ഇറച്ചിക്കോഴി നികുതി വെട്ടിപ്പ് പിഴ: ഇന്റലിജന്‍സ് ഉത്തരവ് നികുതി വകുപ്പ് റദ്ദാക്കി

Posted on: November 4, 2013 1:47 am | Last updated: November 4, 2013 at 1:47 am

chickenതിരുവനന്തപുരം: ഇറച്ചിക്കോഴി കടത്തില്‍ നികുതി വെട്ടിപ്പ് നടത്തിയതിന്റെ പേരില്‍ കോഴി മൊത്തക്കച്ചവടക്കാരില്‍ നിന്ന് 64 കോടി പിഴ ഈടാക്കണമെന്ന ഉത്തരവ് നികുതി വകുപ്പ് റദ്ദാക്കി. തൃശൂരിലെ കോഴി മൊത്തക്കച്ചവടക്കാരില്‍ നിന്ന് പിഴ ഈടാക്കാനുള്ള നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം ഓഫീസറുടെ ഉത്തരവാണ് അപ്പലേറ്റ് അതോറിറ്റിയായ എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ റദ്ദാക്കിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ധനമന്ത്രി തന്നെ ഭരിക്കുന്ന നികുതി വകുപ്പ് 64 കോടി രൂപ നഷ്ടപ്പെടുത്തിയത്.
വ്യത്യസ്ത സ്ഥാപനങ്ങളായി രജിസ്റ്റര്‍ ചെയ്യുകയും ഒറ്റസ്ഥാപനമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തൃശൂരിലെ പ്രമുഖ ഇറച്ചിക്കോഴി വ്യാപാരികളായ തോംസണ്‍ ഗ്രൂപ്പിനാണ് നികുതി വെട്ടിപ്പിന്റെ പേരില്‍ പിഴയിട്ടത്. 2008 മുതല്‍ 2011 വരെയുളള മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ വില കുറച്ച് കാണിച്ച് കോഴി വിറ്റതില്‍ നികുതി വെട്ടിപ്പുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നികുതി വകുപ്പ് കമ്മീഷണര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വാണിജ്യ നികുതി വകുപ്പ് ഇന്റലിജന്‍സ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ 32 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തി. വെട്ടിച്ച തുകയുടെ ഇരട്ടി പിഴ ഈടാക്കുകയെന്ന ചട്ടമനുസരിച്ച് തൃശൂര്‍ നികുതി വകുപ്പ് ഇന്റലിജന്‍സ് ഓഫീസറായ കെ സി ശിവരാമന്‍, തോംസണ്‍ ഗ്രൂപ്പില്‍ നിന്ന് 64 കോടി രൂപ പിഴ ഈടാക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് ചോദ്യം ചെയ്ത് വ്യാപാരികള്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും താത്കാലിക സ്റ്റേ മാത്രമേ അനുവദിച്ചുള്ളു. ഉയര്‍ന്ന തുകയുടെ വെട്ടിപ്പായതിനാല്‍ ആറ് കോടി രൂപ ഈടാക്കിയാണ് കോടതി സ്റ്റേ അനുവദിച്ചത്. നിയമ നടപടിക്ക് സമാന്തരമായി വ്യാപാരികള്‍ നികുതി വകുപ്പ് അപ്പലേറ്റ് അതോറിറ്റിയായ എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ അപ്പീലിനെ സമീപിച്ചു. എന്നാല്‍ ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദമുണ്ടായിരുന്നെങ്കിലും പിഴ ഉത്തരവ് റദ്ദാക്കാന്‍ അന്നത്തെ ഡെപ്യൂട്ടി കമ്മീഷണര്‍ ടോം ജോസഫ് തയ്യാറായിരുന്നില്ല. അതിനിടെ അപ്രതീക്ഷിതമായി ടോം ജോസഫിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് കഴിഞ്ഞ മെയ് 22ന് ഉത്തരവിറങ്ങി. പുതുതായി സ്ഥാനമേറ്റ ഡെപ്യൂട്ടി കമ്മീഷണര്‍ ജോസ്‌കുട്ടി ജോര്‍ജും വ്യാപാരികളുടെ സമ്മര്‍ദത്തിന് വഴങ്ങിയില്ല. ഏറെ വൈകാതെ ജോസ്‌കുട്ടിയും സ്ഥലംമാറ്റപ്പെട്ടു. എന്നാല്‍, തുടര്‍ന്നുവന്ന ഡെപ്യൂട്ടി കമ്മീഷണര്‍ വി ജെ ചാള്‍സ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് പിഴ ഈടാക്കണമെന്ന ഉത്തരവ് റദ്ദാക്കിയത്.
പിഴ ഈടാക്കണമെന്ന് ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്‍ അന്വേഷണ സംഘത്തില്‍ ഇല്ലെന്നും നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണം വ്യാപാരികള്‍ നിഷേധിച്ചെന്നും തുടങ്ങി വിചിത്രമായ കാരണങ്ങള്‍ നിരത്തിയാണ് പിഴ ഈടാക്കണമെന്ന ഉത്തരവ് റദ്ദാക്കിയത്. തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോഴി വ്യാപാരി ലോബിയുടെ സമ്മര്‍ദത്തിന്റെയും അതിന്റെ ഫലമായുളള രാഷ്ട്രീയ ഇടപെടലിന്റെയും അടിസ്ഥാനത്തിലാണ് 64 കോടി പിഴ ഈടാക്കണമെന്ന ഉത്തരവ് അട്ടിമറിച്ചതെന്നാണ് സൂചന. അപ്പലേറ്റ് അതോറിറ്റിയുടെ ഉത്തരവ് ചോദ്യം ചെയ്ത് െ്രെടബ്യൂണലിനെ സമീപിക്കേണ്ടത് പിഴ ഈടാക്കാന്‍ ഉത്തരവിട്ട തൃശൂര്‍ നികുതി ഐ ബി ഓഫീസറാണ്. ആ ഉദ്യോഗസ്ഥന്‍ സ്ഥാനക്കയറ്റം കിട്ടി പോയ ഒഴിവില്‍ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിച്ച് ആ പഴുതും അടച്ചിട്ടുണ്ട്. നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിന് നികുതിച്ചോര്‍ച്ച തടയണമെന്ന് പ്രത്യേക ഉത്തരവിറക്കിയ ധനവകുപ്പ് തന്നെയാണ് പൊതുഖജനാവിലെത്തേണ്ട തുക വേണ്ടെന്ന് വെച്ച് നികുതി വെട്ടിപ്പുകാര്‍ക്കനുകൂലമായ നിലപാടെടുത്തിരിക്കുന്നത്.