Connect with us

Gulf

അന്ധതയെ തോല്‍പ്പിച്ച് പുസ്തക രചന

Published

|

Last Updated

ദുബൈ: അന്ധതയെ മറികടന്ന് പുസ്തകമെഴുതിയ തമിഴ്‌നാട് സ്വദേശി ക്രൂസ് ദേവ് പ്രസാദ് സമൂഹത്തിന്റെ ആദരം പിടിച്ചുപറ്റുന്നു. ഫാബുലസ് ഫൈവ് സ്റ്റാര്‍ ഫുഡീസ് എന്ന പുസ്തകം ഡോ. ആസാദ് മൂപ്പന്‍, എല്‍വിസ് ചുമ്മാറിനു നല്‍കി പ്രകാശനം ചെയ്തു.
ഏതാണ്ട് അഞ്ച് വര്‍ഷം മുമ്പാണ് ക്രൂസ്‌ദേവിന് പൊടുന്നനെ കാഴ്ച നഷ്ടപ്പെട്ടത്. അബുദാബി നാഷനല്‍ ഹോട്ടല്‍ ശൃംഖലകളില്‍ ഫിനാന്‍സ് മാനേജറായിരുന്നു. കാഴ്ച നഷ്ടപ്പെടുന്നതിനു മുമ്പ് ഒരു പുസ്തകമെഴുതിയിരുന്നു. 13 വര്‍ഷം മുമ്പ് പരിചയപ്പെട്ട ഫിലിപ്പൈന്‍ സ്വദേശി ഷാരോണിനെ ജീവിത സഖിയാക്കി സംതൃപ്ത ജീവിതമാണ് നയിച്ചിരുന്നത്. ഇവര്‍ക്ക് രണ്ട് ആണ്‍ മക്കള്‍.
“ഒരു ദിവസം രാത്രി പൊടുന്നനെ കാഴ്ച നഷ്ടപ്പെട്ടു. ജീവിതം അതോടെ അവസാനിച്ചുവെന്നാണ് കരുതിയത്. രണ്ട് വര്‍ഷം ആകെ നിരാശനായി. ഇതിനിടയില്‍ ഡോ. ആസാദ് മൂപ്പനെ പരിചയപ്പെട്ടു. അദ്ദേഹമാണ് എഴുത്തിന്റെ ലോകത്തേക്കു മടങ്ങാന്‍ പ്രേരിപ്പിച്ചത്. ഭാര്യ ഷാരോണ്‍ ഏറെ സഹായിച്ചു. സ്വന്തമായി തന്നെ പുസ്തകം രൂപകല്‍പ്പന ചെയ്തു. ഇരുട്ടിന്റെ ലോകം മാത്രം കാണുന്ന ഞാന്‍ ഏഴ് വര്‍ണങ്ങളുള്ള പുസ്തകം എഴുതി എന്ന് പറയാം”-ക്രൂസ്‌ദേവ് പ്രസാദ് പറഞ്ഞു. പാചകക്കുറിപ്പുകളാണ് പുസ്തകത്തില്‍.
ക്രൂസ്‌ദേവ് പ്രസാദ്, സമൂഹത്തിന് വലിയ മാതൃകയാണെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കാഴ്ച നഷ്ടപ്പെട്ടിട്ടും പതറാതെ, മികച്ച ഒരു പുസ്തകം എഴുതിയത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
പുസ്തക പ്രകാശന ചടങ്ങില്‍ ഡി എം ഹെല്‍ത്ത് കെയര്‍ പബ്ലിക് റിലേഷന്‍സ് സീനിയര്‍ മാനേജര്‍ പി എ ജലീല്‍, റോണി പണിക്കര്‍ പങ്കെടുത്തു.
ഇരുട്ടുനിറഞ്ഞ ജീവിത വഴിയില്‍ അന്ധാളിച്ച് നിന്ന തന്നെ ഡോ. ആസാദ് മൂപ്പനാണ് ധൈര്യം നല്‍കി പുസ്തകമെഴുതാന്‍ പ്രേരിപ്പിച്ചതെന്ന് ക്രൂസ് ദേവ് പ്രസാദ് നന്ദിയോടെ പറഞ്ഞു. ഭാര്യ ഫിലിപ്പൈന്‍ സ്വദേശി ഷാരോണിന്റെയും മക്കളായ എട്ടുവയസുകാരന്‍ ജോസ്‌ന, ഏഴു വയസുകാരന്‍ ജൊവാന്‍ എന്നിവരുടെയും പൂര്‍ണ പിന്തുണയുണ്ടായിരുന്നു. ചിത്രങ്ങളടങ്ങിയ ബഹുവര്‍ണ പുസ്തകം മൂന്ന് വര്‍ഷം കൊണ്ട് തയ്യാറായി.
അറേബ്യ, ഇന്ത്യ, ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലാന്‍ഡ്, ഫിലിപ്പൈന്‍സ്, ചൈനീസ്, ജപ്പാന്‍, യൂറോപ്പ്, അമേരിക്ക, മെക്‌സിക്കോ എന്നിവിടങ്ങളിലെ രുചിക്കൂട്ടുകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയില്‍ കേരളത്തിന്റെ തനതായ രുചിക്കൂട്ടുകളും തമിഴ്‌നാട്ടിലെയും കര്‍ണാര്‍ണാടകത്തിലെയും സ്‌പെഷല്‍ വിഭവങ്ങള്‍ എന്നിവയും ശ്രദ്ധേയമാണ്. 30 ദിര്‍ഹമാണ് പുസ്തകത്തിന്റെ വില. ആവശ്യമുള്ളവര്‍ 050- 3759952 ല്‍ ക്രൂസുമായി ബന്ധപ്പെടണം.

---- facebook comment plugin here -----

Latest