Connect with us

National

യഡിയൂരപ്പയുടെ എന്‍ ഡി എ പ്രവേശം: നടപടി തുടങ്ങി

Published

|

Last Updated

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യഡിയൂരപ്പ എന്‍ ഡി എയില്‍ ചേരാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. യഡിയൂരപ്പയുടെ കെ ജെ പി പാര്‍ട്ടിയാണ് എന്‍ ഡി എ സഖ്യത്തില്‍ ചേരുന്നത്. എല്‍ ഡി എയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി സഖ്യം ചെയര്‍മാനും ബി ജെ പി നേതാവുമായ എല്‍ കെ അഡ്വാനിക്കയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി. കര്‍ണാടക ജനതാ പാര്‍ട്ടിയുടെ ചെയര്‍മാനാണ് യഡിയൂരപ്പ.
ബി ജെ പിയില്‍ കെ ജെ പി ലയിച്ചിട്ടില്ല. അനധികൃത ഖനനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി ജെ പി നേതൃത്വം യഡിയൂരപ്പയെ നീക്കിയതോടെയാണ് അദ്ദേഹം പുതിയ പാര്‍ട്ടി രൂപവത്കരിച്ച് രംഗത്ത് വന്നത്. മെയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ ജെ പിക്ക് ആറ് സീറ്റുകള്‍ ലഭിച്ചിരുന്നുവെന്നും തന്റെ പാര്‍ട്ടിക്ക് സംസ്ഥാനത്ത് നിര്‍ണായക സ്വാധീനം ഉണ്ടെന്നും യഡിയൂരപ്പ കത്തില്‍ അവകാശപ്പെടുന്നു. പത്ത് ശതമാനത്തോളം വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിച്ചു. കെ ജെ പിയെ പ്രാദേശിക പാര്‍ട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ട്.