Connect with us

Kasargod

റിഷാദ് വധക്കേസ് വിധി; സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം: എം സി ഖമറുദ്ദീന്‍

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ കൂടെക്കൂടെ കുറ്റവാളികള്‍ രക്ഷപ്പെടുന്ന രീതിയിലുള്ള കോടതിവിധികളും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന റിപ്പോര്‍ട്ടുകളും കുറ്റവാളികള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിന് പ്രചോദനമേകുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ പറഞ്ഞു. റിഷാദ് വധവുമായി ബന്ധപ്പെട്ട കേസിലെ കുറ്റവാളികളെ വെറുതെ വിട്ട കോടതി വിധിയെ പരാമര്‍ശിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോടിന്റെ സാമൂഹ്യ വ്യവസ്ഥിതിയും ചില ഭാഗങ്ങളില്‍നിന്നുണ്ടാകുന്ന മത-വര്‍ഗീയ ഫാസിസവും പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അത് അവസാനിപ്പിക്കാന്‍ പോലീസും ജുഡീഷ്യറിയും ശക്തമായ നടപടി സ്വീകരിക്കണം. അതുണ്ടാകാതിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. റിഷാദ് കേസ് വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഫാസിസ്റ്റ് ശക്തികള്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചത് പ്രതിഷേധാര്‍ഹമായ നടപടിയാണ്. മതേതര വിശ്വാസികള്‍ ഇത്തരം സംഭവത്തില്‍ പ്രതിഷേധിക്കണം.
റിഷാദ് വധക്കേസില്‍ അപ്പീല്‍ നല്‍കാന്‍ ഉടന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകണം. കുറ്റവാളികളെ അപ്പീല്‍ വഴിയെങ്കിലും ശിക്ഷിക്കപ്പെടാന്‍ ശക്തമായ നടപടി ഉണ്ടാകണം. ഖമറുദ്ദീന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു.
കാസര്‍കോട്: കാസര്‍കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും നടന്ന സാമുദായിക സംഘര്‍ഷങ്ങളില്‍ കൊല ചെയ്യപ്പെട്ട കേസുകളിലെ പ്രതികളെ വെറുതെ വിടുന്ന സംഭവം പതിവാകുന്നു. ഈ സാഹചര്യങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുറഹ്മാന്‍ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, വ്യവസായമന്ത്രി എന്നിവര്‍ക്കയച്ച ഫാക്‌സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

 

Latest