ജസീറ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായം: ജയറാം രമേശ്

Posted on: October 11, 2013 8:02 pm | Last updated: October 11, 2013 at 8:16 pm

jayaram rameshന്യൂഡല്‍ഹി: മണല്‍ മാഫിയക്കെതിരെ ജസീറ നടത്തുന്ന സമരം ന്യായമാണെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്തിലാണ് ജയറാം രമേശ് ഇക്കാര്യം വ്യക്തമാക്കിയത്. ജസീറ ഉന്നയിച്ച കാര്യങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

പുതിയങ്ങാടി മാട്ടൂല്‍ കടല്‍തീരത്തെ മണല്‍വാരല്‍ തടയാന്‍ അധികൃതര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ ആരംഭിച്ച സമരം സെക്രട്ടറിയേറ്റിലും അവിടെനിന്ന് പാര്‍ലമെന്റിന് മുന്നിലും എത്തിയിരുന്നു. സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത് വരെ കുട്ടികളോടൊപ്പം ജന്ദര്‍മന്ദറില്‍ സമരം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ജസീറ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ജസീറ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞ ദിവസം നോട്ടീസയച്ചിരുന്നു. രണ്ടാഴ്ചക്കകം നോട്ടീസിന് മറുപടി നല്‍ണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  സംസ്ഥാന ചീഫ് സെക്രട്ടറിക്കും കണ്ണൂര്‍ ജില്ലാകലക്ടര്‍ക്കുമാണ് നോട്ടീസ്. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷന്‍ അംഗം സിറിയക് ജോസഫ് ജസീറയെ സമര വേദിയില്‍ വന്ന് കണ്ടിരുന്നു. സംസ്ഥാന സര്‍ക്കാറിന് നല്‍കിയ നിവേദനങ്ങള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ കേസെടുക്കാമെന്നും സിറിയക് ജോസഫ് ഉറപ്പ് നല്‍കിയിരുന്നു. 66 ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍സമരം നടത്തിയിട്ടും യാതൊരു നടപടിയും അധികൃതര്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് മക്കളേയും കൂട്ടി ജസീറ ഡല്‍ഹി ജന്ദര്‍മന്ദറിലെത്തിയത്.