ആന്ധ്രയില്‍ ട്രെയിന്‍ ഇടിച്ച് 10 മരണം

Posted on: November 3, 2013 1:26 am | Last updated: November 3, 2013 at 8:44 am

andhra_mishap360x270വിജയനഗരം (ആന്ധ്രാ പ്രദേശ്): ആന്ധ്രാപ്രദേശിലെ വിജയനഗരത്തില്‍ ട്രെയിന്‍ ഇടിച്ച് പത്ത് പേര്‍ മരിച്ചു. പന്ത്രണ്ട് പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ആലപ്പുഴ – ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്നിറങ്ങിയ യാത്രക്കാരുടെ മേല്‍ പാസഞ്ചര്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
അതിര്‍ത്തി നഗരമായ വിജയനഗരത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ദൂരെയുള്ള ഗോട്‌ലം റെയില്‍വേ സ്റ്റേഷനില്‍ രാത്രി 6.50നാണ് അപകടമുണ്ടായത്. ട്രെയിനിന്റെ ഏതാനും കോച്ചുകള്‍ക്ക് തീപിടിച്ചുവെന്ന അഭ്യൂഹം കേട്ട് ചങ്ങല വലിച്ച് വണ്ടി നിര്‍ത്തി പാളത്തിലേക്ക് ഇറങ്ങിയ യാത്രക്കാരെ അടുത്ത ട്രാക്കിലൂടെ കടന്നുപോയ റായഗഡ- വിജയവാഡ പാസഞ്ചര്‍ ഇടിക്കുകയായിരുന്നു. എ സി കംപാര്‍ട്ട്‌മെന്റിന് ഇരുവശത്തുമായുള്ള എസ് 1, ജനറല്‍ കംപാര്‍ട്ട്‌മെന്റുകളിലെ യാത്രക്കാരാണ് ചങ്ങല വലിച്ചത്. ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസിന് ഇവിടെ സ്റ്റോപ്പില്ല. പത്ത് പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ വിജയനഗരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അഡീഷനല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍, ജില്ലാ കലക്ടര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി, പരുക്കേറ്റവര്‍ക്ക് എല്ലാവിധ ചികിത്സയും ഉറപ്പ് വരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.