Connect with us

Kerala

യു ഡി എഫ് യോഗത്തില്‍ കടുത്ത വിമര്‍ശം

Published

|

Last Updated

തിരുവനന്തപുരം: ഡാറ്റാ സെന്റര്‍ ഇടപാടില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ യു ഡി എഫ് യോഗത്തില്‍ കടുത്ത വിമര്‍ശം. നിലപാട് മാറ്റിയില്ലെങ്കില്‍ പരസ്യമായി രംഗത്തുവരുമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല തന്നെ മുന്നറിയിപ്പ് നല്‍കി. യു ഡി എഫില്‍ ആലോചിച്ചാണ് കേസില്‍ സി ബി ഐ അന്വേഷണം തീരുമാനിച്ചത്. ആരുമറിയാതെ എന്തടിസ്ഥാനത്തിലാണ് ഈ നിലപാട് മാറിയതെന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ടെന്നും രമേശ് ചൂണ്ടിക്കാട്ടി. വി എസ് അച്യുതാനന്ദനെ സംരക്ഷിക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആര്‍ ബാലകൃഷ്ണ പിള്ള ചോദിച്ചു. വി എസിനോട് ഒരു വിട്ടുവീഴ്ചയും കാണിക്കേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും ചൂണ്ടിക്കാട്ടി.

സി ബി ഐ അന്വേഷണം വേണ്ടെന്ന് വെച്ചത് സ്വീകാര്യമല്ലെന്നായിരുന്നു ജോണി നെല്ലൂരിന്റെയും നിലപാട്.

സി ബി ഐ അന്വേഷണം വേണ്ടെന്ന് വെച്ചത് സ്വീകാര്യമല്ലെന്നായിരുന്നു ജോണി നെല്ലൂരിന്റെയും നിലപാട്.
സി ബി ഐ അന്വേഷണം വേണ്ടെന്ന നിലപാടിനോട് പൊതുവില്‍ എതിര്‍പ്പുയര്‍ന്നതോടെ മുഖ്യമന്ത്രി വിശദീകരണം നല്‍കി. കേസ് നടത്തിപ്പില്‍ തുടക്കത്തില്‍ അഡ്വക്കറ്റ് ജനറലിന് വീഴ്ച സംഭവിച്ചെന്നും അതുകൊണ്ടാണ് അറ്റോര്‍ണി ജനറല്‍ സി ബി ഐ അന്വേഷണമില്ലെന്ന നിലപാട് സുപ്രീം കോടതിയില്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സുപ്രീം കോടതിയില്‍ നിന്ന് കടുത്ത വിമര്‍ശമുണ്ടായതോടെയാണ് കേസില്‍ അറ്റോര്‍ണി ജനറല്‍ ഗുലാം വി വഹന്‍വതി ഹാജരായത്. സി ബി ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. സി ബി ഐ അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. മറ്റ് വിശദമായ ചര്‍ച്ചകളൊന്നും യോഗത്തിലുണ്ടായില്ല. ഈ മാസം പത്തിന് വീണ്ടും യോഗം ചേരും.

ഡാറ്റ സെന്റര്‍ ഇടപാട് സി ബി ഐ തന്നെ അന്വേഷിക്കുമെന്ന് യോഗത്തിന് ശേഷം യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു. സി ബി ഐ അന്വേഷിക്കണമെന്നാണ് യു ഡി എഫ് നിലപാട്. അതു മാറ്റേണ്ട സാഹചര്യമില്ല. അന്വേഷണം മന്ത്രിസഭ തീരുമാനിച്ചതാണ്. കോടതിയില്‍ മറുത്തു പറയേണ്ട സാഹചര്യമില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.
ഡാറ്റ സെന്റര്‍ കൈമാറ്റ കേസില്‍ സി ബി ഐ അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചതായി നേരത്തെ കെ മുരളീധരന്‍ എം എല്‍ എയും വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള ചര്‍ച്ചക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മുരളീധരന്‍ ഇക്കാര്യം അറിയിച്ചത്. കോടതിയുടെ ഭാഗത്ത് നിന്നുള്ള പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പാണ് ഇപ്പോഴത്തെ സ്ഥിതിക്കു കാരണം. സി ബിഐ അന്വേഷണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി പറഞ്ഞെന്നും മുരളീധരന്‍ പറഞ്ഞു.

 

 

 

Latest