മേല്‍കുളങ്ങരയിലേക്ക് കെ എസ് ആര്‍ ടി സി ഓടി തുടങ്ങി

Posted on: September 27, 2013 7:00 am | Last updated: September 27, 2013 at 7:58 am

മേലാറ്റൂര്‍: ഒടുവില്‍ മേല്‍കുളങ്ങരയിലേക്ക് ഒടുവില്‍ കെ എസ് ആര്‍ ടി സി എത്തി. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ആവശ്യങ്ങള്‍ക്കും മേല്‍കുളങ്ങര നിവാസികളുടെ ഏറെ നാളത്തെ മുറവിളിക്കൊടുവിലുമാണ് കെ എസ് ആര്‍ ടി സി എത്തിയത്.

ഉച്ചക്ക് 2.15ന് പെരിന്തല്‍മണ്ണയില്‍ നിന്നും പുറപ്പെട്ട് മൂന്ന് മണിക്ക് എത്തിയ ബസിനെ നാട്ടുകാര്‍ ചേര്‍ന്ന് സ്വീകരിച്ചു. അഞ്ച് തവണകളിലായി മേല്‍കുളങ്ങരയിലേക്കും രണ്ട് തവണകളിലായി അലനല്ലൂരിലേക്കും ബസ് സര്‍വീസ് നടത്തും.
ഇക്കഴിഞ്ഞ ആറിന് നാടിനെ നടുക്കിയ 15 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തെ തുടര്‍ന്ന് ശേഷം പ്രദേശത്തേക്ക് കെ എസ് ആര്‍ ടി സി സര്‍വീസ് വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഒരു ദുരനന്തം കഴിഞ്ഞതോടെയാണ് അധികൃതര്‍ ബസ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കെ എസ് ആര്‍ ടി സി പെരിന്തല്‍മണ്ണയുമായി നാട്ടുകാരും ജനപ്രതിനിധികളും വന്നിരുന്നു. അധികൃതര്‍ ഇതൊന്നും ചെവികൊണ്ടില്ല. ഒടുവില്‍ ദുരന്തം നടന്നതിനു ശേഷമാണ് കണ്ണ് തുറന്നത്.
നിലവില്‍ ഈ റൂട്ടില്‍ രണ്ട് സ്വകാര്യബസുകള്‍ എട്ടുതവണകളായി സര്‍വീസ് നടത്തുന്നുണ്ട്. സി ബുഷ്‌റ, കോഴിത്തൊടി ഹമീദ്, കെ ഇബ്‌റാഹീം എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.