ഇട്ടമ്മലില്‍ മുഖംമൂടി ആക്രമണം; കടക്ക് നേരെ കല്ലേറ്

Posted on: November 1, 2013 1:43 pm | Last updated: November 1, 2013 at 2:43 pm

അജാനൂര്‍: ഇട്ടമ്മലില്‍ ബൈക്കുകളിലെത്തിയ സംഘം കടക്കു നേരെ ആക്രമണം നടത്തി. കല്ലേറില്‍ കട ഉടമക്കും അക്രമത്തില്‍ യുവാവിനും സാരമായി പരുക്കേറ്റു. കഴിഞ്ഞദിവസം രാത്രി 10.45 മണിയോടെയാണ് സംഭവം. ഇട്ടമ്മലിലെ നബിലിനെ(19)യാണ് സംഘം ആദ്യം ആക്രമിച്ചത്. കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്ന നബീലിനെ ഒമ്പത് ബൈക്കുകളിലായെത്തിയ മുഖംമൂടി സംഘം ഇരുമ്പ്‌വടി ഉള്‍പ്പെടെയുളള മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. നബീല്‍ പ്രാണരക്ഷാര്‍ഥം ഇട്ടമ്മലിലെ കെ എച്ച് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ഓടിക്കയറി. ഇതേ തുടര്‍ന്ന് സംഘം കടക്ക് നേരെ കല്ലേറ് നടത്തുകയും കടയിലുണ്ടായിരുന്ന സാധനങ്ങള്‍ വാരിവലിച്ച് പുറത്തേക്കെറിയുകയും ചെയ്തു.
കല്ലേറില്‍ കടയുടമയായ നസ്‌റുദ്ദീന്(28) സാരമായി പരുക്കേറ്റു. കടയുടെ ഗ്ലാസ്സുകള്‍ തകര്‍ന്നു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തുകയും അക്രമി സംഘത്തില്‍പ്പെട്ട മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആവിയില്‍ സ്വദേശികളാണ് ഇട്ടമ്മലില്‍ അക്രമം നടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.