Connect with us

National

പാറ്റ്‌ന സ്‌ഫോടനം: എന്‍ ഐ എ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടയാളെ പിടികൂടി

Published

|

Last Updated

ന്യുഡല്‍ഹി: എന്‍ ഐ എ (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി)യുടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പാറ്റ്‌ന സ്‌ഫോടന പരമ്പരക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന മെഹര്‍ ആലമിനെ പിടികൂടി. ഇന്നലെ വൈകുന്നേരമാണ് ഇയാളെ വീണ്ടും പിടികൂടിയത്. ബുധനാഴ്ച രാത്രി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ആലമിനെ ഡല്‍ഹയിലേക്കുള്ള രാജധാനി എക്‌സ്പ്രസില്‍ സഞ്ചരിക്കവെ കാണ്‍പൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പാറ്റ്‌നയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ മുസാഫര്‍പൂരില്‍ മോതിജഹീല്‍ പ്രദേശത്തെ ഗസ്റ്റ് ഹൗസില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ടോയ്‌ലെറ്റില്‍ പോകാനുണ്ടെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
എഫ് ഐ ആര്‍ ഫയല്‍ ചെയ്ത എന്‍ ഐ എ ഇയാള്‍ക്കായി വ്യാപകമായ തെരച്ചിലാണ് നടത്തിയത്. ഇന്ത്യന്‍ മുജാഹിദീന്റെ ഉയര്‍ന്ന കമാന്‍ഡറെന്ന് ആരോപിക്കപ്പെടുന്ന തഹ്‌സീന്‍ അക്തറിന്റെ ഉറ്റ കൂട്ടാളിയെന്നാണ് മെഹര്‍ ആലം വിശേഷിപ്പിക്കപ്പെടുന്നത്. സ്‌ഫോടന പരമ്പരയില്‍ പങ്കാളിത്തമുണ്ടെന്ന് കരുതപ്പെടുന്ന ആറ് പേരില്‍ ഒരാളാണ് ആലം. തഹ്‌സീന്‍ അക്തര്‍ ഒളിവിലാണ്. ദര്‍ഭംഗയില്‍ നിന്ന് എന്‍ ഐ എ കസ്റ്റഡിയിലെടുത്ത ആലമിനെ മുഹമ്മദ് അഫ്താബ് എന്നയാളുടെ വസതിയില്‍ കൊണ്ടുപോയിരുന്നതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡി, ചരിത്രപ്രധാനമായ ഗാന്ധി മൈതാനിയില്‍ പ്രസംഗിക്കാനിരിക്കെയാണ് സ്‌ഫോടന പരമ്പര നടന്നത്. ആദ്യ സ്‌ഫോടനം റെയില്‍വെ സ്റ്റേഷനിലായിരുന്നു. മറ്റ് സ്‌ഫോടനങ്ങള്‍ ഗാന്ധി മൈതാനിയിലും. സംഭവത്തില്‍ ആറ് പേര്‍ മരിക്കുകയും 80ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.