സഹകരണമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മ്മാണം നടത്തും: മന്ത്രി സി എന്‍ ബാലകൃഷ്ണന്‍

Posted on: November 5, 2013 6:00 am | Last updated: November 4, 2013 at 9:43 pm

കല്‍പറ്റ: സഹകരണ മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മകളുണ്ടാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി വരുത്തുമെന്ന് സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. സഹകരണ സംഘങ്ങളുടെയും സഹകാരികളുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതിന് കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വിളിച്ചുചേര്‍ത്ത മുഖാമുഖം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനുകൂല്യങ്ങള്‍ സമയബന്ധിതമായി കിട്ടാത്തതുമൂലമുള്ള പ്രശ്‌നങ്ങള്‍, ഔദേ്യാഗിക നടപടിക്രമങ്ങളിലെ കാലതാമസം, ഓഡിറ്റിംഗിലെ പ്രശ്‌നങ്ങള്‍, സുതാര്യത ഉറപ്പു വരുത്തുന്നതിന് സ്വീകരിക്കേണ്ട പരിപാടികള്‍ തുടങ്ങിയവ സംബന്ധിച്ച് ചര്‍ച്ച നടന്നു. മന്ത്രി നേരിട്ട് പങ്കെടുക്കുന്ന ‘മുഖാമുഖം 2013’ പരിപാടി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നടക്കുകയാണ്. ഇത് എല്ലാജില്ലകളിലും പൂര്‍ണ്ണമാകുന്നതോടെ ഇതുവരെ ഉയര്‍ന്നുവന്നിട്ടുള്ള ആശയങ്ങളും പരാതികളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കും.
സഹകാരികള്‍ മന്ത്രിക്ക് എഴുതി നല്‍കിയ പരാതികള്‍ പരിശോധിച്ച് ഒരു മാസത്തിനകം തീര്‍പ്പുകല്‍പ്പിക്കുമെന്ന് അഡീഷണല്‍ കോ-ഓപ്പറേറ്റീവ് രജിസ്ട്രാര്‍ കെ.വി. സുരേഷ്ബാബു യോഗത്തില്‍ അറിയിച്ചു. കര്‍ഷകര്‍ എടുത്ത വായ്പ എഴുതി തള്ളിയ ജില്ലയിലെ സഹകരണസംഘങ്ങള്‍ക്കുള്ള തുകയായി ഒന്നരക്കോടി രൂപ (1,68,72,961 രൂപ) 29 ബാങ്കുകള്‍ക്കായി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് മന്ത്രി വിതരണം ചെയ്തു. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ശശി, സംസ്ഥാന സഹകരണ യൂണിയന്‍ ഭരണസമിതിയംഗം കെ.വി. തോമസ്, ജോയിന്റ് രജിസ്ട്രാര്‍ കെ.നാരായണന്‍, ജില്ലയിലെ സഹകരണസംഘം ഭാരവാഹികള്‍, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.