Connect with us

Wayanad

പഞ്ചായത്ത് ഭരണസമിതിയംഗങ്ങളെ പ്രതിഷേധക്കാര്‍ തടഞ്ഞു

Published

|

Last Updated

സുല്‍ത്താന്‍ബത്തേരി: ബത്തേരി ടൗണിലെ റോഡരുകിലെ ഓവുചാലില്‍ എരുമക്കിടാവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തി.
ഗാന്ധി ജംങ്ഷനോട് ചേര്‍ന്ന വണ്‍വേ റോഡിലെ ഓവുചാലില്‍ ഗര്‍ഭാസ്ഥാവസ്ഥയിലുള്ള എരുമക്കിടാവിന്റെ തലയും കൈകാലുകളും ചേര്‍ന്ന മാംസാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ വഴിപോക്കര്‍ കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. വയറ്റിലെ ഗര്‍ഭസ്ഥശിശുവിന്റെയും ഉരുവിന്റെയും മാംസം വില്‍പ്പന നടത്തിയെന്ന് വാര്‍ത്ത പരന്നതോടെ നാട്ടുകാരും ചില രാഷ്ട്രീപാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് ഭരണസമിതിയംഗങ്ങളെ പ്രതിഷേധക്കാര്‍ തടഞ്ഞുനിര്‍ത്തി. വിവരമറിഞ്ഞ് ബത്തേരി സി ഐ ജസ്റ്റിന്‍ അബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസെത്തി പ്രതിഷേധക്കാരുമായും പഞ്ചായത്ത് ഭരണസമിതിയുമായും ചര്‍ച്ച നടത്തിയാണ് പ്രതിഷേധക്കാരെ ശാന്തരാക്കിയത്.
ഓവുചാലില്‍ കാണപ്പെട്ട എരുമക്കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനും ഇറച്ചി മാര്‍ക്കറ്റില്‍ നിന്ന് സാമ്പിള്‍ പരിശോധനക്കെടുക്കാനും തീരുമാനമായിട്ടുണ്ട്. ഇത്തരം നികൃഷ്ടമായ പ്രവൃത്തി ആരുടെ പക്ഷത്ത് നിന്നുണ്ടായതാണെങ്കിലും മുഖം നോക്കാതെ നടപടി കൈകൊള്ളാന്‍ പൊലീസിനോട് രേഖാമൂലം ആവശ്യപ്പെട്ടതായി പഞ്ചായത്ത് ഭരണസമിതി നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ബത്തേരിയിലെ വിവിധ രാഷ്ട്രീയപാര്‍ട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍വ്വകക്ഷിയോഗവും ചേര്‍ന്നു. മാംസവ്യാപാരികള്‍ അറക്കുന്ന ഉരുക്കളെ ഡോക്ടറെ കൊണ്ട് പരിശോധന നടത്തിയ ശേഷം അറക്കാനുള്ള നടപടി ഉടന്‍ കൈകൊള്ളുമെന്നും ഇപ്പോള്‍ അറക്കുന്ന സ്ഥലങ്ങള്‍ സാനിറ്ററി ഇന്‍സ്‌പെക്ടര്‍ പരിശോധന നടത്തുമെന്നും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട രീതിയിലുള്ള മാംസം നല്‍കാന്‍ നടപടി കൈകൊള്ളുമെന്നും ഇവര്‍ അറിയിച്ചു. പ്രസിഡന്റ് ഒ എം ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് ഭാനു പുളിക്കല്‍, പഞ്ചായത്തംഗങ്ങളായ സി പി അയൂബ്, പി എല്‍ സാബു, ഇ ഡി സലീം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. അതേസമയം, ചില കുബുദ്ധികള്‍ മനപൂര്‍വ്വം ഈ സംഭവം തങ്ങളുടെ തലയില്‍ ചാര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മത്സ്യമാംസ മാര്‍ക്കറ്റ് അസോസിയേഷന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തങ്ങള്‍ വില്‍പ്പന നടത്തുന്ന മാടുകളുടെ അവശിഷ്ടങ്ങള്‍ പന്നിവളര്‍ത്തുകാരാണ് കൊണ്ടുപോകുന്നത്. രക്തം ബയോഗ്യാസ് പ്രവര്‍ത്തിക്കുന്നതിനും കൊണ്ടുപോകുന്നുണ്ട്. ബോട്ടി വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. തലയും എല്ലുകളും അപ്പോള്‍ തന്നെ ലോറിയില്‍ കയറ്റി മേപ്പാടിയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്.
ഇതിന് തങ്ങള്‍ക്ക് പ്രതിഫലവും ലഭിക്കുന്നുണ്ട്. മൂക്കിന് താഴെ ഇത്തരം നീചകൃത്യം ചെയ്യാന്‍മാത്രം വിഡ്ഡികളല്ല തങ്ങളെന്നും ഇവര്‍ വ്യക്തമാക്കി. യഥാര്‍ത്ഥപ്രതികളെ കണ്ടെത്തി നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ഷമീര്‍ ചേനക്കല്‍, സക്കറിയ മണ്ണില്‍, നാസര്‍ കുണ്ടാക്കൂള്‍, ശിഹാബ് പി പി, ബഷീര്‍ ഇ, ബഷീര്‍ മുക്കോടന്‍ എന്നിവര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest