Connect with us

Ongoing News

ഇ-ലോകത്തെ മലയാളം ; ബൈജുവിന് മലയാളികളുടെ ആദരം

Published

|

Last Updated

മലപ്പുറം: കംപ്യൂട്ടറിലും മൊബൈല്‍ ഫോണിലുമെല്ലാം മലയാളത്തില്‍ വായിക്കുന്നവരുടെയും എഴുതുന്നവരുടെയും എണ്ണം ഏറിവരുമ്പോഴും ഈ സാങ്കേതിക വിദ്യ മുന്നോട്ട്‌കൊണ്ടുവന്നയാളെ അധികമാരും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.മലപ്പുറം ജില്ലയിലെ അരീക്കോട് പത്തനാപുരം സ്വദേശിയായ എം ബൈജുവാണ് ലോകമലയാളികള്‍ക്ക് ഉപകാരപ്രദമായ ഈ സംവിധാനത്തിന് തുടക്കം കുറിച്ചത്.

2001 മുതലാണ് ഇന്റര്‍നെറ്റില്‍ മലയാളം ലഭ്യമായി തുടങ്ങിയത്.അതിന് മുമ്പും മലയാളം ടൈപ്പ് ചെയ്യാനുള്ള ആസ്‌കി സംവിധാനം(ഐഎസ്എം രീതി) ഉണ്ടായിരുന്നെങ്കിലും ഇന്റര്‍നെറ്റിലോ മൊബൈല്‍ഫോണിലോ ഇത് സപ്പോര്‍ട്ട്‌ചെയ്യുമായിരുന്നില്ല.ഇക്കാലത്ത് കോഴിക്കോട് ആര്‍ഇസിയില്‍ സിവില്‍ എഞ്ചീനീയറിംഗിന് പഠിക്കുകയായിരുന്ന ബൈജു തുടക്കം കുറിച്ച മലയാളം ലിനക്‌സ് എന്ന ഓണ്‍ലൈന്‍ സംരഭമാണ് പിന്നീട് സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്ങ് എന്ന പേരില്‍ വികസിച്ചത്.വിവരസാങ്കേതികവിദ്യ രംഗത്തുള്ളവരും ഭാഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് ഈ സംരഭം പിന്നീട് വളര്‍ത്തിയെടുത്തത്.

രാവിലെ ഏഴ് മുതല്‍ വൈകീട്ട് പന്ത്രണ്ട് വരെ കംപ്യൂട്ടര്‍ ഉപയോഗിക്കാനുള്ള സൗകര്യം അന്ന് കോളേജിലുണ്ടായിരുന്നു.ഇന്‍ര്‍നെറ്റിലൂടെ വിവരങ്ങളെല്ലാം ഇംഗ്ലീഷിലാണ് ലഭിച്ചുകൊണ്ടിരുന്നത്.എന്തുകൊണ്ട് മലയാളത്തിലും വിവരങ്ങള്‍ ലഭ്യമാക്കികൂടായെന്ന ചിന്തയില്‍ നിന്നാണ് മലയാളം ലിനക്‌സ് എന്ന സംരഭത്തിന് തുടക്കം കുറിച്ചതെന്ന് ബൈജു സിറാജിനോട് പറഞ്ഞു.

ഇക്കാലത്ത് തെലുങ്ക്,ഹിന്ദി ഭാഷകള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച ആന്ധ്രപ്രദേശിലെ ഗുണ്ടുപിള്ളി കരുണാകര്‍ എന്നയാളെ ഇന്റര്‍നെറ്റ് വഴി പരിചയപ്പെടാനായത് തന്റെ ഓണ്‍ലൈന്‍ പ്രൊജക്ടിനെ ഏറെ സഹായിച്ചു.അക്ഷരരൂപം (ഫോണ്ട് )നിര്‍മ്മിക്കലായിരുന്നു ആദ്യഘട്ടത്തില്‍ പ്രയാസം സൃഷ്ടിച്ചത്.ഇതിനും വഴിയുണ്ടായി.ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട നെതര്‍ലണ്ടുകാരനായ ജെറോണ്‍ഹെല്ലിംഗ്മാന്‍ എന്നയാളുടെ സഹായത്തോടെ മെറ്റാഫോണ്ടിന് തുടക്കം കുറിച്ച്.

ഇടക്കാലത്ത് ജോലിസംബന്ധമായ തിരക്കുകള്‍ കാരണം മലയാളം കംപ്യട്ടിംഗിന് ശ്രദ്ധകേന്ദ്രീകരിക്കാന്‍ പറ്റിയില്ലെങ്കിലും സ്വതന്ത്ര മലയാളം കംപ്യൂട്ടിംഗ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മ വളര്‍ച്ചപ്രാപിച്ചതോടെ കാര്യങ്ങള്‍ക്ക് വേഗതകൂടിയതെന്ന് ബൈജു പറഞ്ഞു.ഇന്ത്യയിലെ സ്വതന്ത്ര സോഫ്ട്‌വെയര്‍ പ്രസ്ഥാനത്തിലും (എഫ്എസ്എഫ്) ജോലിചെയ്ത ബൈജു പൈത്തണ്‍ പ്രോഗ്രാമര്‍ കൂടിയാണിപ്പോള്‍.

പിന്നീട് വിവിധ കൂട്ടായ്മകളുടെ സഹകരണത്തോടെ മീര,രചന തുടങ്ങിയ ഫോണ്ടുകളും വികസിപ്പിച്ചെടുത്തതോടെയാണ് ഇന്റര്‍നെറ്റില്‍ മലയാളം കംപ്യൂട്ടിംഗ് സാധ്യമായി തുടങ്ങിയത്.ആര്‍ക്കും ഉപയോഗിക്കാനും പകര്‍പ്പെടുക്കാനും സാധിക്കുന്ന വിധത്തിലാണ് ഈ യൂനിക്കോഡ് ഫോണ്ടുകളുള്ളത്.ഇന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളും മറ്റും മലയാള ലഭ്യതക്കായി ഈ ഫോണ്ടുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്.

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന് രൂപംനല്‍കിയ ബൈജുവിനെ തൃശ്ശൂര്‍ സാഹിത്യഅക്കാദമിയില്‍ നടത്തിയ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ വ്യാഴവട്ടം ആഘോഷത്തിലും ആദരിച്ചിരുന്നു.ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. ജി. നാഗാര്‍ജുനയാണ് ആദരിച്ചത്.

 

Latest