമെന്നായിരുന്നു മുന്‍ധാരണ. കഴിഞ്ഞ 31ന് അബ്ദുല്‍ ഖുദ്ദൂസ് സ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാല്‍ തനിക്കെതിരെ ഐ ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ ലോകായുക്ത ഉള്‍പ്പടെയുള്ളവര്‍ക്ക് നല്‍കിയിട്ടുള്ള പരാതികള്‍ പിന്‍വലിക്കണമെന്നാണ് അദ്ദേഹത്തിനെതിരെ ഇപ്പോഴത്തെ നിലപാട്. ഇത് താല്‍കാലികമായുള്ള അടവ് നയമാണെന്നാണ് ഡി സി സിയുെട അഭിപ്രായം. ലിഖിതമായ മുന്‍തീരുമാനം അബ്ദുല്‍ ഖുദ്ദൂസ് പാലിക്കണമെന്നും അതല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കകുകയോ നഗരസഥയില്‍ അവിശ്വാസം കൊണ്ടുവരികയോ ചെയ്യുമെന്ന് ഡി സിസി പ്രസിഡന്റ് പറഞ്ഞു.
52 അംഗ നഗരസഭാ കൗണ്‍സിലില്‍ എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും 10 വീതം കൗണ്‍സില്‍മാര്‍ ഉള്‍പ്പടെ 20 പേരാണ് കോണ്‍ഗ്രസിനുള്ളത്. കൂടാതെ ലീഗ് വിമതര്‍ അടക്കം 6 പേരും യു ഡി എഫിലുണ്ട്. 15 ബി ജെ പി, 9 സി പി എം എന്നിങ്ങനെയാണ് മറ്റ് കക്ഷികള്‍.

Latest