അന്താരാഷ്ട്ര സമൂഹം ഇറാന് മേല്‍ സമ്മര്‍ദം ചെലുത്തണം-ശൈഖ് അബ്ദുല്ല

Posted on: September 30, 2013 8:34 pm | Last updated: September 30, 2013 at 8:34 pm

അബുദാബി: യു എ ഇയുടെ അവിഭാജ്യ ഘടകമായ അബു മൂസ ദ്വീപ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അന്താരാഷ്ട്ര സമൂഹം ഇറാനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആവശ്യപ്പെട്ടു.

യു എന്നില്‍ സംസാരിക്കവേയാണ് ശൈഖ് അബ്ദുല്ല ഈ ആവശ്യം മുന്നോട്ടുവെച്ചത്. അബു മൂസ, ഗ്രെയ്റ്റര്‍ ടണ്‍ബ്‌സ്, ലെസര്‍ ടണ്‍ബ്‌സ് എന്നീ മൂന്ന് ദ്വീപുകളും ഇറാന്‍ കൈയടക്കി വെച്ചിരിക്കുകയാണ്. അറേബ്യന്‍ ഗള്‍ഫില്‍ സ്ഥിതിചെയ്യുന്ന ഈ മൂന്ന് ദ്വീപുകളും യു എ ഇയുടെ അവിഭാജ്യ ഘടകമാണ്.
ഏറെ തന്ത്രപ്രധാന മേഖലയായതിനാല്‍ ഈ പ്രശ്‌നത്തില്‍ അന്താരാഷ്ട്ര സമൂഹമോ അന്താരാഷ്ട്ര നീതിന്യായ കോടതിയോ ഇടപെട്ട് പരിഹാരം ഉണ്ടാക്കണം. രാജ്യത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണിത്.
ഞങ്ങള്‍ ഈ പ്രശ്‌നം സമാധാനമായി പരിഹരിക്കാന്‍ ഇറാനോട് നിരന്തരമായി ആവശ്യപ്പെട്ടുവരികയാണ്. സമാധാനപൂര്‍ണമയ മാര്‍ഗത്തിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടണമെന്നാണ് യു എ ഇ ആഗ്രഹിക്കുന്നത്. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ രാജ്യം ആത്മാര്‍ഥമായാണ് ഇറാനെ സമാധാന ചര്‍ച്ചയിലേക്ക് നിരന്തരം ക്ഷണിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതുവരെയും ഈ വിഷയത്തില്‍ ഇറാനില്‍ നിന്നും ക്രിയാത്മകമായ പ്രതികരണം ഉണ്ടായിട്ടില്ല.
ദ്വീപുകള്‍ക്ക് മേല്‍ യു എ ഇയുടെ പരമാധികാരം പുനഃസ്ഥാപിക്കപ്പെടണമെന്നത് ന്യായമായ ആവശ്യമാണ്. അയല്‍ രാജ്യവുമായി സംസാരിച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനാണ് യു എ ഇ ആഗ്രഹിക്കുന്നത്. ഉഭയകക്ഷി ചര്‍ച്ചയോ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലോ യു എ ഇ സ്വാഗതം ചെയ്യുന്നു. പ്രശ്‌നം പരിഹരിക്കപ്പെടണമെന്നു തന്നെയാണ് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഗ്രഹിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും യു എന്‍ ചാര്‍ട്ടറിനുമുള്ളില്‍ നിന്നുകൊണ്ടുള്ള ഒരു പരിഹാരമാണ് ഈ വിഷയത്തില്‍ ഉണ്ടാവേണ്ടത്. ആണവ പ്രശ്‌നത്തില്‍ ഇറാനും അമേരിക്കക്കും ഇടയില്‍ മഞ്ഞുരുകുന്നതിന് ലോകം സാക്ഷിയായിക്കൊണ്ടിരിക്കേ ഇതോടൊപ്പം രാജ്യത്തിന്റെ പ്രശ്‌നവും പരിഹരിക്കപ്പെടേണ്ടിയിരിക്കുന്നു.
എന്നാല്‍ യു എന്നിലെ ഇറാനിയന്‍ പ്രതിനിധി യു എ ഇയുടെ ആവശ്യം നിരാകരിക്കുകയും മൂന്ന് ദ്വീപുകളും ഇറാന്റെ ഭാഗമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ശൈഖ് അബ്ദുല്ലയുടെ ആവശ്യത്തോടുള്ള പ്രതികരണമായിരുന്നു ഇറാന്‍ പ്രതിനിധി നിഷേധത്തിലൂടെ വ്യക്തമാക്കിയത്.