Connect with us

National

നവാസ് ശരീഫുമായുള്ള ചര്‍ച്ച മന്‍മോഹന്‍ സിംഗ് സ്ഥിരീകരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: യു എന്‍ പൊതു സഭാ സമ്മേളനത്തോടനുബന്ധിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫുമായി ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലേക്ക് പുറപ്പെടും മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പാക് പ്രധാനമന്ത്രിയുമായ ചര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സിംഗ് സ്ഥിരീകരിച്ചത്.
പാക്കിസ്ഥാന് പുറമേ, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളുടെ തലവന്‍മാരുമായും ചര്‍ച്ച നടത്തും. 29നാകും മന്‍മോഹന്‍ സിംഗ്- നവാസ് ശരീഫ് കൂടിക്കാഴ്ച. പാക് മണ്ണില്‍ വേരൂന്നിയ തീവ്രവാദ സംഘടനകളെ അമര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയില്‍ സിംഗ് ഊന്നിപ്പറയും. വ്യാപാര വാണിജ്യ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടക്കും. മുംബൈ ആക്രമണത്തിന് ശേഷം മുടങ്ങിക്കിടക്കുന്ന സമഗ്ര ചര്‍ച്ച പുനരാരംഭിക്കുന്നതിനുള്ള തീരുമാനവും കൂടിക്കാഴ്ചയില്‍ ഉണ്ടാകും.
നേരത്തേ, നവാസ് ശരീഫുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അനുകൂലമായി പ്രതികരിക്കാന്‍ സിംഗ് തയ്യാറായിരുന്നില്ല. മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതില്‍ പാക്കിസ്ഥാന്‍ കുറേക്കൂടി ആത്മാര്‍ഥത കാണിക്കണമെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
നവാസ് ശരീഫുമായുള്ള ചര്‍ച്ചയില്‍ തീവ്രവാദം തന്നെയായിരിക്കും മുഖ്യ അജന്‍ഡയെന്ന് വിദേശകാര്യ സെക്രട്ടറി സുജാത സിംഗ് വ്യക്തമാക്കി. പാക്കിസ്ഥാന്‍ സര്‍ക്കാറിന്റെ അനാസ്ഥ കാരണത്താല്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ ഇന്ത്യക്കെതിരെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത് തുടരുകയാണെന്ന് അവര്‍ ആരോപിച്ചു. ഇന്ത്യക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന ചിലര്‍ ഇപ്പോഴും പാക്കിസ്ഥാനില്‍ സ്വതന്ത്രമായി സഞ്ചരിക്കുകയാണെന്നും ഹാഫിസ് സഈദിന്റെ പേര് പരാമര്‍ശിക്കാതെ അവര്‍ കുറ്റപ്പെടുത്തി.
പാക് മണ്ണില്‍ നിന്നുള്ള തീവ്രവാദ പ്രവണതകള്‍ അവസാനിപ്പിക്കുമെന്ന ഒരു ഉറപ്പുമില്ലാതെ നവാസ് ശരീഫുമായി ചര്‍ച്ചക്ക് തയ്യാറാകുന്നത് ശരിയല്ലെന്ന് ബി ജെ പി നേതാവ് ബല്‍ബീര്‍ പൂഞ്ച് പറഞ്ഞു. ചര്‍ച്ചയില്‍ രാജ്യതാത്പര്യം അവഗണിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.