Connect with us

Editorial

സുരക്ഷിത യാത്ര ഉറപ്പാക്കണം

Published

|

Last Updated

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ റെയില്‍വേ 4000 കോടി രൂപ നഷ്ടത്തിലാണ്. ഇതില്‍ 3000 കോടിയും യാത്രക്കാരുടെ ഇനത്തിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന കേന്ദ്ര സര്‍ക്കാറാണെങ്കില്‍ റെയില്‍വേക്ക് കൂടുതല്‍ സാമ്പത്തിക സഹായമൊന്നും നല്‍കാനാകില്ലെന്ന കര്‍ക്കശ നിലപാടിലും. ചെലവ് ചുരുക്കിയും പുതിയ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തിയും സ്വന്തം നില മെച്ചപ്പെടുത്തുകയെന്ന ഉപദേശമാണ് കേന്ദ്രം റെയില്‍വേക്ക് നല്‍കിയിരിക്കുന്നത്. ഈ ഒരു പശ്ചാത്തലത്തിലാണ് റെയില്‍വേയുടെ പുതിയ ഫിനാന്‍സ് കമ്മീഷണറായി രാജേന്ദ്ര കശ്യപ് തിങ്കളാഴ്ച ചുമതലയേറ്റത്. “ആഭ്യന്തരമായി അധിക വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കുക, അതോടൊപ്പം ചെലവ് കര്‍ക്കശമായി വെട്ടിക്കുറക്കുക”; ഇതാണ് കേന്ദ്രം റെയില്‍വേക്ക് നല്‍കിയിരിക്കുന്ന മാര്‍ഗരേഖ. സാധാരണ ഗതിയില്‍ ഇതില്‍ ആരും പരിഭവിക്കേണ്ട കാര്യമില്ല. അധിക ഫണ്ട് ഒരിനത്തിലും പ്രതീക്ഷിക്കേണ്ടെന്ന മുന്നറിയിപ്പും ഇതോടൊപ്പമുണ്ട്. ഈ സാമ്പത്തിക പ്രതിസന്ധി നേരിട്ട് ബാധിക്കുക ട്രെയിനുകളുടെയും യാത്രക്കാരുടെയും സുരക്ഷ സംബന്ധിച്ച ക്രമീകരണങ്ങളെയാണെന്നത് ഗൗരവമേറിയ കാര്യമാണ്.
പുതിയ ലൈനുകള്‍ സ്ഥാപിക്കല്‍, പാത ഇരട്ടിപ്പിക്കല്‍, ഗേജുമാറ്റം, വൈദ്യുതീകരണം എന്നിവക്ക് ബജറ്റില്‍ വകയിരുത്തിയ ഫണ്ടില്‍ നിന്ന് പണം ലഭിക്കുമെന്നതിനാല്‍ സ്തംഭനാവസ്ഥ ഉണ്ടാകാനിടയില്ലെങ്കിലും അറ്റകുറ്റപ്പണികള്‍, പാതപുതുക്കല്‍, സിഗ്നലിംഗ് സംവിധാനം കുറ്റമറ്റതാക്കല്‍ എന്നിവയൊന്നും നടക്കാതെ വരും. ഇത് ട്രെയിനുകളുടെയും അതിനെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരുടെയും സുരക്ഷയെയാണ് ബാധിക്കാന്‍ പോകുന്നത്. ജീവനക്കാര്‍ക്കുള്ള വസതി നിര്‍മാണം, കാവല്‍ക്കാരില്ലാത്ത ലെവല്‍ക്രോസുകളില്‍ കാവല്‍ക്കാരെ നിയമിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും സ്തംഭിക്കും. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ യാത്രാ നിരക്കും ചരക്ക് കടത്ത് കൂലിയും കൂട്ടിയ വകയില്‍ റെയില്‍വേ 2500 കോടിയിലേറെ രൂപ ജനങ്ങളില്‍ നിന്നും ചോര്‍ത്തിയെടുത്തിട്ടുണ്ട്. എന്നിട്ടും റെയില്‍വേ നഷ്ടത്തിലാണെന്ന് പറയുമ്പോള്‍ അത് നടത്തിപ്പുകാരുടെ പിടിപ്പുകേട് കൊണ്ടാണെന്ന് വേണം കരുതാന്‍. യാത്രാ, ചരക്ക് കടത്ത് കൂലി കൂട്ടിയിട്ടും റെയില്‍വേക്ക് വരുമാനം കൂടിയില്ലെന്നാണ് റെയില്‍വേ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നത്.
അഞ്ച് സംസ്ഥാനങ്ങളില്‍ നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടുത്ത ബജറ്റ് വരെ റെയില്‍വേ യാത്രാ, ചരക്ക് കടത്ത് കൂലി വര്‍ധിപ്പിക്കാന്‍ യു പി എ സര്‍ക്കാര്‍ മുതിര്‍ന്നേക്കില്ല. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്രകുമാര്‍ നല്‍കുന്ന സൂചനയും അതാണ്. ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാന്‍ കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി തന്നെ ചെയ്യേണ്ടതുണ്ട്. എന്തിന്റെ പേരിലായാലും അത് അവഗണിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തലാകും. കഴിഞ്ഞ ആറ് മാസക്കാലത്ത് യാത്രാ- ചരക്ക് കടത്ത് കൂലി വര്‍ധിപ്പിച്ച് റെയില്‍വേ 2500 കോടിയുടെ അധികഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും റെയില്‍വേയുടെ വരുമാനം കൂടിയിട്ടില്ലെന്ന് മാത്രമല്ല ഫലത്തില്‍ വരുമാനം കുറയുകയായിരുന്നുവെന്നും അധികൃതര്‍ പറയുന്നു. യാത്രാക്കൂലി വര്‍ധിപ്പിച്ചപ്പോള്‍, അതുവരെ ടിക്കറ്റെടുത്ത് യാത്ര ചെയ്തിരുന്ന വലിയൊരു വിഭാഗം ടിക്കറ്റെടുക്കാതെയുള്ള യാത്രയിലേക്ക് മാറിയെന്നും റെയില്‍വേ മേലാളന്മാര്‍ ആരോപിക്കുന്നു. ജീവിതഭാരംകൊണ്ട് നടുവൊടിഞ്ഞിരിക്കുന്ന പാവങ്ങള്‍ക്കും ഇടത്തരക്കാര്‍ക്കും എന്തിന്റെ പേരിലായാലും അധികഭാരം താങ്ങാവുന്നതില്‍ അപ്പുറമാണ്. ഇടക്കിടെയുള്ള ഇന്ധന വിലകൂട്ടലും, ഇതേത്തുടര്‍ന്ന് ഭക്ഷ്യസാധനങ്ങളടക്കമുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റവും താങ്ങാനാകാത്തതാണ്. ഇത്തരം ജീവിതപ്രയാസങ്ങള്‍ തിരിച്ചറിയാന്‍ ഭരണകൂടത്തിനാകുന്നില്ല. അതേസമയം വ്യവസായികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നു. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേക്കും റോഡ്ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്കും അനുവദിച്ചിരുന്ന സൗജന്യ നിരക്കിലുള്ള ഇന്ധനവിതരണം അവസാനിപ്പിച്ചിരിക്കുന്നു. ഈ സമീപനം കാരണം കേരളത്തില്‍ കെ എസ് ആര്‍ ടി സി നിലനില്‍പ്പിനായി പെടാപ്പാട് പെടുകയാണ്.
ആഗോളവത്കരണവും കമ്പോളവത്കരണവും നേരിട്ടുള്ള വിദേശ നിക്ഷേപ സമാഹരണവും മുഖ്യമായി കാണുന്നവര്‍ പാവപ്പെട്ടവരുടെ കഷ്ടപ്പാടുകള്‍ കാണാതെ പോകുന്നു. അതല്ലെങ്കില്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നു. 2 ജി സ്‌പെക്ട്രം ഇടപാടിലും കല്‍ക്കരിപ്പാടം അനുവദിച്ചു കൊടുത്തതിലും നടന്ന വഴിവിട്ട ഇടപാടുകളില്‍ കോടികളുടെ രാഷ്ട്രസമ്പത്താണ് കൊള്ളയടിക്കപ്പെടുന്നത്. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥ മേധാവികള്‍ക്കും എതിരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ അത് പാടെ നിഷേധിച്ചവര്‍ ഇന്ന് കേസന്വേഷണം പുരോഗമിക്കുമ്പോള്‍ പ്രതിക്കൂട്ടിലാകുന്ന അവസ്ഥയാണുള്ളത്. പൊതുമേഖലയെ തീറെഴുതുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിന് മികച്ച ഉദാഹരണമാണ് റെയില്‍വേയോടുള്ള സമീപനം. ഈ സമീപനം മാറ്റിയേ തീരൂ. സുരക്ഷയുടെ കാര്യത്തില്‍ യാതൊരു കാരണവശാലും അവഗണന പാടില്ല. അതിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന് ബന്ധപ്പെട്ടവരെല്ലാം ഓര്‍ക്കുന്നത് നന്ന്.