ചൊവ്വാ ദൗത്യപേടകം ശ്രീഹരിക്കോട്ടയില്‍ നിന്ന് ഒക്‌ടോബര്‍ 28 ന് വിക്ഷേപിക്കും: കെ രാധാകൃഷ്ണന്‍

Posted on: September 28, 2013 12:14 am | Last updated: September 28, 2013 at 12:14 am

കോഴിക്കോട്: ഇന്ത്യയുടെ ചൊവ്വാ ദൗത്യപേടകം ശ്രീഹരിക്കോട്ടയില്‍ നിന്ന് ഒകടോബര്‍ 28ന് വിക്ഷേപിക്കുമെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍. പേടകം നവംബര്‍ പകുതിയോടെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ചൊവ്വയിലേക്ക് പര്യവേക്ഷണം ആരംഭിക്കുമെന്നും 2014 സെപ്തംബറോടെ ചൊവ്വയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടോയെന്ന് പേടകമുപയോഗിച്ച് പരിശോധിക്കും. ചൊവ്വയിലെ മിഥേയിന്റെ സാന്നിധ്യമാണ് പ്രധാനമായും പഠിക്കാന്‍ പോകുന്നത്. കഴിഞ്ഞ മാസം വിക്ഷേപണ തടസ്സം നേരിട്ട ജി എസ് എല്‍ വി ജിയോഗ്രാഫിക് സാറ്റലൈറ്റിന്റെ പുനര്‍വിക്ഷേപണം ഡിസംബര്‍ 25ന് നടത്തും. കഴിഞ്ഞ ആഗസ്റ്റ് 19ന് വിക്ഷേപണത്തിന്റെ അവസാന്യൂരണ്ട് മണിക്കൂറിലുണ്ടായ ഇന്ധന്യൂചോര്‍ച്ചയെ്യൂ തുടര്‍ന്നാണ് അന്ന് വിക്ഷേപണം പരാജയപ്പെട്ടത്.
മത്സ്യബന്ധന മേഖലയിലെ ദിശാ നിര്‍ണയ സംവിധാനത്തിന് ഉപയോഗിക്കുന്ന റിമോര്‍ട്ട് നിയന്ത്രണ ഉപഗ്രഹ സംവിധാനകേന്ദ്രം മാഹിയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ശാസ്ത്രത്തിന്റെ അനന്തസാധ്യതകളുപയോഗിച്ച് ഉപഗ്രഹ സാങ്കേതിക വിദ്യയുടെ ഉന്നമനം മാത്രമല്ല ലക്ഷ്യം വെക്കുന്നതെന്നും മനുഷ്യന് ഹാനികരമല്ലാത്ത തോതില്‍ പരീക്ഷണം നടത്തുന്നതില്‍ ഇന്ത്യയാണ് മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനെ ഉള്‍ക്കൊള്ളിച്ചുള്ള ഉപഗ്രഹ വിക്ഷേപണത്തിനായി ഇന്ത്യ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി വരികയാണ്.
ബഹിരാകാശ ഗവേഷണം നടത്തുന്ന ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് ആറാം സ്ഥാനമാണുള്ളത്. ഭൂകമ്പം, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനുള്ള ശാസ്ത്ര സാങ്കേതിക വിദ്യ ഇതുവരെ ഒരൊറ്റ രാജ്യവും വികസിപ്പിച്ചിട്ടില്ല. പത്ത് വര്‍ഷത്തിനുള്ളില്‍ ഭൂകമ്പം ഉണ്ടാകുമോയെന്ന് കണ്ടെത്താന്‍ സാധിക്കുന്ന വിധത്തില്‍ ശാസ്ത്രം പുരോഗമിക്കുമെന്നും അദ്ദേഹം പറഞ്ഞു.