Connect with us

Malappuram

നിരപരാധിയായ മലയാളി യുവാവ് സഊദി ജയിലില്‍

Published

|

Last Updated

തിരൂരങ്ങാടി: ചെയ്യാത്ത കുറ്റത്തിന് രണ്ട് മാസമായി 22കാരനായ മലയാളി യുവാവ് സഊദി ജയിലില്‍. തിരൂരങ്ങാടി കരുമ്പില്‍ സ്വദേശി പാലക്കല്‍ മുഹമ്മദ് റാഫിയാണ് ജയിലില്‍ കഴിയുന്നത്. ഒരുവര്‍ഷം മുമ്പ് ഹൗസ് ഡ്രൈവറായി എത്തിയതാണ് റാഫി. ബേങ്കിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് അജ്ഞാതരായ രണ്ട് പേര്‍ 180,000 റിയാല്‍ അപഹരിച്ചതിന്റെ പേരിലാണ് റാഫി ബുറൈമാന്‍ ജയിലില്‍ അകപ്പെട്ടത്.
യമനി സ്വദേശി ഓടിച്ചകാറില്‍ നിന്നാണ് പണം നഷ്ടമായത്. കാറിന്റെ ടയറില്‍ ഓയില്‍ പരന്ന് കിടക്കുന്നത് ശ്രദ്ധയില്‍ പെട്ട റാഫി ഇക്കാര്യം യമനി സ്വദേശിക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുകയും കാറില്‍ നിന്ന് യമനി പുറത്തേക്ക് ഇറങ്ങിയ സമയത്ത് അജ്ഞാതരായ രണ്ട് പേര്‍ സീറ്റില്‍ ഉണ്ടായിരുന്ന പണം അപഹരിക്കുകയുമായിരുന്നു. തൊഴില്‍ ഉടമയുടെ നിര്‍ദേശപ്രകാരം സാധനം വാങ്ങാനായി എത്തിയപ്പോയാണ് റാഫി കുരുക്കില്‍ അകപ്പെട്ടത്. ബാബ് ശരീഫിലെ ബേങ്കിന് സമീപം കാര്‍ നിര്‍ത്തിയിട്ട ശേഷം സാധനം വാങ്ങാനുള്ള സ്ഥലം അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. സ്‌പോണ്‍സറെ വിവരം അറിയിച്ച് അദ്ദേഹത്തെ കാത്തിരിക്കുമ്പോഴാണ് സംഭവം. തുടര്‍ന്ന് യമനി പൗരന്‍ റാഫിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
കേസില്‍ അകപ്പെടാനുണ്ടായ സംഭവം ദുരൂഹമാണെന്നും പണം നഷ്ടമായ യമനിക്ക് മോഷണത്തില്‍ പങ്കുണ്ടെന്നുമാണ് റാഫി ആരോപിക്കുന്നത്. കാറിന്റെ ഗ്ലാസ് തകര്‍ത്ത് പണം മോഷ്ടിക്കാന്‍ യമനി സഹായിച്ചിട്ടുണ്ടെന്നാണ് റാഫി പറയുന്നത്. ഇദ്ദേഹം നിരപരാധിയാണെന്ന് നാട്ടുകാരും സഊദിയിലുള്ള സുഹൃത്തുക്കളും പറയുന്നു.
മാതാവും മൂന്ന് സഹോദരിമാരും ഉള്ള കുടുംബത്തിന്റെ ഏക ആശ്രയമാണ് റാഫി. മകന്റെ മോചനത്തിനായി മാതാവ് സ്ഥലം എം പിക്കും എം എല്‍ എക്കും മറ്റും പരാതി നല്‍കി കാത്തിരിക്കുകയാണ്.