പെട്രോള്‍ വില കുറയും: വീരപ്പ മൊയ്‌ലി

Posted on: September 28, 2013 12:25 am | Last updated: September 28, 2013 at 12:25 am

ന്യൂഡല്‍ഹി: പെട്രോള്‍ വില കുറയുമെന്ന് മന്ത്രി വീരപ്പ മൊയ്‌ലി. അഞ്ച് മാസത്തിനിടെ ഇതാദ്യമായാണ് പെട്രോള്‍ വില കുറയാന്‍ പോകുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ നിരക്ക് കുറയും. ഈ മാസം അവസാനം വില കുറക്കുന്നത് സംബന്ധിച്ച തീരുമാനം പുറത്തു വിടും. എണ്ണക്കമ്പനികളുടെ യോഗം ഇതിനായി ചേരുന്നുണ്ട്. ഡോളറിനെതിരെ രൂപ ശക്തമായ സാഹചര്യത്തിലാണ് പെട്രോള്‍ വില കുറക്കുന്നത്. പെട്രോള്‍ വിലയില്‍ അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് മാറ്റമുണ്ടാകുമെന്നും അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ മാസം അവസാനത്തിനകം വില കുറയുമോയെന്ന ചോദ്യത്തിന് സാധ്യതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വില എത്രകുറക്കണമെന്ന് തീരുമാനിക്കുന്നത് പെട്രോളിയം കമ്പനികളാണെന്നും അദ്ദേഹം വ്യക്തമാക്കി. ലിറ്ററിന് ഒന്നു മുതല്‍ മൂന്ന് വരെ രൂപ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പല തവണയായി പെട്രോളിന് 10.80 രൂപയാണ് ഇതിനകം വര്‍ധിച്ചത്. നികുതികള്‍ ഉള്‍പ്പെടെ വില വര്‍ധിച്ചത് 13.06 രുപയാണ്. അവസാനമായി ഈ മാസം 14 നാണ് ലിറ്ററിന് 1.63 രൂപ കൂട്ടിയത്.