മരുഭൂമിയില്‍ ബസ് ബ്രേക്ക് ഡൗണായി; 87 പേര്‍ ദാഹിച്ചു മരിച്ചു

Posted on: November 1, 2013 10:27 pm | Last updated: November 1, 2013 at 10:27 pm

accidentനിയാമി(നിഗര്‍): അള്‍ജീരിയയിലേക്ക് ജോലിതേടി പോയവരുടെ ബസ് മരുഭൂമിയില്‍ ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് നിഗര്‍ മരുഭൂമിയില്‍ 48 കുട്ടികളടക്കം 87 പേര്‍ നരകിച്ചു മരിച്ചു. നിഗര്‍-അള്‍ജീരിയ അതിര്‍ത്തിയിലെ മരുഭൂമിയിലാണ് ആളുകളുടെ വികൃതമായ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യം അഞ്ച് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഏഴ് പുരുഷന്‍മാരുടേയും 32 സ്ത്രീകളുടേയും 48 കുട്ടികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

സെപ്റ്റംബര്‍ അവസാനത്തോടെ അള്‍ജീരിയയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് ദുരന്തമുണ്ടായതെന്നാണ് കരുതുന്നത്.മൃതദേഹങ്ങള്‍ പലതും കഴുകന്‍മാര്‍ കൊത്തിപ്പറിച്ചിരുന്നു. 20 കിലോമീറ്റര്‍ ചുറ്റളവിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. എല്ലാ മൃതദേഹങ്ങളും ഇസ്ലാമികാചാര പ്രകാരമാണ് മറവ് ചെയ്തത്.

രണ്ട് വാഹനങ്ങളിലായി പുറപ്പെട്ട ഇവരുടെ ഒരു വാഹനം നിഗറിലെ ആര്‍ലിറ്റ് സിറ്റിയില്‍ നിന്നും 83 കിലോ മീറ്റര്‍ അകലെവെച്ചും മറ്റൊന്ന് 158 കിലോ മീറ്റര്‍ അകലെവെച്ചും ബ്രേക്ക് ഡൗണാവുകയായിരുന്നു.

21 ആളുകള്‍ രക്ഷപ്പെട്ടതായാണ് വിവരം. ഇവരില്‍ 19 പേര്‍ അള്‍ജീരിയയില്‍ എത്തിയെങ്കിലും ഇവരെ അവിടെ നിന്നും തിരിച്ചയച്ചു. ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളില്‍ ഒന്നാണ് നെഗര്‍. ഇവിടെ ഭക്ഷ്യ പ്രതിസന്ധി സാധാരണയാണ്.