Connect with us

Kerala

സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശം; മങ്കടയെ ജമാഅത്തെ ഇസ്‌ലാമി കൈവിട്ടു

Published

|

Last Updated

തിരുവനന്തപുരം: സംഘടനയിലെ യുവ വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ആരോപണവിധേയനായ ജമാഅത്തെ ഇസ്‌ലാമി ശൂറാ അംഗവും മുഖ്യ പ്രഭാഷകനുമായിരുന്ന പാളയം ഇമാം മങ്കട ജമാലുദ്ദീന്‍ മൗലവിയെ ഒടുവില്‍ ജമാഅത്തെ ഇസ്‌ലാമി കൈവിട്ടു. ആരോപണവിധേയനായ മങ്കട മൗലവിയെ സംരക്ഷിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ഘടകത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഒരു വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് നിര്‍ബന്ധിതാവസ്ഥയില്‍ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വന്നത്. സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് നടപടി നേരിട്ട മൗലവിയെ തല്‍സ്ഥാനത്ത് നിലനിര്‍ത്താന്‍ സംഘടനാ സംസ്ഥാന ഘടകത്തിന്റെ പ്രത്യേക താത്പര്യ പ്രകാരം ജില്ലാഘടകം മുന്‍കൈയെടുത്ത് ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി മുന്നോട്ട് വന്നിരുന്നു. ഇത് പൂര്‍ണമായി വിജയിക്കാതെ വന്നതോടെയാണ് രഹസ്യ വിവാഹം നടത്തേണ്ടി വന്നതും ഇത് നടപടിക്കിടയാക്കിയതും. എന്നാല്‍ നടപടി നേരിട്ട മൗലവിയെ തത്കാലം മാറ്റി നിര്‍ത്തി പിന്നീട് തിരികെ കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിശ്വാസികള്‍ ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. ഇമാമിനെ പുറത്താക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. മഹല്ല് ജമാഅത്ത് കമ്മിറ്റിയിലെയും ഭൂരിപക്ഷവും ഇതേ അഭിപ്രായക്കാരായിരുന്നു.
വ്യക്തിപരമായ കാരണങ്ങളാല്‍ ഇമാം രാജിവെച്ചുവെന്ന് ഔദ്യോഗികമായി പറയുമ്പോഴും വഹിക്കുന്ന ഉന്നത പദവിക്ക് യോജിക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വിശദീകരണം മൗലവിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ്. ഇതിനിടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ ചുമതലപ്പെടുത്തി പ്രശ്‌നത്തിന്റെ ഗൗരവം കുറക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും ഇതും വിജയിച്ചില്ല. ഇതോടെയാണ് സംഘടനാ ചുമതലകളില്‍ നിന്നും അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നത്. മൗലവിയെ സംരക്ഷിക്കാന്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ജമാഅത്തെ ഇസ്‌ലാമിക്കാരനായ പാളയം മഹല്ല് സെക്രട്ടറിക്കെതിരെയും നടപടി വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
സംഭവം പരസ്യമായിട്ടും മൗലവിക്കെതിരെ നടപടി വൈകിയതില്‍ പ്രതിഷേധിച്ച് ജമാഅത്തെ ഇസ്‌ലാമിയിലെ യുവ വിഭാഗം പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ഒരു വിഭാഗം ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ പാളയം പള്ളിക്കുമുന്നില്‍ ബഹളം വെച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജമാഅത്തെ ഇസ്‌ലാമിയില്‍ ഭിന്നത രൂക്ഷമായതോടെയാണ് മൗലവിയെ സംരക്ഷിക്കാനുള്ള നടപടിയില്‍ നിന്ന് പിന്മാറി സംഘടനാ നേതൃത്വത്തിന് അച്ചടക്ക നടപടിയിലേക്ക് കടക്കേണ്ടി വന്നത്. ഇതിനിടെ വിധവയായ ഒരു യുവതിക്ക് ജീവിതം നല്‍കുകയായിരുന്നു മൗലവിയെന്നാണ് ജമാഅത്ത് നേതൃത്വം വിശദീകരിച്ചിരുന്നത്. അതിലൂടെ മൗലവിക്ക് ഒരു രക്ഷകപരിവേഷം നല്‍കാനും വിഫലശ്രമം നടത്തിയിരുന്നു. ഇതിനായി വിവാദമായ രഹസ്യ വിവാഹം നടന്നത് രണ്ട് വര്‍ഷം മുമ്പാണെന്നാണ് അവര്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം 20നാണ് വിവാഹം നടന്നതെന്ന് നിക്കാഹ് നടത്തിക്കൊടുത്ത പാച്ചല്ലൂര്‍ മഹല്ലിലെ ജമാഅത്ത് സെക്രട്ടറി സ്ഥിരീകരച്ചതോടെ ഈ വാദം പൊളിയുകയായിരുന്നു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന നേതൃത്വത്തിന്റെ ഒത്താശയോടെയായിരുന്നു രഹസ്യ നിക്കാഹ് നടന്നത്. അതേസമയം വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തയാളെ പാളയം പള്ളി ഇമാമായി നിയമിക്കണമെന്നാണ് വിശ്വാസികളുടെ പൊതുവികാരം. എന്നാല്‍ ഇത് മറികടന്ന് ജമാഅത്തെ ഇസ്‌ലാമിക്കാരനെ തന്നെ ഇമാമായി കൊണ്ടുവരാനുള്ള അണിയറ നീക്കങ്ങളുമായി മുന്നോട്ടു നീങ്ങുന്നതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാത്തയാളെ ഇമാമായി കൊണ്ടുവരണമെന്നാണ് വിശ്വാസികളില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

---- facebook comment plugin here -----

Latest