Connect with us

Kerala

അര്‍ബുദം, പകര്‍ച്ചവ്യാധി ഗവേഷണത്തിനുള്ള ബയോ ഇന്നവേഷന്‍ സെന്ററിന് ഇന്ന് ശിലാസ്ഥാപനം നടത്തും

Published

|

Last Updated

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിക്കു കീഴില്‍ ബയോ ഇന്നൊവേഷന്‍ സെന്ററിന്റെ ആദ്യ ഘട്ടത്തിന് ശിലാസ്ഥാപനം ഇന്ന് ഉച്ചക്ക് യു പി എ അധ്യക്ഷ സോണിയാ ഗാന്ധി നിര്‍വഹിക്കും. അര്‍ബുദ ചികിത്സയിലും പകര്‍ച്ചവ്യാധി നിയന്ത്രണത്തിലും പുതിയ മേഖലകളിലേക്കു കുതിക്കാന്‍ ഉതകുന്നതാണ് ഇന്നവേഷന്‍ സെന്റര്‍. ആക്കുളത്ത് ആര്‍ ജി സി ബിക്കു കീഴിലുള്ള 20 ഏക്കറിലാണ് പദ്ധതി തുടങ്ങുന്നത്. 100 കോടി രൂപയാണ് ആദ്യ ഘട്ട ചെലവ്. ഉദ്ഘാടനത്തിനുശേഷം സെന്ററിലെ അധ്യാപകരും വിദ്യാര്‍ഥികളുമായി സോണിയാ ഗാന്ധി സംവദിക്കും.
ക്യാന്‍സര്‍ വാക്‌സിനുകളും ബന്ധപ്പെട്ട മറ്റ് ഉത്പന്നങ്ങളും നാനോ ഔഷധ വിതരണ സംവിധാനവും ഉള്‍പ്പെടെയുള്ളവ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രമായും വിജ്ഞാന കേന്ദ്രമായാണ് ബയോ ഇന്നൊവേഷന്‍ സെന്ററിന്റെ ആദ്യ ഘട്ടം പ്രവര്‍ത്തിക്കുക. ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ബിരുദ, ബിരുദാനന്തര ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കായി ലോക നിലവാരത്തില്‍ ജൈവ സാങ്കേതികവിദ്യയില്‍ വിദ്യാഭ്യാസവും പരിശീലനവും ഈ കേന്ദ്രം വഴി നല്‍കും.
ആദ്യ ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന 1.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം 2016ല്‍ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് കരുതുന്നത്. ഗവേഷണ ലബോറട്ടറികള്‍, മികച്ചയിനം ഉപകരണ സംവിധാനങ്ങള്‍, മൃഗങ്ങളില്‍ പരീക്ഷണം നടത്തുന്നതിനുള്ള ലാബുകള്‍ തുടങ്ങിയവയെല്ലാം ഇവിടുണ്ടാകും. വിവിധ പദ്ധതികളിലായി പ്രവര്‍ത്തിക്കുന്ന 200 വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പുറമേ 35 ശാസ്ത്രജ്ഞരും സാങ്കേതികരംഗത്ത് 20 ജീവനക്കാരും ഇവിടെയുണ്ടാകും.
നാനോ ബയോടെക്‌നോളജി, പെപ്‌റ്റൈഡ് ആന്റിബയോട്ടിക്‌സ്, മോളിക്യുലര്‍ ഡയഗ്നോസ്റ്റിക്‌സ് എന്നിവയുടെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടെ പ്രവര്‍ത്തിപ്പിക്കേണ്ട മൂന്ന് ലബോറട്ടറികള്‍, സെന്ററിന്റെ ഉദ്ഘാടനം വരെ കിന്‍ഫ്ര വീഡിയോ പാര്‍ക്കിലെ അരലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ക്യാമ്പസിലേക്കു മാറ്റും. ഡിസീസ് ബയോളജിയിലും മോളിക്യുലര്‍ മെഡിസിനിലും സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി കേന്ദ്രത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ. എം രാധാകൃഷ്ണ പിള്ള പറഞ്ഞു. ക്യാന്‍സര്‍ വാക്‌സിനുകള്‍, ഇമ്യൂണോളജി, ബയോമാര്‍ക്കേഴ്‌സ് എന്നിവയായിരിക്കും കേന്ദ്രത്തിന്റെ പ്രധാന ശ്രദ്ധാമേഖലകള്‍.
ക്യാന്‍സര്‍ ചികില്‍സാ രംഗത്ത് റേഡിയേഷന്‍ തെറാപ്പിക്കും കീമോതെറാപ്പിക്കും പകരം പാര്‍ശ്വഫലങ്ങളില്ലാത്ത വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കാന്‍ ലോകവ്യാപകമായി ഗവേഷണങ്ങള്‍ നടന്നു വരുന്നുണ്ടെന്ന് ഡോ. രാധാകൃഷ്ണ പിള്ള പറഞ്ഞു. സാമൂഹിക സാമ്പത്തിക മേഖലകളില്‍ വിപ്ലവകരമായ ഫലങ്ങള്‍ക്ക് കാരണമായേക്കാവുന്ന നിരവധി കണ്ടുപ്പിടിത്തങ്ങളിലേക്ക് വഴിതെളിക്കുന്ന ഗവേഷണങ്ങള്‍ക്ക് ഏറെ സാധ്യതകളുള്ള മേഖലയാണിതെന്ന് അദ്ദേഹം പറഞ്ഞു. നാനോ ബയോസയന്‍സും ന്യൂറോ സയന്‍സും ഉള്‍പ്പെടെ നിരവധി മേഖലകളില്‍ ഇപ്പോള്‍ത്തന്നെ ഒട്ടേറെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ആര്‍ ജി സി ബിയില്‍ നടക്കുന്നുണ്ട്. ക്യാന്‍സറിന്റെയും ക്ഷയം, ഡെങ്കി, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികളുടെയും മറ്റും പ്രതിരോധത്തിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ ഇവിടെ നടക്കുന്നുണ്ട്. ഈ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ ബി ഐ സി സഹായിക്കും.
ബി ഐ സിയുടെ രണ്ടാം ഘട്ടമായി 2.5 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് അഡ്വാന്‍സ് സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ ആന്‍ഡ് സെല്ലുലാര്‍ തെറാപ്യൂട്ടിക്‌സ് തുടങ്ങാനാണ് പദ്ധതി. റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ ഇവിടെ 75 കിടക്കകളുള്ള ആശുപത്രിയും ഉണ്ടാകും. ക്യാന്‍സര്‍ വാക്‌സിനുകളുടെയും ഇമ്യൂണോ തെറാപ്യൂട്ടിക്‌സിന്റെയും ക്ലിനിക്കല്‍ ട്രയലുകള്‍ക്കു പുറമെ സ്‌റ്റെം സെല്‍ മാറ്റിവെക്കല്‍, ജീന്‍ തെറാപ്പി, മോളിക്യുലര്‍ ട്യൂമര്‍ ടാര്‍ഗറ്റിംഗ് ആന്‍ഡ് ഇമേജിംഗ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള ക്യാന്‍സര്‍ തെറാപ്പികളുടെയും മികച്ച കേന്ദ്രമായിരിക്കും ഇത്.
രണ്ടാം ഘട്ടത്തില്‍ നിക്ഷേപകര്‍ക്കും ബയോടെക് കമ്പനികള്‍ക്കും സംരംഭകര്‍ക്കും പ്രീ ക്ലിനിക്കല്‍, അനലിറ്റിക്കല്‍, ടോക്‌സിക്കോളജിക്കല്‍, ബയോളജിക്കല്‍ രീതികളിലൂടെ ബയോടെക്, ബയോളജിക്കല്‍ ഉത്പന്നങ്ങള്‍ പരീക്ഷിച്ചു ബോധ്യപ്പെടാനുള്ള സൗകര്യങ്ങളും ഇവിടെ ലക്ഷ്യം വെക്കുന്നുണ്ട്.

---- facebook comment plugin here -----

Latest