റോഡപകടങ്ങള്‍ കൂടുന്നു; ശക്തമായി ഇടപെടണം വികസന സമിതി

Posted on: September 29, 2013 7:25 am | Last updated: September 29, 2013 at 7:25 am

പാലക്കാട്: ജില്ലയില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്ന് ജില്ലാ വികസനസമിതി യോഗം നിര്‍ദ്ദേശിച്ചു. ജില്ലയിലെ എല്ലാ വിഭാഗം ഡ്രൈവര്‍മാര്‍ക്കും അപകടങ്ങള്‍ കു റക്കുന്നതു സംബന്ധിച്ച് പരിശീലനം നല്‍കണം. ഇതിനായി എന്തെല്ലാം നടപടികളാണ് ജില്ലയില്‍ നടത്തിയിട്ടുള്ളതെന്ന് എം എല്‍ എ മാരായ അഡ്വ. വി ടി ബല്‍റാം, എം ഹംസ എന്നിവര്‍ ആരാഞ്ഞു. ഒക്‌ടോബര്‍ രണ്ടിനകം വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ആര്‍ ടി ഒ. ടി മുഹമ്മദ് നജീബ് അറിയിച്ചു. ഇത് കര്‍ശനമായി നടപ്പിലാക്കും. സ്പീഡ് ഗവര്‍ണറുടെ ലഭ്യതക്കുറവ് നിലനില്‍ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഓടിച്ചുനോക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
ജില്ലയില്‍ വാഹനപരിശോധനയ്ക്കായി നാലു സ്‌കോഡുകളും നിലവിലുണ്ട്. രാത്രികാലങ്ങളില്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി പ്രത്യേക സ്‌ക്വോഡ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതിനു പുറമെ ഹെല്‍മറ്റ് പരിശോധനയും ലൈസന്‍സ് പരിശോധനയും നടത്തിവരുന്നു. പുതിയ ലൈസന്‍സിനായി അപേക്ഷിച്ചവര്‍ക്ക് റോഡ് സുരക്ഷയില്‍ പ്രത്യേക പരിശീലനം നല്‍കുന്നതായി ആര്‍ ടി ഒ പറഞ്ഞു.
സ്‌കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകപരിശീലനം നല്‍കുന്നതിനോടൊപ്പം നേത്രപരിശോധനയും നടത്തണമെന്ന് ജില്ലാവികസനസമിതിയില്‍ അധ്യക്ഷതവഹിച്ച ജില്ലാകലക്ടര്‍ കെ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കൂളിംഗ് ഫിലിം ഒട്ടിക്കല്‍, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കല്‍ എന്നിവ ഇപ്പോഴും തുടരുന്നുണ്ടെന്ന് ആര്‍ ടി ഒ പറഞ്ഞു. ഇത് കര്‍ശനമായി നിയന്ത്രിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. കാഞ്ഞിരപ്പുഴ പൂഞ്ചോലയില്‍ വനം വകുപ്പ് വ്യാപകമായി കുടിയൊഴിപ്പിക്കല്‍ നീക്കം നടക്കുന്നതായി കെ വി വിജയദാസ് എംഎല്‍ എ പറഞ്ഞു.
നികുതി ഒടുക്കുന്ന ഇവരെ പെട്ടെന്ന് കുടിയൊഴിപ്പിക്കാനുള്ള സാഹചര്യമെന്തെന്ന് എം എല്‍ എ ആരാഞ്ഞു. നിയമസഭാ പെറ്റീഷന്‍ സമിതിയുടെ സംയുക്ത പരിശോധനയില്‍ ഇവരുടെ പട്ടയം നിയമപരമാണെന്ന് കണ്ടെത്തിയിട്ടും വനഭൂമിയെന്നാരോപിച്ച് വനം വകുപ്പ് മേഖലയില്‍ 60 ഓളം പേരെ കുടിയിറക്കുന്നത് ഒഴിവാക്കാന്‍ അടിയന്തിര നടപടിയെടുക്കണമെന്ന് എം എല്‍ എ. ആവശ്യപ്പെട്ടു. വനഭൂമി കയ്യേറ്റം തടയാനുള്ള ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയതെന്ന് മണ്ണാര്‍ക്കാട് ഡി എഫ് ഒ പറഞ്ഞു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
വനംവകുപ്പിന്റെ അലംഭാവം മൂലം മുക്കാലി-കള്ളമല റോഡ് നിര്‍മാണം പ്രതിസന്ധിയിലായതായി അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എ പറഞ്ഞു. എം എല്‍ എ ഫണ്ടില്‍ നിന്ന് മൂന്നരക്കോടി ചെലവില്‍ നിര്‍മിക്കുന്ന റോഡിന്റെ പ്രവര്‍ത്തനം മൂന്നുമാസം മുമ്പ് ആരംഭിച്ചിരുന്നു. വനംവകുപ്പില്‍ നിന്ന് ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം ലഭിച്ചതായും മുമ്പിവിടെ ബ്ലോക്ക് പഞ്ചായത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ നടന്നിരുന്നതായും എം എല്‍ എ പറഞ്ഞു.
വനംവകുപ്പിന്റെ ഇത്തരം പ്രവൃത്തികള്‍ നിരുത്തരവാദപരമാണെന്നും തന്റെ ഫണ്ടില്‍ നിന്ന് 3.5 കോടി രൂപ നഷ്ടമായതായും എം എല്‍ എ പറഞ്ഞു. വയനാടുനിന്നും രോഗബാധിതനായ മോഴയാനയെ ശിരുവാണി റിസര്‍വ് വനത്തില്‍ കൊണ്ടുവന്ന നടപടി നീതീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.