വെടിക്കെട്ട് മത്സരത്തില്‍ ഇന്ത്യക്ക് 57 റണ്‍സ് ജയം; പരമ്പര

Posted on: November 2, 2013 10:26 pm | Last updated: November 2, 2013 at 10:57 pm
faulkner
ഫോള്‍ക്‌നറിന്റെ ബാറ്റിംഗ്

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ദീപാവലി ദിനത്തില്‍ നടന്ന മത്സരിച്ചുള്ള വെടിക്കെട്ട് കളിയില്‍ ഇന്ത്യക്ക് 57 റണ്‍സിന്റെ ആവേശോജ്ജ്വല ജയം. രോഹിത്ത് ശര്‍മയുടെ ഇരട്ട ശതകത്തിന്റെ (209)  (Read: രോഹിത്തിന് ഡബിള്‍; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍-383/6) പിന്‍ബലത്തില്‍ ഇന്ത്യ നേടിയ 384 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ആസ്‌ത്രേലിയയെ ജയിംസ് ഫോള്‍ക്‌നറും ഗ്ലെന്‍ മാക്‌സ്വെലും നടത്തിയ ഉജ്ജ്വല പ്രകനത്തിലൂടെ കരക്കെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും മുന്‍ ചാമ്പ്യന്‍മാര്‍ 45.1 ഓവറില്‍ 326 റണ്‍സിന് കീഴടങ്ങുകയായിരുന്നു. 73 പന്തില്‍ 117 രണ്‍സ് നേടി അവസാന വിക്കറ്റ് വരെ പൊരുതിയ ഫോള്‍ക്‌നര്‍ ശിഖര്‍ ധവാന് ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ഏഴ് മത്സരങ്ങളടങ്ങിയ പരമ്പര 3-2നാണ് ഇന്ത്യ നേടിയത്. രണ്ട് മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കുവേണ്ടി ഏകദിനത്തിലെ ഡബിള്‍ സെഞ്ച്വറി നേടിയ കളിക്കാരുടെ നിരയിലേക്ക് രോഹിത്ത് ശര്‍മ വെടിക്കട്ടുതിര്‍ക്കുകയായിരുന്നു. ഇരട്ടസെഞ്ച്വറിനേടിയ മറ്റ് രണ്ട് കളിക്കാരു ഇന്ത്യക്കാര്‍ തന്നെയാണ്. – സെവാഗും (219) സച്ചിനും (200).

 

sharma
ഇരട്ട സെഞ്ച്വറി നേടിയ രോഹിതിന്റെ ആഹ്ലാദം

ടോസ് നേടി ആസ്‌ത്രേലിയ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. 158 പന്തിലായിരുന്നു രോഹിത്ത് 209 റണ്‍സ് അടിച്ചെടുത്തത്. 16 സിക്‌സും 12 ഫോറുമാണ് രോഹിത്ത് നേടിയത്. ഏകദിന ഇന്നിംസില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ അടിച്ച റെക്കോര്‍ഡ് രോഹിത്ത് ശര്‍മ സ്വന്തമാക്കി. രോഹിത്തിന് മികച്ച പിന്തുണയുമായി ക്യാപ്റ്റന്‍ ധോണിയും ക്രീസിലുണ്ടായിരുന്നു. ഈ കൂട്ടുകെട്ട് 94 പന്തില്‍ 167 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ധോണി 38 പന്തില്‍ നിന്ന് 62 റണ്‍സ് നേടി. ഇന്നത്തെ പ്രകടനത്തോടെ ഈ കലണ്ടര്‍ വര്‍ഷം 1000 റണ്‍സെന്ന നാഴികക്കല്ല് രോഹിത് പിന്നിട്ടു.

തകര്‍ച്ചയോടെ തുടങ്ങിയ ആസ്‌ത്രേലിയ പിന്നീട് കത്തിക്കയറുകയായിരുന്നു. 22 പന്തില്‍ 60 രണ്‍സെടുത്ത മാക്‌സ്വെല്‍ ആണ് ആദ്യം ആസ്‌ത്രേലിയക്ക് പ്രതീക്ഷ നല്‍കിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ചാണ് മാക്‌സവെല്‍ തുടങ്ങിയത്. മാക്‌സവെല്‍ പുറത്തായപ്പോള്‍ പിന്നീട് വന്ന വാട്‌സണും പ്രതീക്ഷ നല്‍കി. എന്നാല്‍ ഫോള്‍ക്‌നറിന്റെ ബാറ്റിംഗ് ഇന്ത്യയെ ഞെട്ടിക്കുന്നതായിരുന്നു.