അവനവനിസ്റ്റ് രാഷ്ട്രീയത്തിന്റെ അമ്പത് വര്‍ഷങ്ങള്‍

Posted on: November 4, 2013 6:00 am | Last updated: November 4, 2013 at 1:03 am

KM-Mani-Malayalamnewsസത്യക്രിസ്ത്യാനികളുടെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസില്‍ ”പിതാവും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി”എന്ന ത്രിത്വാരാധന പണ്ടേ നിലവിലുള്ളതായിരുന്നു. തുടക്കത്തില്‍ ഇതു കെ എം ജോര്‍ജ്, കെ എം മാണി, ആര്‍ ബാലകൃഷ്ണ പിള്ള എന്നിങ്ങനെ ആയിരുന്നെങ്കില്‍ ഇപ്പോഴത് കെ എം മാണി, ജോസ് കെ മാണി, പി ജെ ജോസഫ് എന്നാണവസ്ഥ. ഇവരില്‍ പി ജെ ജോസഫിനെ തട്ടിമാറ്റി ആ സ്ഥാനം കൈവശപ്പെടുത്താനുള്ള നിഗൂഢ ലക്ഷ്യവുമായാണ് പി സി ജോര്‍ജ് അങ്ങോട്ട് ചേക്കേറിയത്. ഇത് മറ്റാരേക്കാളും നന്നായി അറിയാവുന്നത് കെ എം മാണിക്ക് തന്നെയാണ്. ഇതിനെതിരു നിന്നാല്‍ ജോസ് മോനെ തള്ളിമാറ്റി ജോര്‍ജ് തന്നെ രണ്ടാം സ്ഥാനം സ്വന്തമാക്കിയെന്നുവരും. ആര്‍ക്കറിയാം അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന കേരളത്തിന്റെ ഈ സ്വന്തം പാര്‍ട്ടിയില്‍ എന്തൊക്കെയാണ് നടക്കാന്‍ പോകുന്നതെന്ന്?
തമ്മിലടി മൂത്ത് എന്തൊക്കെയോ സംഭവിക്കുമെന്നു പ്രതീക്ഷിച്ചിരുന്നവരെ നിരാശപ്പെടുത്തിക്കൊണ്ട് കണ്ണൂര്‍ മാര്‍ക്‌സിസ്റ്റുകാരുടെതെന്ന് പറയപ്പെടുന്ന കല്ല് കൊണ്ട് ഉമ്മന്‍ ചാണ്ടിയുടെ നെറ്റിയില്‍ പോറലേല്‍ക്കുകയും മെഡിക്കല്‍ കോളജില്‍ ‘വിദഗ്ധ ചികിത്സ’ തേടുകയും ചെയ്ത സംഭവം ഉണ്ടായി. (പഴയ യൂത്ത് കോണ്‍ഗ്രസ് സ്‌കൂളില്‍ പെട്ട ഉമ്മന്‍ ചാണ്ടിക്കും അനുയായികള്‍ക്കും അവരുടെ കോളജ് ജീവിത കാലം മുതല്‍ നെറ്റിയിലൊട്ടിച്ച ബാന്‍ഡേജ് തിരഞ്ഞെടുപ്പ് വിജയത്തിനുള്ള എന്‍ ഒ സി ആയിരുന്നു. എത്രയെത്ര കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പുകളാണ് ഈ പഴയ കെ എസ് യുക്കാര്‍ ഇല്ലാത്ത മുറിവുകള്‍ക്കു വല്ലാത്ത കെട്ടുകള്‍ കെട്ടി വിജയിച്ചിരിക്കുന്നത്!)
കഴിഞ്ഞ അമ്പത് വര്‍ഷം കൊണ്ട് കെ എം മാണി സാര്‍ ഒറ്റക്ക് വികസിപ്പിച്ചെടുത്ത അധ്വാനവര്‍ഗ പ്രത്യയശാസ്ത്രം കാറല്‍ മാര്‍ക്‌സും പിന്നീട് ലെനിനും മാവോയും ഡാങ്കേയും ഇ എം എസും ഒക്കെ ചേര്‍ന്ന് വികസിപ്പിപ്പിച്ചെടുത്ത തൊഴിലാളി വര്‍ഗ പ്രത്യയശാസ്ത്രം പോലെ അത്ര ലളിതമൊന്നുമല്ല. കോട്ടയത്തെയും കോഴഞ്ചേരിയിലേയും പുഞ്ഞാറ്റിലേയും ഒക്കെ ഒട്ടേറെ ബുദ്ധിജീവികള്‍ മിനക്കെട്ടിരുന്നു ഗവേഷിച്ചിട്ടും ഇതുവരെ ഒരു പി എച്ച് ഡി പ്രബന്ധം പോലും എഴുതാന്‍ കഴിയാത്തത്ര സങ്കീര്‍ണമാണീ സാധനം.
അധ്വാനവര്‍ഗ സിദ്ധാന്തം എന്ന പൈങ്കിളി കഥ ഈ പ്രത്യയശാസ്ത്രം, പ്രത്യയശാസ്ത്രം എന്നു പറയുന്നത് പലരും ധരിച്ചുവെച്ചിരിക്കുന്നതു പോലെ കമ്മ്യൂണിസ്റ്റുകാരുടെ കുത്തകയൊന്നുമല്ല. കമ്മ്യൂണിസം ആവിര്‍ഭവിക്കുന്നതിനും എത്രയോ കാലം മുമ്പ് തന്നെ ഫ്രാന്‍സിലെ ബുദ്ധിജീവികള്‍ ഈ വാക്ക് കൊണ്ട് വോളീബോള്‍ കളിച്ചിരിക്കുന്നു. ഈ ദൃശ്യപ്രപഞ്ചത്തെ വിശദീകരിക്കുന്നതിനും മാറ്റി മറിക്കുന്നതിനും ശ്രമിക്കുന്ന ആശയസംഹിത എന്നാണ് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ഈ വാക്കിനെ നിര്‍വചിച്ചിരിക്കുന്നത്. 1796ല്‍ ഫ്രഞ്ച് എഴുത്തുകാരനായ എ എല്‍ സി ഡെസ്റ്റഡ്ഡ് ഡിട്രാസി (1754-1836)ആവിഷ്‌കരിച്ച ആശയശാസ്ത്രത്തിന്റെ ലേബലായിട്ടാണ് ഈ പദം ആദ്യമായി ഉപയോഗത്തില്‍ വന്നത്. സമൂഹത്തെ സംബന്ധിക്കുന്ന ഏറെക്കുറെ സമഗ്രമായ സൈദ്ധാന്തിക രാഷ്ട്രീയ പദ്ധതി എന്നൊക്കെ പറഞ്ഞാല്‍ മറ്റാര്‍ക്കും മനസ്സിലായില്ലെങ്കിലും മാണി കോണ്‍ഗ്രസുകാര്‍ക്ക് വേഗം മനസ്സിലാകും. അവര്‍ എത്രയോ തവണ ചരല്‍ക്കുന്നിലും കുമരകത്തും ഒക്കെ ഒത്തുകൂടി അണ്ടിപ്പരിപ്പും കൊറിച്ചു ബിയര്‍ പാനം ചെയ്യുന്നതിനിടയില്‍ ഈ വക വിഷയങ്ങള്‍ കുലങ്കുഷമായി ചര്‍ച്ച ചെയ്തിരിക്കുന്നു.
ഒരു പ്രത്യയശാസ്ത്ര പദ്ധതി നടപ്പിലാക്കുന്നതിന് അനിവാര്യമായ ഒരു പ്രചോദന സമരത്തിന്, അതിന് സജ്ജമാക്കപ്പെട്ട പ്രതിജ്ഞാബദ്ധരായ ഒരനുയായിവൃന്ദം, ധിഷണാപരമായ നേതൃത്വം ഇതൊക്കെ ആവശ്യമാണെന്നും ഫ്രഞ്ച് ചിന്തകര്‍ എഴുതിയിരിക്കുന്നു. ജനാധിപത്യപരവും യുക്തിസഹവും ശാസ്ത്രീയവുമായ ഒരു സമൂഹം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പുതിയ പ്രത്യയശാസ്ത്ര പദ്ധതികള്‍ കരുപ്പിടിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരെ ആദ്യമൊക്കെ സ്വപ്‌നദര്‍ശികള്‍ എന്നു പരിഹസിക്കാനും പ്രത്യയശാസ്ത്രം എന്നാല്‍ അങ്ങാടിമരുന്നോ പച്ചമരുന്നോ എന്ന നിശ്ചയമില്ലാത്ത യഥാതഥാ വാദികള്‍ മുതിരുകയുണ്ടായി. നെപ്പോളിയനായിരുന്നു അവരില്‍ മുമ്പന്‍. പക്ഷേ ഇത്തരക്കാര്‍ക്ക് അധികം ആയുസ്സുണ്ടായില്ല. രാഷ്ട്രീയ അധികാരം ഒരു ശക്തിസ്രോതസ്സായി അംഗീകരിക്കപ്പെട്ടതോടെ ചില വിശ്വാസടെയോ പിന്‍ബലമില്ലാതെ അധികാരം കൈയടക്കുന്നതിലെ അധാര്‍മികത പരക്കെ വിമര്‍ശിക്കപ്പെട്ടു. അതോടെ പ്രത്യയശാസ്ത്രം എന്ന പദം കൂടുതല്‍ മഹത്വവത്കരികപ്പെട്ടു.
കഴിഞ്ഞ 50 വര്‍ഷത്തെ കേരളാ കോണ്‍ഗ്രസിന്റെ ചരിത്രം കേരളത്തിലെ മറ്റ് മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ പ്രത്യേകിച്ചും കോണ്‍ഗ്രസിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുമൊക്കെ അമ്പതിലും കൂടുതല്‍ വര്‍ഷത്തെ ചരിത്രമുണ്ടെങ്കിലും കഴിഞ്ഞ 50 വര്‍ഷങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പൊതുവിലും കേരളത്തില്‍ പ്രത്യേകിച്ചും രാഷ്ട്രീയ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതി പൂര്‍ത്തീകരിക്കുകയായിരുന്തനില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി വഹിച്ച നേതൃത്വപരമായ പങ്ക് ഒരു ചരിത്രകാരനും എഴുതിത്തള്ളാന്‍ കഴിയില്ല.
സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ പ്രത്യയശാസ്ത്ര സങ്കല്‍പ്പങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇന്ത്യയിലാകമാനം വേരൂന്നിയ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പടിപടിയായി എല്ലാ പ്രത്യയശാസ്ത്രങ്ങളും കൈയൊഴിഞ്ഞു തുടങ്ങിയ കാലഘട്ടം ആയിരുന്നു. കേരള കോണ്‍ഗ്രസ് എന്ന ശിശു ജന്മമെടുത്ത 1963. കോണ്‍ഗ്രസില്‍ നേതൃത്വത്തെച്ചൊല്ലി ഉയര്‍ന്നുവന്ന തമ്മിലടിയുടെയും സാമുദായികമായ വിലപേശലുകളുടെയും ഫലമായി കോണ്‍ഗ്രസ് തറവാട്ടില്‍ തന്നെ പിറന്നുവീണ നവജാത ശിശുവായിരുന്നു അത്.
മതവും മന്നവും മനോരമയും അടങ്ങിയ മകാര ത്രിത്വങ്ങള്‍ ഒന്നുചേര്‍ന്നു നടത്തിയ വിമോചന സമരം എന്ന പാപത്തിന്റെ ആദ്യ സന്താനമായിരുന്നു കേരളാ കോണ്‍ഗ്രസ്. അതുവരേയും കേരളം കണ്ടിട്ടില്ലാത്ത പല നൂതന ശൈലികളും കേരളത്തിന്റെ രാഷ്ട്രീയരംഗത്ത് അരങ്ങേറ്റം നടത്തി. സാമുദായികാടിസ്ഥാനത്തില്‍ സ്ഥാനമാനങ്ങള്‍ക്കായി നടത്തുന്ന വിലപേശല്‍, അഴിമതി സ്വജനപക്ഷപാതം നിലപാടുകളിലെ മലക്കം മറിച്ചിലുകള്‍ ഇതൊക്കെ പോയ 50 വര്‍ഷത്തെ നമ്മുടെ അനുഭവസമ്പത്തുകളാണ്. ഇതിനെല്ലാം കൂടി പ്രത്യയശാസ്ത്ര വിവക്ഷയുള്ള മാന്യമായ വല്ല പേരും നല്‍കണമെങ്കില്‍ ‘അവനവനിസ്റ്റ് പ്രത്യയശാസ്ത്രം എന്നു വിളിക്കാവുന്നതാണ്. സോഷ്യലിസത്തേക്കാളും കമ്മ്യൂണിസത്തേക്കാളും ഒക്കെ ഇന്ന് മാര്‍ക്കറ്റുള്ളത് അവനവനിസത്തിനാണ്. കൊടിയുടെ നിറം എന്തായാലും പാര്‍ട്ടിയുടെ പേര് എന്തായാലും സമുദായം ഏതു തന്നെ ആയാലും പാര്‍ട്ടിയുടെ പേര് എന്തായാലും ഏറെക്കുറെ എല്ലാ കാര്യങ്ങളിലും അവനവനിസ്റ്റുകള്‍ക്കു പരസ്പരം യോജിപ്പാണ്. നമ്മുടെ സ്വന്തം കാര്യം കഴിഞ്ഞുമതി മറ്റു കാര്യങ്ങള്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇന്ന് ഏകാഭിപ്രായമുള്ള പ്രേതാരാധനക്ക് കേരളത്തില്‍ തുടക്കം കുറിച്ചതിന്റെ പിതൃത്വം കേരള കോണ്‍ഗ്രസുകാര്‍ക്കു അവകാശപ്പെട്ടത് ആയിരുന്നു.
ശവസംസ്‌കാരത്തിലേക്ക് പരിണമിച്ച കേരള സംസ്‌കാരം മരിക്കുന്ന നിമിഷം വരെയും കറ തീര്‍ന്ന കോണ്‍ഗ്രസുകാരനായ പി ടി ചാക്കോയുടെ കബറിടം സ്ഥിതിചെയ്യുന്ന എളംകുളം പള്ളിയുടെ ശവക്കോട്ടയില്‍ നിന്നാണ് കേരളാ കോണ്‍ഗ്രസ് ആദ്യകാല ഊര്‍ജം സംഭരിച്ചത്. ചാക്കോയുടെ കബറിടത്തില്‍ പുഷ്പാര്‍ച്ചനയും അവിടുന്നു കൊളുത്തിയ ദീപശിഖാ പ്രയാണവും ആയി സഞ്ചരിച്ചുകൊണ്ടാണ് റോമന്‍ കത്തോലിക്കാ കേന്ദ്രങ്ങളില്‍ ഈ പാര്‍ട്ടി സ്വാധീനം ഉറപ്പിച്ചത്. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, ഒക്കെ സ്ഥാപിച്ചു ജനസേവന രംഗത്തു മുഴുകിയിരുന്ന ക്രിസ്ത്യന്‍ മിഷനറിമാരെ ആ രംഗത്തുനിന്നും വഴിതിരിച്ചുവിട്ട് അവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ലാഭാധിഷ്ഠിത വാണിജ്യത്തിലേക്കു നയിച്ചതും ഈ പാര്‍ട്ടി അവരുമായി ചങ്ങാത്തം സ്ഥാപിച്ചതോടെ ആയിരുന്നു.

ഡെമോക്രസി = ഹിപ്പോക്രിസി

‘എന്തിന് മരിച്ചടക്ക് മാത്രമല്ല പാലുകാച്ചലും കെട്ടുകല്യാണവും അതാരുടെതായാലും വേണ്ടില്ല ക്ഷണം കിട്ടിയാല്‍ പോയേ മതിയാകൂ’ എന്ന് പറഞ്ഞ് ഫലിപ്പിക്കുകയായിരുന്നല്ലോ ശാലു മേനോനോടൊത്തുള്ള ചില സംസ്ഥാന കേന്ദ്ര മന്ത്രിമാരുടെ പാലു കുടിയുടെയും കരിക്കുകുടിയുടെയും ഒക്കെ പരിഹാസ്യമായ ചിത്രങ്ങള്‍ പത്രങ്ങളില്‍ അച്ചടിച്ചുവന്നപ്പോള്‍ പറഞ്ഞു കേട്ട ന്യായം. പ്രത്യയശാസ്ത്രങ്ങള്‍ പിന്‍മടങ്ങിയ ഒഴിവില്‍ രംഗം കീഴടക്കിയത് ശുദ്ധ പ്രകടനപരതയും നിറഞ്ഞ കാപട്യവും ആണ്. ഡെമോക്രിസി = ഹിപ്പോക്രസി എന്ന ഒരു സമവാക്യം തന്നെ രൂപപപ്പെട്ടു. എത്ര നാണംകെട്ടും പണം ഉണ്ടാക്കിയാല്‍ പണം ആ നാണക്കേട് പോക്കിക്കൊള്ളുമെന്ന തത്വമാണ് കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ ബോധ്യപ്പെടുത്തിയ ഒരേ ഒരു കാര്യം.
രാഷ്ട്രീയം തനി വേഷം കെട്ടലും അവസരങ്ങളെ അനുകൂലമായി ഉപയോഗിക്കുന്ന കലയുമാണെന്ന തരത്തില്‍ യുവജനങ്ങളെ ബോധവത്കരിക്കുന്നു. ഓരോ പരിപാടിക്കും മാറി മാറി ധരിക്കാന്‍ വെളുത്ത ഖദര്‍ കുപ്പായങ്ങളുടെ പെട്ടിയുമായി ഊരുചുറ്റുന്നത് പോകട്ടെ; കഴുത്തില്‍ ചുറ്റി സ്വന്തം വിയര്‍പ്പൊപ്പാനുള്ള ഷാളായി കോണ്‍ഗ്രസ് പതാകക്കു പരിണാമം വരുത്തിയതും പോട്ടെന്ന് വെക്കാം. പണ്ടെങ്ങോ ആരോ പാടത്തു കാള പൂട്ടിയിരുന്ന കാലത്ത് തലയില്‍ ചൂടിയിരുന്ന പാളത്തൊപ്പിയുടെ വികൃതാനുകരണങ്ങള്‍ നിര്‍മിച്ച് തലയില്‍ ചൂടി ചായം തേച്ചു കറുപ്പിച്ച തലമുടിയും മേല്‍മീശയും ആയി നിത്യഹരിത നേതാവായി ക്യാമറക്ക് പോസ് ചെയ്യുന്ന നേതാക്കളെ കാണുമ്പോള്‍ നമുക്കൊന്നും ഓക്കാനം വരുന്നില്ലെന്നത് ഒരപകട സൂചനയാണ്.
പിളരും തോറും വളരാനും വളരും തോറും പിളരാനും ഉള്ള എല്ലാ സാധ്യതകളും എല്ലാ പാര്‍ട്ടികള്‍ക്കും മുമ്പില്‍ തുറന്നുകിടക്കുന്നു. ടൂത്ത് പേസ്റ്റിന്റെ പരസ്യത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ എപ്പോഴും മുഖത്ത് പുഞ്ചിരി വേണം. കഴുത്തില്‍ കുറഞ്ഞത് അഞ്ച് പവനെങ്കിലും തൂക്കം വരുന്ന ഒരു സ്വര്‍ണത്തുടല്‍ ധരിച്ചിരിക്കണം. ഇതൊക്കെയാണ് ജനപ്രിയ നേതാവിനെ കുറിച്ച് മലയാള മനസ്സ് സ്വരൂപിച്ചിരിക്കുന്ന സങ്കല്‍പ്പ ചിത്രം. ഗുരുവായൂര്‍ തുലാഭാരം തൂങ്ങുന്നത് ഗുരുവായൂരപ്പന്‍ തന്നോളം വരുമോ എന്ന് പരീക്ഷിക്കാന്‍ മാത്രമാണ്. ഭക്തജനം അത് കണ്ട് രോമാഞ്ചം അണിയണം, കോണ്‍ഗ്രസ് അവരുടെ ദേശീയ നേതാവിന്റെ കൈപ്പത്തി എന്ന ചിഹ്നത്തിലേക്ക് പരിണമിച്ചപ്പോള്‍ കേരളാ കോണ്‍ഗ്രസ് കുതിരപ്പുറത്തുനിന്നിറങ്ങി സൈക്കിളില്‍ കയറിയതും അതു പേക്ഷിച്ചപ്പോള്‍ രണ്ടിലകളുമായി ജനങ്ങളെ സമീപിക്കേണ്ടിവന്നതും സാക്ഷാല്‍ ടി എം ജേക്കബിന്റെ കുത്തിത്തിരിപ്പുകള്‍ കാരണമായിരുന്നു. ആ ജേക്കബിന്റെ മകന്‍ ഇപ്പോള്‍ മാണിയുടെ രണ്ടിലകളുടെ തണലില്‍ അഭയം തേടി നാണം മറച്ചിരിക്കുന്നു. ഇതെല്ലാം കാണാനെന്ത് രസം!

[email protected]