Connect with us

Kerala

പാത ഇരട്ടിപ്പിക്കല്‍ മംഗലാപുരം ഡിവിഷന്‍ രൂപവത്കരിക്കാന്‍

Published

|

Last Updated

പാലക്കാട്: മംഗലാപുരം- ഷൊര്‍ണൂര്‍ പാത ഇരട്ടിപ്പിക്കുന്നത് മംഗലാപുരം ഡിവിഷന്‍ രൂപവത്കരണത്തിന് ആക്കം കൂട്ടാനെന്ന് സൂചന. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കും മലബാറിലെ സ്റ്റേഷനുകളുടെ വികസനത്തിനും പണം കണ്ടെത്താതെയാണ് 750 കോടി രൂപയുടെ അധിക ബാധ്യത വരുന്ന ഡിവിഷന്‍ രൂപവത്കരണവുമായി റെയില്‍വെ മുന്നോട്ട് പോകുന്നതെന്നാണ് ആക്ഷേപം. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേന്ദ്ര റെയില്‍വേ മന്ത്രിയായപ്പോഴാണ് മംഗലാപുരം ഡിവിഷന്‍ രൂപവത്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. റെയില്‍വേ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യ മാസം തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉന്നത റയില്‍വേ ഉദ്യോഗസ്ഥരും കര്‍ണാടകയിലെ ജനപ്രതിനിധികളും മംഗലാപുരത്ത് യോഗം ചേര്‍ന്ന് ഡിവിഷന്‍ രൂപവത്കരണ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
മംഗലാപുരം ഡിവിഷന്‍ രൂപവത്കരണത്തിന്റെ ഭാഗമായി പാലക്കാട് ഡിവിഷനിലെ 92 റെയില്‍വേ സ്റ്റേഷനുകളിലെ 49 എണ്ണം മംഗലാപുരം സ്റ്റേഷനോട് ചേര്‍ക്കാനും ശ്രമമുണ്ട്. മംഗലാപുരത്തെ ചെറു സ്റ്റേഷനുകള്‍ 250 കോടി രൂപ ചെലവിട്ട് വികസിപ്പിക്കുന്നതിന് റെയില്‍വെ തയ്യാറാക്കിയ പദ്ധതി മരവിപ്പിച്ച് പാലക്കാട് ഡിവിഷന്‍ തിരുവനന്തപുരം ഡിവിഷനോട് ലയിപ്പിക്കുന്നതിനുള്ള സാധ്യതാ പഠനത്തിന് എന്‍ജിനീയറിംഗ് കോറിനെ ഏര്‍പ്പെടുത്തിയതിന് പുറമെ 1994ല്‍ ആരംഭിച്ച ഷൊര്‍ണൂര്‍- മംഗലാപുരം പാത ഇരട്ടിപ്പിക്കല്‍ യുദ്ധാകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി മംഗലാപുരം ഡിവിഷന്‍ രൂപവത്കരണത്തിന് ആക്കം കുട്ടാനും റെയില്‍വെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

22 ദിവസം ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ അടച്ചിട്ട്, സര്‍വീസ് നടത്തുന്ന 82 സര്‍വീസുകളില്‍ 38 എണ്ണം റദ്ദാക്കിയും 44 എണ്ണം വഴി തിരിച്ച് വിട്ടും പാത ഇരട്ടിപ്പിക്കല്‍ ദ്രുതഗതിയിലാണ് നടന്നുവരുന്നത്.
മംഗലാപുരം ഡിവിഷന്‍ രൂപവത്കരിക്കുമ്പോള്‍ 26 കോച്ചുകള്‍ നിര്‍ത്തിയിടാന്‍ സൗകര്യമുള്ള ഏഴ് പ്ലാറ്റ്‌ഫോമുകളും നാല് പ്രധാന പാതകളെ കൂട്ടിയിണക്കുന്ന സിഗ്നലിംഗ് സംവിധാനങ്ങളുള്ള ഷൊര്‍ണൂര്‍ സ്റ്റേഷന്‍ പ്രധാന യാര്‍ഡായി ഉപയോഗിക്കാനാണ് കര്‍ണാടകയുടെ നീക്കം. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും ചെറിയ ഡിവിഷനുകളില്‍ ഒന്നായി മാറുന്ന പാലക്കാടിനെ തിരുവനന്തപുരം ഡിവിഷനില്‍ ലയിപ്പിക്കാനുള്ള നിര്‍ദേശത്തിനും റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കുമെന്നാണ് സൂചന.
ഇതിനിടെ ഷൊര്‍ണൂര്‍- മംഗലാപുരം പാത ഇരട്ടിപ്പിക്കലിന്റെ മറവില്‍ പാസഞ്ചര്‍ ട്രെയിനുകളുടെ കോച്ചുകള്‍ ചെന്നൈയിലേക്ക് കൊണ്ടുപോകാനും അണിയറ ശ്രമം നടന്നു വരികയാണ്. പാലക്കാട് ഡിവിഷനിലെ 36 കോച്ചുകള്‍ ചെന്നൈയിലേക്ക് കൊണ്ടുപോകാനാണ് റെയില്‍വേ അധികൃതരുടെ നീക്കം. ഷൊര്‍ണൂര്‍ -കാരക്കാട് റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിനും സിഗ്‌നലിംഗ് സംവിധാനം പൂര്‍ത്തിയാക്കുന്നതിനുമായി 22 ദിവസത്തേക്ക് നിര്‍ത്തി വെച്ച പാസഞ്ചര്‍ ട്രെയിനുകളുടെ കോച്ചുകളാണ് ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ അധികൃതര്‍ നീക്കം നടത്തുന്നത്. ഇത് സംബന്ധിച്ച് റെയില്‍വേ ഡിവിഷന്‍ മാനേജര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
എട്ട് റേക്കുകളാണ് പാസഞ്ചര്‍ സര്‍വീസിനായി പാലക്കാട് ഡിവിഷനില്‍ ഉപയോഗിക്കുന്നത്. ഇതില്‍ ഒന്ന് നിലമ്പൂര്‍ അങ്ങാടിപ്പുറം സര്‍വീസിനും രണ്ടെണ്ണം തിരുവനന്തപുരം ഡിവിഷനിലും മറ്റൊന്ന് കോയമ്പത്തൂരിലും സര്‍വീസ് നടത്തുന്നുണ്ട്. ബാക്കിയുള്ളവയില്‍ മൂന്ന് റേക്കുകളിലെ കോച്ചുകളാണ് ഷൊര്‍ണൂരിലെ നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ നീക്കം നടക്കുന്നത്. മൂന്ന് റേക്കുകളിലായി 36 കോച്ചുകളാണുള്ളത്. ഇത്രയും കോച്ചുകള്‍ കൊണ്ടുപോയാല്‍ പിന്നീട് ഇവ പൂര്‍ണമായും തിരിച്ചെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാലക്കാട് ഡിവിഷനിലെ പാസഞ്ചര്‍ സര്‍വീസുകള്‍ താറുമാറാകുകയും ചെയ്യും.