Connect with us

Gulf

ചില സ്ഥാപനങ്ങള്‍ ഓവര്‍ടൈം ശമ്പളം അവഗണിക്കുന്നു

Published

|

Last Updated

ദുബൈ: രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം ബേങ്ക് വഴിയാക്കിയ ഡബ്ല്യു പി എസിന്റെ മറവില്‍ ചില സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ അധിക ജോലിക്കുള്ള വേതനം ഒഴിവാക്കുന്നതായി പരാതി. ശമ്പള സുരക്ഷാ സംവിധാനം ഒരളവോളം സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ആശ്വാസം പകരുന്നതായി വിലയിരുത്തപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇതിന്റെ മറവില്‍, ചില സ്ഥാപനങ്ങള്‍ മണിക്കൂറുകള്‍ അധിക ജോലി ചെയ്യിപ്പിച്ച് വേതനം നല്‍കാതിരിക്കുന്നത്.
പുതിയ നിയമമനുസരിച്ച് തൊഴില്‍ കരാറില്‍ കാണിച്ച അടിസ്ഥാന ശമ്പളവും ആനുകൂല്യങ്ങളും മാത്രമാണ് തൊഴിലാളിയുടെ പേരില്‍ ബേങ്കില്‍ നിക്ഷേപിക്കേണ്ടത്. അധിക സമയം ജോലിയുടെ കണക്കുകള്‍ തൊഴില്‍ കരാറില്‍ ഉണ്ടാവുകയില്ല എന്നതിനാലാണ് ചില സ്ഥാപന അധികൃതര്‍ തൊഴിലാളികളെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നത്.
അധിക സമയം ജോലിക്കുള്ള കൂലി തൊഴിലാളികളുടെ അവകാശമാണെന്നും അത് നിഷേധിക്കാന്‍ ഒരു ന്യായവുമില്ലെന്നും തൊഴില്‍ മന്ത്രാലയ അസി. അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദീമാസ് പറഞ്ഞു.
ഇത്തരം അവകാശലംഘനങ്ങള്‍ക്ക് ഇരയായ തൊഴിലാളികള്‍ക്ക് തൊഴില്‍ മന്ത്രാലയത്തെ സമീപിക്കാമെന്നും മന്ത്രാലയം ഇടപെട്ട് അവകാശങ്ങള്‍ നേടിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങളുടെ ഭാഗമായുള്ള “റാതിബീ”യിലൂടെ പരാതികള്‍ സമര്‍പ്പിക്കാമെന്നും വളരെ രഹസ്യ സ്വഭാവത്തില്‍ അവ കൈകാര്യം ചെയ്ത് തീരുമാനത്തിലെത്തുമെന്നും തൊഴില്‍ മന്ത്രാലയ അസി. അണ്ടര്‍ സെക്രട്ടറി പറഞ്ഞു.