Connect with us

Kerala

ഡാറ്റാ സെന്റര്‍ കൈമാറ്റം: സര്‍ക്കാര്‍ നടപടിയില്‍ യു ഡി എഫില്‍ അതൃപ്തി

Published

|

Last Updated

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെട്ട ഡാറ്റ സെന്റര്‍ കൈമാറ്റ കേസില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാടില്‍ യു ഡി എഫിനുള്ളില്‍ കടുത്ത അതൃപ്തി. സി ബി ഐ അന്വേഷണത്തിന് മന്ത്രിസഭ തീരുമാനിച്ച് ഒന്നര വര്‍ഷം പിന്നിട്ടശേഷം അങ്ങനെയൊരു തീരുമാനമില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചതിനെച്ചൊല്ലിയാണ് വിവാദം ചൂടുപിടിച്ചത്. വിഷയം സംബന്ധിച്ച് കോണ്‍ഗ്രസ് ഐ വിഭാഗവും ഘടക കക്ഷികളും കടുത്ത നിലപാടുമായി രംഗത്തെത്തി. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചു. സി പി എമ്മിനെ സഹായിക്കാനാണ് സി ബി ഐ അന്വേഷണം വേണ്ടെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കെ മുരളീധരന്‍ ആരോപിച്ചു.
വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിന്റെ ചാരനായി സര്‍ക്കാറിനുള്ളില്‍ ഒരു മന്ത്രി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇയാളാണ് നന്ദകുമാറിന് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ആരോപിച്ചു. ആഭ്യന്തര വകുപ്പിന് വീഴ്ച സംഭവിച്ചതായി ലീഗ് നേതൃത്വവും കുറ്റപ്പെടുത്തി. അതേസമയം, കേസില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ന്യായീകരിച്ചു. ഭരണപരമായ തീരുമാനം നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. കോടതിയില്‍ നിന്ന് വിമര്‍ശം ഉണ്ടായ സാഹചര്യത്തിലാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി പി എമ്മിന് സഹായകരമാകുന്ന തരത്തില്‍ വ്യവഹാര ദല്ലാള്‍ ടി ജി നന്ദകുമാറിന് അനുകൂലമായ നിലപാട് സര്‍ക്കാര്‍ എടുത്തു എന്നതാണ് വിമര്‍ശത്തിന്റെ അടിസ്ഥാനം. ആഭ്യന്തരമന്ത്രിക്ക് നന്ദകുമാറുമായി ബന്ധമുണ്ടെന്ന നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ലക്ഷ്യമിട്ടാണ് പുതിയ ആരോപണവും ഉയര്‍ന്നു വന്നിട്ടുള്ളത്. അതിലുപരി സോണിയാ ഗാന്ധിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് സര്‍ക്കാറിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള പുതിയ പ്രശ്‌നം കൂടി ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ഐ ഗ്രൂപ്പ് താത്പര്യവും ഇപ്പോഴത്തെ നീക്കത്തിന് പിന്നിലുണ്ട്.
മന്ത്രിസഭയുടെ അനുമതിയില്ലാതെ ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പി സി ജോര്‍ജാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കേസില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. വി എസ് അച്യുതാനന്ദന്‍, ഐ ടി മിഷന്‍ സെക്രട്ടറിയും മുന്‍ ഡി ജി പിയുമായ മോഹന്‍ സുകുമാരന്‍ എന്നിവരാണ് എതിര്‍ കക്ഷികള്‍. റിലയന്‍സ് കണ്‍സള്‍ട്ടന്റായ നന്ദകുമാറിനെതിരെയും ഹരജിയില്‍ പരാമര്‍ശമുണ്ട്.

 

---- facebook comment plugin here -----