സംഘടനകളും പാര്‍ട്ടികളും പിന്തുണയുമായി രംഗത്ത്; കടയടപ്പ് ഹര്‍ത്താല്‍ ബന്ദായി മാറും

Posted on: November 3, 2013 8:04 am | Last updated: November 3, 2013 at 8:04 am

കല്‍പറ്റ: കൂടുതല്‍ സംഘടനകളും പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചതോടെ, നവംബര്‍ അഞ്ചിന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയില്‍ പ്രഖ്യാപിച്ച കടയടപ്പ് ഹര്‍ത്താല്‍ ബന്ദിന്റെ പ്രതീതി സൃഷ്ടിക്കും.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, സി പി എം, വ്യാപാരി വ്യവസായി സമിതി, ജനതാദള്‍- എസ് ,ബി ജെ പി തുടങ്ങിയവയാണ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രിയാത്ര നിരോധനത്തിന്റെ പേരില്‍ മുന്‍ കര്‍ണാടക ഗവണ്‍മെന്റിനെ വിമര്‍ശിച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. നിലവില്‍ രാത്രിയാത്ര സാധ്യതയുള്ള കാട്ടിക്കുളം- തോല്‍പ്പെട്ടി പാത അടച്ച് ജില്ലയിലെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
ബി ജെ പി അധികാരത്തില്‍ നിന്ന് പോയി കോണ്‍ഗ്രസ് ഭരണത്തിലേറിയിട്ടും ഇതുവരെ ആശാവഹമായ നടപടിയൊന്നും ഇക്കാര്യത്തില്‍ സ്വീകരിക്കാനായിട്ടില്ല.
ഈ സാഹചര്യത്തില്‍ ഹര്‍ത്താലിന് പിന്തുണ നല്‍കണമെന്നാണ് ബി ജെ പിക്കുള്ളിലുയര്‍ന്നിരിക്കുന്ന ആവശ്യം. ഇതിനിടെ, സര്‍വമേഖലയിലുമുള്ള സി പി എമ്മിന്റെ ബഹുജന സംഘടനകള്‍ ഹര്‍ത്താലിനോട് സഹകരിക്കുമെന്ന് സി പി എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ പറഞ്ഞു.
പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കുന്നതോടെ ഓട്ടോ-ടാക്‌സി സര്‍വീസുകള്‍ ഭാഗീകമാകും.
ഇതിനു പുറമെ സ്വകാര്യ ബസ് സര്‍വീസുകളും കൂടി നിലക്കുമ്പോള്‍ കേവലം കടയടപ്പ് സമരത്തിനുപരി അത് ബന്ദിന്റെ ഫലം ചെയ്യും.
വയനാടിനെ ആശങ്കയിലാഴ്ത്തുന്ന വനം- പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍, രാത്രിയാത്രാ നിരോധനം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരി വ്യ്വസായി ഏകോപന സമിതി കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വയനാടന്‍ ജനതയുടെ വികാരം മനസിലാക്കിയാണ് ഹര്‍ത്താലിന് പിന്തുണ നല്‍കുന്നതെന്ന് ജനതാദള്‍- എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ജോയി പറഞ്ഞു.
ജില്ലയുടെ നീറുന്ന പ്രശ്‌നങ്ങളില്‍ ഒത്തൊരുമിച്ചുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായണ് ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നതെന്ന് സി പി എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
രാത്രിയാത്ര നിരോധനം നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് നേരത്തെതന്നെ സി പി എം ആവശ്യപ്പെട്ടതാണ്. എന്നാല്‍ കേന്ദ്രന്ദസംസ്ഥാന സര്‍ക്കാരുകള്‍ ഇതിനുള്ള നടപടികള്‍ സ്വീകരിച്ചില്ല. ജില്ലയെ പ്രതിനിധാനം ചെയ്യുന്ന എംപിയും എംഎല്‍മാരും ഈ ആവശ്യത്തോട് മുഖം തിരിച്ചു.
ഇപ്പോള്‍ രാത്രിയാത്രക്കുള്ള ഏക ആശ്രയമായ കാട്ടിക്കുളം തോല്‍പ്പെട്ടി റോഡും അടക്കാനുള്ള നീക്കം നടത്തുകയാണ്.
ജില്ല പൂര്‍ണ്ണമായി ഒറ്റപ്പെടുന്ന സാഹചര്യമായിട്ടും സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.
യോജിച്ചുള്ള കൂടുതല്‍ സമരങ്ങള്‍ക്ക് സി പി എം നേതൃത്വം നല്‍കുമെന്നും ജില്ലാ സെക്രട്ടറിയറ്റ് അറിയിച്ചു.