Connect with us

Kozhikode

സുരക്ഷിത യാത്രയൊരുക്കി 'പെണ്‍ബസുകള്‍' സര്‍വീസ് തുടങ്ങി

Published

|

Last Updated

കോഴിക്കോട്: നഗരത്തില്‍ നിന്ന് പെരുമണ്ണയിലേക്ക് സുരക്ഷിതത്വത്തിന്റെ പെണ്‍ബസുകള്‍ യാത്ര തുടങ്ങി. കോഴിക്കോട് -പെരുമണ്ണ റൂട്ടില്‍ ബസുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണിട്ട് പെരുമ നേടിയ ജില്ലാ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പന്തീരങ്കാവ് യൂനിറ്റിന്റെ കീഴിലുള്ള സംഘമാണ് ഈ സംരംഭത്തിന് പിന്നില്‍. മലബാര്‍ മേഖലയില്‍ തന്നെ അത്യപൂര്‍വമാണ് ഇത്തരമൊരു സംരംഭം. പ്രധാനമായും വിദ്യാര്‍ഥിനികളെ ഉദ്ദേശിച്ചാണ് പെണ്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്.
സിറ്റിയില്‍ നിന്ന് പെരുമണ്ണയിലേക്ക് വൈകുന്നേരം 3.30, 3.45, 4.00, 4.10 എന്നീ സമയങ്ങളില്‍ നാലു ട്രിപ്പുകളും രാവിലെ 8.10നും 8.30നും രണ്ട് സര്‍വീസുകള്‍ പെരുമണ്ണയില്‍ നിന്ന് സിറ്റിയിലേക്കുമുണ്ടാകും. നിലവില്‍ ട്രിപ്പുകളുള്ള ബസുകള്‍ തന്നെയാണ് പെണ്‍ബസുകളാകുക.
അല്‍-സബ ബസാണ് സുരക്ഷിത യാത്രയുടെ ആദ്യ ട്രിപ്പുമായി പെരുമണ്ണയിലേക്ക് യാത്ര തിരിച്ചത്. മാനാഞ്ചിറ എസ് ബി ഐ ഓഫീസിന് സമീപം നടന്ന ചടങ്ങില്‍ കലക്ടര്‍ സി എ ലത ഫഌഗ് ഓഫ് ചെയ്തു. പെണ്‍ബസുകളില്‍ വനിതാ ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും ഈ മേഖലയില്‍ വൈദഗ്ധ്യമുള്ളവര്‍ ഇല്ലാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു. എന്നാല്‍ ഈ പദ്ധതിയുടെ പൂര്‍ണ ലക്ഷ്യത്തിന് വേണ്ടി പെരുമണ്ണയിലെ കുടുംബശ്രീ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി ഡ്രൈവറും കണ്ടക്ടറുമാകാന്‍ താത്പര്യമുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കാനാണ് ഇപ്പോഴത്തെ ശ്രമം. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് യാത്രയില്‍ അവരുടെ സുരക്ഷ ഉറപ്പാക്കുവാന്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള ബസ് സര്‍വീസ് തുടങ്ങുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പഞ്ചായത്ത്, ആര്‍ ഡി ഒ, പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബസുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണിട്ട് 2011 ആഗസ്റ്റ് ഒന്നിനാണ് പെരുമണ്ണ പന്തീരങ്കാവ് റൂട്ടുകളിലേക്കുള്ള ബസുടമകള്‍ കൂട്ടായ്മ ആരംഭിക്കുന്നത്.
യന്ത്രപ്പൂട്ടില്ലാതെ വേഗത്തിന് കടിഞ്ഞാണിട്ട ഈ കൂട്ടായ്മയുടെ പുതിയ സംരംഭവും മാതൃകയാകുകയാണ്. ചടങ്ങില്‍ ബസ് ഓപറേറ്റേഴ്‌സ് പ്രസിഡന്റ് എന്‍ വി അബ്ദുസ്സത്താര്‍ അധ്യക്ഷനായിരുന്നു.