Connect with us

National

നിതീഷ് അവസരവാദിയും വഞ്ചകനും: മോഡി

Published

|

Last Updated

പാറ്റ്‌ന: ബി ജെ പിയുടെ പാറ്റ്‌ന റാലിയില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തിരഞ്ഞുപിടിച്ച് ആക്രമിച്ച് പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി. നിതീഷ് അവസരവാദിയും വഞ്ചകനുമാണെന്നും ജയപ്രകാശ് നാരായണ്‍, രാം മനോഹര്‍ ലോഹ്യ എന്നിവരെ പിറകില്‍ നിന്ന് കുത്തിയെന്നും മോഡി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി സ്വപ്‌നത്തിന് വേണ്ടി ബീഹാറിലെ ജനങ്ങളെയും പിറകില്‍ നിന്ന് കുത്തുകയാണ് നിതീഷ്.
കഴിഞ്ഞ ജൂണില്‍ ബി ജെ പിയുമായുള്ള സഖ്യം ജെ ഡി (യു) അവസാനിപ്പിച്ചതിനെച്ചൊല്ലി നിതീഷിനെ ആവര്‍ത്തിച്ച് ആക്രമിക്കുന്നതായിരുന്നു മോഡിയുടെ പ്രസംഗം. സഖ്യം വിട്ടതിന് ശേഷം മോഡി ആദ്യമായാണ് ബീഹാറിലെത്തിയത്. പ്രധാനമന്ത്രി മോഹം വെച്ച് കോണ്‍ഗ്രസുമായി ഒളിച്ചുകളി നടത്തുകയാണ്. നിതീഷിന്റെ മുന്‍ഗാമികളായ ജെ പിയും ലോഹ്യയും ജീവിതകാലം മുഴുവന്‍ പോരാടിയത് കോണ്‍ഗ്രസുകാര്‍ക്കെതിരെയാണ്. ജെ പിയെ തിരസ്‌കരിച്ചവര്‍ക്ക് ബി ജെ പി വിടുന്നതില്‍ എന്താണ്? നിതീഷിന്റെ അനുയായികള്‍ അദ്ദേഹത്തിന് മാപ്പ് നല്‍കിയേക്കാം. എന്നാല്‍, ജെ പിയുടെയും ലോഹ്യയുടെയും ആത്മാക്കള്‍ മാപ്പ് നല്‍കില്ല. മോഡി അവകാശപ്പെട്ടു.
മതേതരത്വത്തിന്റെ പേരില്‍ ജനങ്ങളെ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിക്കുകയാണ്. രാഷ്ട്രത്തിന്റെ വികസനത്തിന് ഹിന്ദു- മുസ്‌ലിം ഐക്യം വേണം. പരസ്പരം പോരാടാതെ ദാരിദ്ര്യത്തെ തുടച്ചുനീക്കാന്‍ പോരാടുകയാണ് വേണ്ടതെന്നും മോഡി പറഞ്ഞു. 40 മിനിട്ട് നീണ്ട പ്രസംഗം തുടങ്ങിയത് ഭോജ്പുരിയിലാണ്. പ്രസംഗത്തിനിടെ മൈഥിലിയും മഗേഹിയും ഉപയോഗിച്ചു. ബീഹാറിലെ പ്രധാന പ്രാദേശിക ഭാഷകളാണ് ഇവ.