Connect with us

Kozhikode

കോര്‍പ്പറേഷനിലെ അഴിമതി: മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴായി; വീണ്ടും സമരമുഖം തുറക്കുന്നു

Published

|

Last Updated

കോഴിക്കോട്: കോര്‍പ്പറേഷനിലെ അഴിമതിക്കേസുകള്‍ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ഉറപ്പ് പാലിക്കണമെന്നും ആവശ്യപ്പെട്ട് അഴിമതി വിരുദ്ധ ക്യാമ്പയിന്‍ കമ്മിറ്റി വീണ്ടും നിരാഹാരസമരം നടത്തുന്നു. കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ വാഗ്ദാനം ഒരു വര്‍ഷമായിട്ടും നടപ്പാകാത്തതിനെ തുടര്‍ന്നാണ് നിരാഹാരസമരവുമായി ഇവര്‍ വീണ്ടും രംഗത്തിറങ്ങുന്നത്.
ഈ മാസം 11ന് വൈകുന്നേരം അഞ്ചു മണി മുതല്‍ അഴിമതി വിരുദ്ധ ക്യാമ്പയിന്‍ കമ്മിറ്റി കണ്‍വീനര്‍ കെ പി വിജയകുമാറാണ് അനിശ്ചിതകാല നിരാഹാരസമരത്തിനിരിക്കുന്നത്. മാനാഞ്ചിറ സെന്‍ട്രല്‍ ലൈബ്രറിക്ക് സമീപമായിരിക്കും സമരം. പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് 2012 നവംബര്‍ 11ന് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ ആനന്ദകനകം നടത്തിയ പത്ത് ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചത്.
2005 ഒക്ടോബര്‍ മുതല്‍ 2012 ഒക്ടോബര്‍ വരെയുളള കാലയളവില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പണിത കെട്ടിടങ്ങളുടെയും ഫഌറ്റുകളുടെയും അനുമതി സംബന്ധിച്ച് അന്വേഷണം നടത്തുമെന്നാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നത്. ഇത് നടപ്പാകാത്തതിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തിന് ശേഷം സമരം ആരംഭിക്കുന്നത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കാന്‍ മന്ത്രി മഞ്ഞളാംകുഴി അലിയെയാണ് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നത്.
സമരസമിതി നേതാക്കള്‍ക്ക് മന്ത്രി ഫോണില്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നിരാഹാരസമരം അവസാനിപ്പിച്ചത്. സമിതി ഭരാവാഹികള്‍ മന്ത്രിയെ കാണുകയും പത്തിലധികം കത്തുകള്‍ അയച്ചിട്ടും മന്ത്രി ഒരിടപെടലും നടത്താതെ പരിഹാസ്യമായ നിലപാടാണ് സ്വീകരിച്ചതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കും മൂന്ന് തവണ പരാതികള്‍ അയച്ചിരുന്നു.
അഴിമതി സംബന്ധിച്ച് 13 കേസുകള്‍ ഇതിനകം കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതി മുഖേന അന്വേഷണത്തിന് ഉത്തരവിട്ട മൂന്ന് ആരോപണങ്ങളില്‍ വിജിലന്‍സ് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരികയാണ്.
അന്വേഷണത്തിന് ഉത്തരവിടണമെന്ന് അപേക്ഷിച്ച എട്ട് ആരോപണങ്ങള്‍ ഉള്‍ക്കൊളളുന്ന ഹരജി കോടതിയുടെ പരിഗണനിയിലാണെന്നും കണ്‍വീനര്‍ കെ പി വിജയകുമാര്‍ പറഞ്ഞു.
ഒരു കേസില്‍ പോലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. തദ്ദേശ സ്വയം ഭരണവകുപ്പ് അഴിമതിക്കാരെ സംരക്ഷിക്കുന്നതായി സംശയമുളളതായി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ പോരാട്ടം തുടരുമെന്നും കുറ്റപത്രം കൊടുത്താലേ പ്രതികളെ അറസ്റ്റ് ചെയ്യുകയുളളൂവന്നും ചെയര്‍പേഴ്‌സണ്‍ അഡ്വ.കെ.ആനന്ദകനകം പറഞ്ഞു. പി ടി ജോണ്‍, ഷൈബു, കെ പി സത്യനാഥന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest