Connect with us

Gulf

രാജ്യാന്തര അഹിംസാ ദിനാചരണം ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍

Published

|

Last Updated

അബുദാബി: ഇന്ത്യന്‍ മീഡിയ അബുദാബി ഒക്‌ടോബര്‍ നാലിന് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ രാജ്യാന്തര അഹിംസാ ദിനം ആചരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ എംബസി സാംസ്‌കാരിക വിഭാഗം, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍, ഗാന്ധി സാഹിത്യവേദി എന്നിവയുമായി സഹകരിച്ചാണ് പരിപാടി. രാവിലെ ഒമ്പതിനു വിദ്യാര്‍ഥികളുടെ പെയിന്റിംഗ് മല്‍സരത്തോടെയാണ് ആരംഭിക്കുക.
രാവിലെ 11ന് നടക്കുന്ന അഹിംസാ ദിന സമ്മേളനം യു എ ഇ സാംസ്‌കാരിക-യുവജന-സാമൂഹിക കാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പുതിയ ലോഗോ പ്രകാശനവും നടക്കും. ഇന്ത്യന്‍ സ്ഥാനപതി എം കെ ലോകേഷ് ചിത്ര രചന-പെയിന്റിംഗ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. കേരള നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ മുഖ്യാതിഥിയായിരിക്കും.
മൂന്നിന് ഇന്റര്‍ സ്‌കൂള്‍ ക്വിസ് മല്‍സരം നടക്കും. ഒരു സ്‌കൂളില്‍ നിന്നു 13 മുതല്‍ 17 വരെ പ്രായമുള്ള മൂന്നു വിദ്യാര്‍ഥികള്‍ അടങ്ങുന്ന ടീമിനു മല്‍സരിക്കാം. ഏഴിനു സാംസ്‌കാരിക സമ്മേളനം കേരള നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. ക്വിസ് വിജയികള്‍ക്കു യൂണിവേഴ്‌സല്‍ ആശുപത്രി എംഡി ഡോ. ഷെബീര്‍ നെല്ലിക്കോടും പെയിന്റിംഗ് വിജയികള്‍ക്കു ഡോ. പി ബാവഹാജിയും മൈഫുഡ് റെസ്റ്റോറന്റ് എം ഡി ഷിബു വര്‍ഗീസും സമ്മാനം നല്‍കും.
പെയിന്റിംഗ് മല്‍സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കെല്ലാം എംബസി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇന്ത്യന്‍ മീഡിയ പ്രസിഡന്റ് ടി എ അബ്ദുല്‍ സമദ് അധ്യക്ഷനാകും. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ നമൃതകുമാര്‍, എംബസി കള്‍ച്ചറല്‍ വിഭാഗം സെക്രട്ടറി മുഹമ്മദ് ഖാലിഖ്, ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് വി ടി വി ദാമോദരന്‍ പ്രസംഗിക്കും. ഗാന്ധി സാഹിത്യവേദിയുടെ മഹാത്മാ ലഘുനാടകവും അബുദാബിയിലെ വിവിധ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടാവും.
ഡോ. ശബീര്‍ നെല്ലിക്കോട്, ടി എ അബ്ദുല്‍ സമദ്, പി ബാവഹാജി, വി ടി വി ദാമോദരന്‍, ആഗിന്‍ കീപ്പുറം, അനില്‍ സി ഇടിക്കുള, സിബി കടവില്‍, അബ്ദുല്‍ റഹ്മാന്‍, ടി പി ഗംഗാധരന്‍ പങ്കെടുത്തു.

 

Latest