Connect with us

National

വികസനത്തില്‍ ഗുജറാത്തിനേക്കാള്‍ മുന്നില്‍ കേരളം

Published

|

Last Updated

ന്യൂഡല്‍ഹി: വികസനത്തിന്റെ കാര്യത്തില്‍ കേരളം ഗുജറാത്തിനേക്കാള്‍ മുന്നില്‍. വികസനം അടിസ്ഥാനമാക്കി രാജ്യത്തെ 28 സംസ്ഥാനങ്ങളെക്കുറിച്ച് പഠനം നടത്തിയ രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. നരേന്ദ്ര മോഡിയെ പുകഴ്ത്താന്‍ കൊട്ടിഘോഷിച്ചിരുന്ന ഗുജറാത്ത് മോഡല്‍ വികസന മാതൃക വെറും പുകമറയാണെന്ന്് ഇതിലൂടെ വ്യക്തമാകുകയാണ്. പഠനത്തില്‍ വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗുജറാത്ത് ഇല്ല എന്നതും ഇതിന് ബലം നല്‍കുന്നു.

വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവയാണ് ഒന്നാമത്. കേരളം രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഇതിനുപിന്നിലായി തമിഴ്‌നാട്, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുമുണ്ട്. ഒട്ടും വികസനമെത്താത്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒറീസയും ബീഹാറുമാണ് മുന്നില്‍ നില്‍ക്കുന്നത്.

ബിഹാര്‍ ഉള്‍പ്പെടെയുള്ള ഏതാനും സംസ്ഥാനങ്ങള്‍ കൂടുതല്‍ കേന്ദ്ര സഹായത്തിനായി പിന്നോക്ക പദവി ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു അന്ന് ധനകാര്യ മന്ത്രാലത്തിലെ മുഖ്യ സാമ്പത്തിക ഉപദേശ്ടാവായിരുന്ന ഇപ്പോഴത്തെ റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ നേതൃത്വത്തില്‍ ഇതേക്കുറിച്ച് പഠിക്കാന്‍ സമിതിക്ക് രൂപം നല്‍കിയത്. ധനമന്ത്രി പി.ചിദംബരമാണ് സമിതി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ അറിയിച്ചത്.

---- facebook comment plugin here -----