മലപ്പുറത്ത്‌ ബസ് ബൈക്കില്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു

Posted on: November 4, 2013 1:41 am | Last updated: November 4, 2013 at 1:42 am

മലപ്പുറം: മക്കരപ്പറമ്പ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. കൂടെ സഞ്ചരിച്ചിരുന്ന കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. രാമപുരം വലിയകുളം തയ്യില്‍ സ്വാദിഖ് (25), ഭാര്യ സാലിമ (19) എന്നിവരാണ് മരിച്ചത്. ഇവരുടെ മകള്‍ മിന്‍ഹ (രണ്ട്), സ്വാദിഖിന്റെ സഹോദരി മുംതാസിന്റെ മകള്‍ ഷഹ്‌ന (അഞ്ച്) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
പെരിന്തല്‍മണ്ണയില്‍ നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഏതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിനെ വലിച്ചിഴച്ച് ഇരുപത് മീറ്ററോളം മുന്നോട്ടു പോയാണ് ബസ് നിന്നത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബസ് തകര്‍ത്തു. ഒരു മണിക്കൂറോളം പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ ഗതാഗതം മുടങ്ങി. മുഹമ്മദ് ഹനീഫയാണ് സ്വാദിഖിന്റെ പിതാവ്. മാതാവ്: ആഇശ.