ലോകകപ്പ് യോഗ്യതയിലേക്ക് ഏഴ് ടീമുകള്‍: ഇന്ന് ക്ലൈമാക്‌സ്

Posted on: October 15, 2013 9:26 am | Last updated: October 17, 2013 at 12:01 am

fifaബ്രസീലില്‍ അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത തേടി മൂന്ന് മേഖലകളില്‍ നടന്നു വരുന്ന ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് ക്ലൈമാക്‌സ്. യൂറോപ്പില്‍ നിന്ന് നാല് ടീമുകളും തെക്കേ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട കോണ്‍മെബോള്‍ മേഖലയില്‍ നിന്ന് രണ്ട് ടീമുകളും വടക്ക്, കേന്ദ്ര അമേരിക്കയും കരീബിയന്‍ രാഷ്ട്രങ്ങളും ഉള്‍പ്പെടുന്ന കോണ്‍കകാഫില്‍ നിന്ന് ഒരു ടീമും ഉള്‍പ്പടെ ഏഴ് ടീമുകള്‍ ഇന്ന് നേരിട്ട് യോഗ്യത നേടും. ആതിഥേയരായ ബ്രസീല്‍ ഉള്‍പ്പടെ പതിനാല് ടീമുകള്‍ ഇതിനകം ലോകകപ്പ് ടിക്കറ്റെടുത്തു. അത് ഇപ്രകാരം :
യൂറോപ്പ് : ഇറ്റലി, ഹോളണ്ട്, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മനി.
ഏഷ്യ: ആസ്‌ത്രേലിയ, ഇറാന്‍, ജപ്പാന്‍, ദക്ഷിണകൊറിയ.
ലാറ്റിനമേരിക്ക: ബ്രസീല്‍ (ആതിഥേയര്‍), അര്‍ജന്റീന, കൊളംബിയ.
കോണ്‍കകാഫ്: കോസ്റ്ററിക്ക, അമേരിക്ക.
യൂറോപ്പില്‍ നിന്ന് സ്‌പെയിന്‍, റഷ്യ, ഇംഗ്ലണ്ട്, ബോസ്‌നിയ ടീമുകളാണ് യോഗ്യത നേടാന്‍ ഫേവിറ്റുകളായി ഇറങ്ങുന്നത്. ലാറ്റിനമേരിക്കയില്‍ ഇക്വഡോര്‍, ചിലി ടീമുകളും കോണ്‍കകാഫില്‍ ഹോണ്ടുറാസും യോഗ്യതക്കരികെ.
യൂറോപ്പിലെ സാധ്യതകള്‍
യൂറോപ്യന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ന് അവസാന ഗ്രൂപ്പ് മത്സരം. ഒമ്പത് ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ നേരിട്ട് യോഗ്യത നേടും. എട്ട് മികച്ച റണ്ണേഴ്‌സപ്പുകള്‍ പ്ലേ ഓഫിന് യോഗ്യരാകും. നാല് പ്ലേ ഓഫുകളില്‍ നിന്ന് നാല് വിജയികള്‍ ലോകകപ്പിന് ടിക്കറ്റെടുക്കും. നവംബര്‍ 15, 19 തീയതികളില്‍ ഇരുപാദ പ്ലേ ഓഫ് നടക്കും. മികച്ച റണ്ണേഴ്‌സപ്പുകളെ കണ്ടെത്തുന്നത് പോയിന്റടിസ്ഥാനത്തില്‍ മാത്രമല്ല. അതാത് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരോടും മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലെത്തിയ ടീമുകളോടുമുള്ള പ്രകടനം കൂടി കണക്കിലെടുത്താകും.
ഓരോ ഗ്രൂപ്പിലെയും സാധ്യതകള്‍ ഇങ്ങനെ:
ഗ്രൂപ്പ് എ: പരാജയമറിയാതെ കുതിച്ച ബെല്‍ജിയം 25 പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ലോകകപ്പ് യോഗ്യത നേടി. 2002ന് ശേഷം ആദ്യമായിട്ടാണ് അവര്‍ ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കുന്നത്. ഹോംഗ്രൗണ്ടില്‍ വെയില്‍സിനെതിരെയാണ് അവസാന മത്സരം. മികച്ചൊരു വിജയത്തോടെ ഗ്രൂപ്പ് റൗണ്ട് അവസാനിപ്പിക്കാനാകും ബെല്‍ജിയം ലക്ഷ്യമിടുക. പതിനേഴ് പോയിന്റുള്ള ക്രൊയേഷ്യ രണ്ടാം സ്ഥാനത്ത് വരും. സ്‌കോട്‌ലാന്‍ഡിനെതിരെ ഇന്ന് മികച്ച വിജയത്തോടെ പ്ലേ ഓഫ് പൊസിഷനുറപ്പിക്കാനാണ് ക്രൊയേഷ്യ ബൂട്ടുകെട്ടുന്നത്.
ഗ്രൂപ്പ് ബി: 21 പോയിന്റോടെ ഇറ്റലി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി യോഗ്യത നേടി. പതിമൂന്ന് പോയിന്റുകള്‍ വീതമുള്ള ബള്‍ഗേറിയ, ഡെന്‍മാര്‍ക്ക് ടീമുകള്‍ക്കും പന്ത്രണ്ട് പോയിന്റ് വീതമുള്ള ചെക് റിപബ്ലിക്ക്, അര്‍മേനിയ ടീമുകള്‍ക്കും റണ്ണേഴ്‌സപ്പ് സാധ്യത തുല്യം. എന്നാല്‍, ഈ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് എട്ട് പ്ലേ ഓഫ് പൊസിഷനുകളിലൊന്ന് പോലും നേടാനായേക്കില്ല. മൂന്ന് പോയിന്റ് മാത്രമുള്ള മാള്‍ട്ടക്കെതിരെ രണ്ടാം സ്ഥാനക്കാര്‍ നേടിയ പോയിന്റ് പരിഗണിക്കില്ലെന്നതാണ് പ്രധാന കാരണം.
ഗ്രൂപ്പ് സി: ഒരു തോല്‍വി പോലും പിണയാതെ 25 പോയിന്റുള്ള ജര്‍മനി യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ഇരുപത് പോയിന്റുള്ള സ്വീഡനാണ് രണ്ടാം സ്ഥാനത്ത്. ഇന്ന് ഹോംഗ്രൗണ്ടായ സ്റ്റോക്ക്‌ഹോമില്‍ സ്വീഡന്റെ എതിരാളി ജര്‍മനിയാണ്. വിജയത്തോടെ, മികച്ച റണ്ണേഴ്‌സപ്പാകാനൊരുങ്ങുന്ന സ്വീഡന് മാനസിക മുന്‍തൂക്കമുണ്ട്. കാരണം, ഗ്രൂപ്പില്‍ ജര്‍മനി ഏക സമനില സ്വീഡനെതിരെയായിരുന്നു. ഇതാകട്ടെ, ജര്‍മനിയില്‍ വെച്ച് 4-0ന് പിറകില്‍ നിന്ന ശേഷം 4-4നുള്ള സ്വീഡിഷ് തിരിച്ചുവരവില്‍. യോഗ്യതാ റൗണ്ടിലെ ക്ലാസിക് മത്സരമായി ഇത് മാറി.
ഗ്രൂപ്പ് ഡി: അപരാജിത കുതിപ്പോടെ ഇരുപത്ത് പോയിന്റ് കരസ്ഥമാക്കിയ ഹോളണ്ട് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ബ്രസീലിലേക്ക് ഒരുങ്ങിയവര്‍. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് പ്രധാന പോര്. പതിനാറ് പോയിന്റ് വീതമുള്ള തുര്‍ക്കി, റുമാനിയ ടീമുകള്‍ക്ക് സാധ്യത.
പതിനാല് പോയിന്റുള്ള ഹംഗറിയും പ്രതീക്ഷ നിലനിര്‍ത്തുന്നു. ഹോളണ്ടാണ് തുര്‍ക്കിയുടെ എതിരാളി. റുമാനിയക്ക് ദുര്‍ബലരായ എസ്‌തോണിയയും. രണ്ട് കളിയും സമനിലയായാല്‍ ഗോള്‍ശരാശരിയില്‍ തുര്‍ക്കി മുന്നേറും. തുര്‍ക്കിയും റുമാനിയയും തോല്‍ക്കുകയും ഹംഗറി ഇതുവരെ പോയിന്റെടുക്കാത്ത അന്‍ഡോറയെ തകര്‍ക്കുകയും ചെയ്താല്‍ കഥ മാറും.
ഗ്രൂപ്പ് ഇ: സ്വിറ്റ്‌സര്‍ലാന്‍ഡ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ലോകകപ്പ് യോഗ്യത നേടി. രണ്ടാം സ്ഥാനത്തിനായി ഐസ്‌ലാന്‍ഡും സ്ലോവേനിയയും മത്സരിക്കുന്നു. ഇരു ടീമിനും ഇന്ന് എവേ മത്സരം. ഐസ്‌ലാന്‍ഡ് നോര്‍വെയെയും സ്ലൊവേനിയ സ്വിറ്റ്‌സര്‍ലാന്‍ഡിനെയും നേരിടും. മാര്‍ജിനല്‍ ഫേവറിറ്റ് ഐസ്‌ലാന്‍ഡാണ്.
ഗ്രൂപ്പ് എഫ്: ചാമ്പ്യന്‍ പട്ടം ലക്ഷ്യമിട്ട് റഷ്യയും പോര്‍ച്ചുഗലും. 21 പോയിന്റുള്ള റഷ്യക്കാണ് ഏറെ സാധ്യത. അസര്‍ബൈജാനെതിരെ എവേ മത്സരത്തില്‍ മികച്ച വിജയം റഷ്യ ലക്ഷ്യമിടുന്നു.
റഷ്യ തോറ്റാല്‍ മാത്രമേ പോര്‍ച്ചുഗലിന് ഒന്നാം സ്ഥാന സാധ്യതയുള്ളൂ. ഹോംഗ്രൗണ്ടിലിറങ്ങുന്ന പോര്‍ച്ചുഗലിന് ഏറ്റവും പിറകിലുള്ള ലക്‌സംബര്‍ഗാണ് എതിരാളി. തോറ്റാലും പ്ലേ ഓഫ് പൊസിഷന്‍ പോര്‍ച്ചുഗലിന് സാധ്യമാകും.
ഗ്രൂപ്പ് ജി: 22 പോയിന്റുള്ള ബോസ്‌നിയ, ഗ്രീസ് ചാമ്പ്യന്‍പദവിക്ക് മത്സരിക്കുന്നു. ലിത്വാനിയയുടെ തട്ടകത്തിലാണ് ബോസ്‌നിയക്ക് കളി. ഹോംഗ്രൗണ്ടില്‍ ഗ്രീസിന് ദുര്‍ബലരായ ലിചെന്‍സ്റ്റെനാണ് എതിരാളി. ബോസ്‌നിയ തോല്‍ക്കുകയോ, സമനിലയാവുകയോ ചെയ്താല്‍ ജയം ഗ്രീസിന് ലോകകപ്പ് ടിക്കറ്റുറപ്പിക്കും. ബോസ്‌നിയ ജയിച്ചാല്‍ ഗ്രീസിന് പതിനെട്ട് ഗോള്‍ മാര്‍ജിനെങ്കിലും ലിചെന്‍സ്റ്റനെ തോല്‍പ്പിക്കേണ്ടി വരും.
ഗ്രൂപ്പ് എച്ച്: ഇംഗ്ലണ്ടും ഉക്രൈനും ഡയറക്ട് ടിക്കറ്റുറപ്പിക്കാന്‍ മത്സരിക്കുന്നു. വെംബ്ലിയില്‍ പോളണ്ടിനെ തോല്‍പ്പിച്ചാല്‍ ഇംഗ്ലണ്ട് ലോകകപ്പിന് യോഗ്യരാകും.
പോയിന്റൊന്നുമില്ലാത്ത സാന്‍ മാരിനോയാണ് ഉക്രൈന്റെ എതിരാളി. വിജയം സുനിശ്ചിതമാക്കി ഇറങ്ങുന്ന ഉക്രൈന്‍ പോളണ്ടിനൊപ്പമാകും ഇന്ന്.
ഗ്രൂപ്പ് ഐ: ലോകചാമ്പ്യന്‍മാരായ സ്‌പെയിന്‍ 17 പോയിന്റോടെ ഒന്നാം സ്ഥാനത്ത്. പക്ഷേ, പ്ലേ ഓഫ് സ്ഥാനം മാത്രമാണ് ഉറപ്പിച്ചിട്ടുള്ളത്.
നേരിട്ട് യോഗ്യത നേടണമെങ്കില്‍ ജോര്‍ജിയക്കെതിരെ ഇന്ന് ജയം ഉറപ്പാക്കണം.
ഫിന്‍ലാന്‍ഡിനെതിരെ ഫ്രാന്‍സ് ഇറങ്ങുന്നത് പ്ലേ ഓഫ് പൊസിഷന്‍ ഉറപ്പിച്ചിട്ടാണ്. നേരിട്ട് യോഗ്യത നേടാന്‍ സ്‌പെയിന്‍ തോല്‍ക്കുകയും ജയത്തോടെ ഗോള്‍ ശരാശരിയില്‍ മുന്നിലെത്തുകയും വേണം ഫ്രാന്‍സിന്.