Connect with us

Malappuram

വെറ്റിലകൊല്ലി സ്വയം പര്യാപ്തമാവുന്നു; വിദഗ്ധ സംഘം കോളനി സന്ദര്‍ശിച്ചു

Published

|

Last Updated

നിലമ്പൂര്‍: വെറ്റില കൊല്ലിയിലെ ആദിവാസി കോളനിയെ സ്വയം പര്യാപ്തമാക്കുന്നതിന് മുന്നോടിയായുള്ള വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ചു.
സാധ്യമായ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി നബാര്‍ഡ്-കനറാ ബേങ്ക് പ്രതിനിധികള്‍ കോളനി സന്ദര്‍ശിച്ചു. ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം.
അങ്കണവാടികളില്ലാത്ത വെറ്റിലകൊല്ലിയില്‍ ജന്‍ ശിക്ഷന്‍ സംസ്ഥാന്റെ കീഴില്‍ പഠന കേന്ദ്രം ആരംഭിക്കാനും ഒരു വര്‍ഷത്തേക്ക് താത്കാലികാടിസ്ഥാനത്തില്‍ അധ്യാപികയെ നിയമിക്കാനും തീരുമാനിച്ചു. കോളനികളിലെ സ്ത്രീകള്‍ക്ക് സ്വയം-തൊഴില്‍ പരിശീലനം നല്‍കുന്നതോടൊപ്പം വന വിഭവങ്ങളില്‍ നിന്നും ഗുണമേന്മയുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂനിറ്റ് തുടങ്ങാനും പദ്ധതി രൂപവത്കരിക്കും.
നബാര്‍ഡ് ജില്ലാ വികസന ഓഫീസര്‍ കെ പി പത്മകുമാര്‍, ലീഡ് ബേങ്ക് ഡിസ്ട്രിക്റ്റ് മാനെജര്‍ എം പി സത്യനാരായണന്‍, സുബ്ബറാവു പൈ, സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ഡയറക്ടര്‍ ഡോ. സണ്ണി ഫിലിപ്പ്, ഡി ടി പി സി സെക്രട്ടറി ഉമ്മര്‍കോയ ആദിവാസി ഏകാധ്യാപക വിദ്യാലത്തിലെ കല്ല്യാണി, കാനറാ ബേങ്ക് അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ ആര്യ, അകമ്പാടം ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് കോളനി സന്ദര്‍ശിച്ചത്. വെറ്റിലകൊല്ലിയില്‍ നടപ്പിലാക്കാവുന്ന പദ്ധതികളെ കുറിച്ച് നബാര്‍ഡ്-കാനറാ ബാങ്ക് പ്രതിനിധികള്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ നടപടികള്‍ ഈ മാസം അഞ്ചിന് വൈകീട്ട് 4.30 ന് കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരുമാനിക്കും.

Latest