Connect with us

Wayanad

കര്‍ഷകര്‍ക്കെതിരെ ജപ്തി നടപടി; പ്രതിഷേധം വ്യാപകം

Published

|

Last Updated

മാനന്തവാടി: സംസ്ഥാന സര്‍ക്കാര്‍ വയനാട് ജില്ലയിലെ കര്‍ഷകര്‍ക്കെതിരെ ജപ്തി നടപടികളുമായി രംഗത്തെത്തിയതോടെ പ്രതിഷേധം വ്യാപകമായി. മാനന്തവാടി താലൂക്കിലെ വാളാട് വില്ലേജിലെ പാലാക്കുഴി സിദ്ധിഖിനാണ് സംസ്ഥാന സഹകരണ ബേങ്കില്‍ നിന്നും എടുത്ത വായ്പ ഈടാക്കുന്നതിനായി ജപ്തി നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരെ എടുക്കുന്ന ജപ്തി നടപടികള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു എന്നു പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഈ പ്രഖ്യാപനത്തെ മറികടന്നാണ് ജില്ലയിലെ പല കര്‍ഷകര്‍ക്കെതിരേയും ജപ്തി ഭീഷണിയുമായി കടന്നു വരുന്നത്. സര്‍ക്കാരിന്റെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കിന്റെ ഭാഗത്തുനിന്നാണ് ഈ നടപടി.
കാലവര്‍ഷക്കെടുതി, രാസവിള വര്‍ദ്ധന, നിത്യോപയോഗ സാധങ്ങളുടെ വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ജപതി ഭീഷണിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. കാര്‍ഷിക കടം കൊണ്ട് പൊറുതിമുട്ടി 37 കര്‍ഷകരാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ കാലവര്‍ഷത്ത് ജില്ലയിലെ ഹെക്ടറു കണക്കിന് സ്ഥലത്തെ കൃഷിയാണ് നശിച്ചത്. 2011, 12, 13 വര്‍ഷങ്ങളിലെ കൃഷി നഷ്ടത്തിനുള്ള നഷ്ടപരിഹാരം ഇതുവരെ വിതരണം ചെയ്തിട്ടില്ല. ജപ്തി നടപടികള്‍ക്ക് സര്‍ക്കാര്‍ മുതിര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കര്‍ഷക സംഘം മാനന്തവാടി ഏരിയാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ഉഷാ നാരായണന്‍ അധ്യക്ഷയായി. കെ എം വര്‍ക്കി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി ഗോപാലകൃഷ്ണന്‍, പി റ്റി ബേബി, എന്‍ എം സണ്ണി, കെ വി ബഷീര്‍, എം പോക്കു എന്നിവര്‍ സംസാരിച്ചു.