Connect with us

Kerala

സി പി എം സെക്രട്ടേറിയറ്റ് യോഗം തുടങ്ങി: പി ബി കമ്മീഷന്‍ ഇന്ന് കേരളത്തില്‍

Published

|

Last Updated

തിരുവനന്തപുരം: കെട്ടടങ്ങിയ നിലയിലെങ്കിലും പാര്‍ട്ടിക്ക് ആഴത്തില്‍ മുറിവേല്‍പ്പിച്ച വിഭാഗീയതക്ക് പരിഹാരം തേടി സി പി എം പോളിറ്റ് ബ്യൂറോ കമ്മീഷന്‍ ഇന്ന് കേരളത്തിലെത്തും. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നയിക്കുന്ന ആറംഗ കമ്മീഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുത്ത് അംഗങ്ങളുടെ വികാരം മനസിലാക്കും. പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ നിരത്തി വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയും വി എസിനെതിരെ സംസ്ഥാന ഘടകം ഉന്നയിച്ച പ്രശ്‌നങ്ങളുമാണ് കമ്മീഷന് മുന്നിലുള്ളത്.

പാര്‍ട്ടി അച്ചടക്കം പലതവണ ലംഘിച്ച വി എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കണമെന്നതുള്‍പ്പെടെ പ്രധാന ആവശ്യങ്ങളാണ് സംസ്ഥാന ഘടകം ഉന്നയിച്ചിട്ടുള്ളത്. അതിനാല്‍, വി എസ് തന്നെയാണ് ചര്‍ച്ചകളിലെ കേന്ദ്ര ബിന്ദുവും. സംഘടനാ പ്രശ്‌നങ്ങളുടെയും രാഷ്ട്രീയ വിഷയങ്ങളുടെയും അവലോകനത്തിനായി വിളിച്ചുചേര്‍ത്ത സെക്രട്ടേറിയറ്റ് യോഗം ഇന്നലെ തുടങ്ങി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ സമവായത്തിലൂടെ പ്രശ്‌നപരിഹാരമുണ്ടാക്കാനാണ് കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്. ഇലക്കും മുള്ളിനും കേടില്ലാതെ സംസ്ഥാന ഘടകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന ദുഷ്‌കരമായ ദൗത്യമാണ് പി ബി കമ്മീഷന് മുന്നിലുള്ളത്.
പ്രകാശ് കാരാട്ടിന് പുറമെ എസ് രാമചന്ദ്രന്‍ പിള്ള, സീതാറാം യെച്ചൂരി, നിരുപം സെന്‍, ബി വി രാഘവലു, എ കെ പത്മനാഭന്‍ എന്നിവരടങ്ങുന്ന കമ്മീഷനെ നിയോഗിച്ചത് കഴിഞ്ഞ മെയിലായിരുന്നു. വളരെ വൈകിയാണ് കമ്മീഷന്റെ വരവ്. കഴിഞ്ഞ മാസം ഒന്ന് മുതല്‍ നാല് വരെ സന്ദര്‍ശനം നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും സോളാര്‍ സമരം ശക്തമായി നില്‍ക്കെ കമ്മീഷന്റെ വരവ് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്ന് മാറ്റിവെച്ചു. വി എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കണമെന്ന് പ്രമേയത്തിലൂടെയാണ് സംസ്ഥാന സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, സംസ്ഥാന ഘടകത്തിന്റെ നിലപാടുകള്‍ വിഭാഗീയവും ഏകപക്ഷീയവും കമ്യൂണിസ്റ്റ് വിരുദ്ധവുമാണെന്നാണ് വി എസിന്റെ പരാതി. ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങളും വി എസ് ആവര്‍ത്തിക്കും.
സോളാര്‍ കേസില്‍ നടത്തിയ സമരത്തിലെ ഐക്യവും ഇതിലൂടെ പാര്‍ട്ടിക്ക് ലഭിച്ച പ്രതിച്ഛായയും പരിഗണിച്ച് കടുത്ത നടപടികളിലേക്ക് പി ബി കമ്മീഷന്‍ കടക്കില്ലെന്നാണ് വിലയിരുത്തല്‍. സോളാര്‍ സമരം തുടങ്ങിയ ശേഷം പരസ്യമായ വിഴുപ്പലക്കലുകള്‍ക്ക് ആരും മുതിര്‍ന്നിട്ടില്ല. പാര്‍ട്ടിക്ക് വിധേയനായാണ് വി എസ് പ്രവര്‍ത്തിക്കുന്നതും. ഇതിനുപുറമെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങേണ്ടതുകൊണ്ടും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാനുള്ള ശ്രമം കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകില്ല. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ നേതാക്കളുടെ അഭിപ്രായം കേള്‍ക്കും. തുടര്‍ന്ന് എന്തുവേണമെന്ന് കമ്മീഷന്‍ ആലോചിച്ച് തീരുമാനിക്കും.
പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അധികാരം നല്‍കി കൊണ്ടാണ് കേന്ദ്ര കമ്മിറ്റി കമ്മീഷനെ നിയോഗിച്ചത്. അതിനാല്‍, കേന്ദ്ര കമ്മിറ്റി യോഗം ചേരാതെ തന്നെ തീരുമാനങ്ങളെടുക്കാന്‍ കഴിയും. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് വി എസിനെ നീക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന ഘടകം ഉറച്ച് നിന്നാല്‍ വീണ്ടും കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാനും സാധ്യതയുണ്ട്. അടുത്ത മാസം ത്രിപുരയിലാണ് ഇനി കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്.
കീഴടങ്ങിയത് പോലെയാണ് വി എസിന്റെ പ്രവര്‍ത്തനമെങ്കിലും ലാവ്‌ലിന്‍ കേസില്‍ നിലപാട് മാറ്റാന്‍ വി എസ് ഇനിയും തയ്യാറായിട്ടില്ല. അടുത്തിടെ കേസ് കോടതി പരിഗണിച്ചപ്പോള്‍ പിണറായിയുടെ അഭിഭാഷകന്റെ നിലപാടിനെ വി എസ് പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു.
ഇതേ കേസില്‍ മുമ്പ് വിഭാഗീയത സംസ്ഥാനത്തെ പാര്‍ട്ടിയെ പിടിച്ചുലച്ച ഘട്ടങ്ങളില്‍ കാഴ്ച്ചക്കാരന്റെ റോളിലായിരുന്നു കേന്ദ്ര നേതൃത്വം.
സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കടന്നാക്രമിച്ച് കൊണ്ട് നടത്തിയ ടി വി അഭിമുഖമാണ് കമ്മീഷന്‍ രൂപവത്കരണത്തിന് ഹേതുവായത്. ലാവ്‌ലിന്‍ കേസില്‍ പിണറായി പ്രതി തന്നെയാണെന്ന് അന്ന് വി എസ് തുറന്ന് പറഞ്ഞു. സത്യം പറഞ്ഞതിനാണ് 24 വര്‍ഷം പ്രവര്‍ത്തിച്ച പി ബിയില്‍ നിന്ന് തന്നെ പുറത്താക്കിയതെന്നും തുറന്നടിച്ചു. ലാവ്‌ലിന്‍ കേസ് രാഷ്ട്രീയ ലക്ഷ്യംവെച്ച് കെട്ടിച്ചമച്ചതല്ലെന്നും അഴിമതിക്കേസാണെന്നും പറഞ്ഞ് നിലപാട് വ്യക്തമാക്കിയ ശേഷം തന്നെ പുറത്താക്കാന്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുകയും ചെയ്തു.
വി എസിനെതിരെ പാര്‍ട്ടി തയ്യാറാക്കിയ പി കരുണാകരന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പാര്‍ട്ടി ഔദ്യോഗിക നേതൃത്വം പുറത്തെടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയതാണ് വി എസിനെ പ്രകോപിപ്പിച്ചത്. പിണറായിയെ കുടുക്കാന്‍ വി എസ് ജഡ്ജിമാരെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും സ്വാധീനിച്ചെന്നായിരുന്നു കരുണാകരന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.
വി എസിന്റെ ടി വി അഭിമുഖം അച്ചടക്കത്തിന്റെ സീമകളെല്ലാം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നീക്കണമെന്ന് കാണിച്ച് പ്രമേയം പാസ്സാക്കിയത്. തുടര്‍ന്ന് ഏറെക്കാലം വി എസും പാര്‍ട്ടിയും രണ്ട് വഴിക്കായിരുന്നെങ്കിലും സോളാര്‍ സമരത്തോടെ പ്രശ്‌നം തണുത്തു.

Latest