Connect with us

International

കോടതി നിയമങ്ങള്‍ ലംഘിച്ചു; മുര്‍സിയുടെ വിചാരണ മാറ്റി

Published

|

Last Updated

കൈറോ: പ്രക്ഷോഭകരെ വധിക്കാന്‍ ഉത്തരവിട്ടുവെന്ന കേസില്‍ കുറ്റാരോപതിനായ ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വിചാരണ മാറ്റി. കോടതി നിയമങ്ങള്‍ അനുസരിക്കാതെ സര്‍ക്കാറിനും കോടതി നടപടിക്കുമെതിരെ മുര്‍സിയും അദ്ദേഹത്തോടൊപ്പം വിചാരണ നേരിടുന്ന ബ്രദര്‍ഹുഡ് നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ജഡ്ജി വിചാരണ മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. കോടതി നിയമം അനുസരിച്ച് വിചാരണ വേളയില്‍ തടവുകാര്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ മുര്‍സിയും കൂട്ടരും വിസമ്മതിക്കുകയും വിചാരണക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെയാണ് കോടതി നടപടികള്‍ മാറ്റിവെച്ചതെന്ന് ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി എട്ടിലേക്കാണ് വിചാരണ മാറ്റിയത്.
ജനുവരി എട്ട് വരെ മുര്‍സിയെയും വിചാരണ നേരിടുന്ന 14 ബ്രദര്‍ഹുഡ് നേതാക്കളെയും ജയിലിലടക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കൈറോയിലെ തൗര ജയിലിലോ അലക്‌സാണ്ട്രിയയിലെ ജയിലിലോയാണ് മുര്‍സിയെയും കൂട്ടരെയും പ്രവേശിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഇതേകുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഭരണത്തിലിരിക്കുന്ന സമയത്ത് കഴിഞ്ഞ വര്‍ഷം കൈറോയില്‍ നടന്ന ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഉത്തരവിടുകയും പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിന് സമീപത്തെ പ്രക്ഷോഭകരെ വധിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തുവെന്ന കേസാണ് മുര്‍സിക്കുമേല്‍ ചുമത്തിയത്. ഇതു കൂടാതെ വിദേശരാജ്യത്തെ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടുവെന്ന കേസും മുര്‍സിക്കുമേല്‍ ചുമത്തിയിട്ടുണ്ട്. ഈജിപ്ഷ്യന്‍ നിയമം അനുസരിച്ച് വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ സൈനിക അട്ടിമറിയില്‍ ജൂലൈയില്‍ അധികാരം നഷ്ടമായ മുര്‍സി അതിനു ശേഷം ഇതാദ്യമായാണ് പുറം ലോകത്തെത്തുന്നത്. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രത്യേക തടവറയിലായിരുന്നു മുര്‍സിയടക്കമുള്ള ബ്രദര്‍ഹുഡ് നേതാക്കള്‍. തെക്കന്‍ കൈറോയിലെ കോടതിയിലേക്ക് മുര്‍സിയെയും മറ്റ് തടവുകാരെയും ഹെലികോപ്റ്റര്‍ വഴിയാണ് എത്തിച്ചത്. മുര്‍സി അനുയായികളും വിരുദ്ധരും തടിച്ച് കൂടിയ കോടതി പരിസരം കനത്ത സുരക്ഷാ വലയത്തിലായിരുന്നു.
മുര്‍സിയെ വിചാരണ ചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് നിരോധിത സംഘടനയായ ബ്രദര്‍ഹുഡ് നേതൃത്വം അനുയായികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആക്രമണ സാധ്യത മുന്നില്‍ കണ്ട് രാജ്യത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ കാര്യമായ പ്രക്ഷോഭങ്ങളോ ഏറ്റുമുട്ടലോ നടന്നില്ലെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.