കാട്ടിലെ ക്യാമറയില്‍ അജ്ഞാതരുടെ ചിത്രങ്ങള്‍; മാവോയിസ്റ്റുകളെന്ന് സംശയം

Posted on: October 1, 2013 1:09 am | Last updated: October 1, 2013 at 1:09 am

ഇടുക്കി: മറയൂരിന്റെ സമീപ പ്രദേശമായ ചിന്നാര്‍ വന്യജീവി സങ്കേതത്തിനോട് ചേര്‍ന്ന തമിഴ്‌നാട്ടിലെ അമരാവതി റിസര്‍വ് വനത്തില്‍ അജ്ഞാത സംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് പോലീസ് അന്വേഷണം ആരംഭിച്ചു. അഞ്ച് ദിവസം മുമ്പ് അമരാവതി റിസര്‍വ് വനത്തിനുള്ളിലെ ചിന്നാര്‍ മലനിരകളോട് ചേര്‍ന്ന പ്രദേശമായ തളിഞ്ചി വനമേഖലയില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളില്‍ നാല് പേരടങ്ങുന്ന 30 മുതല്‍ 50 വയസ്സ് വരെ പ്രായം തോന്നിക്കുന്ന അജ്ഞാത സംഘത്തിന്റെ ചിത്രങ്ങള്‍ പതിഞ്ഞിരുന്നു. മൂന്ന് പേര്‍ ഷര്‍ട്ടും പാന്റ്‌സും ഒരാള്‍ പാന്റസ്് മാത്രവും ധരിച്ച നിലയിലുള്ള ചിത്രങ്ങളാണ് ലഭിച്ചത്.
ചന്ദന കൊള്ളക്കാരായ മറയൂര്‍ നിവാസികളാകാം എന്ന നിഗമനത്തില്‍ മറയൂര്‍ ചന്ദന ഡിവിഷനില്‍ അന്വേഷണം നടത്തിയെങ്കിലും ക്യാമറയില്‍ പതിഞ്ഞ സംഘത്തെ തിരിച്ചറിയാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് അന്വേഷണം തമിഴ്‌നാട് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. കേരളത്തിനോട് ചേര്‍ന്ന വനപ്രദേശത്തു നിന്നാണ് ചിത്രങ്ങള്‍ ലഭിച്ചത് എന്നതിനാല്‍ അജ്ഞാതസംഘം കേരളാ വനമേഖയിലേക്ക് നീങ്ങിയെന്നാണ് നിഗമനം.