Connect with us

Kerala

സ്വര്‍ണക്കടത്ത്‌: കസ്റ്റംസ് പ്രമുഖനെ രക്ഷിക്കാന്‍ തീവ്രശ്രമം

Published

|

Last Updated

കൊച്ചി: നെടുമ്പാശേരി വഴി സ്വര്‍ണക്കള്ളക്കടത്തും മനുഷ്യക്കടത്തും നടത്തുന്നതിന് മാഹി സ്വദേശി ഫയാസിന് ഒത്താശ ചെയ്തു കൊടുത്ത കസ്റ്റംസ് ഉന്നതനെ സംരക്ഷിക്കാന്‍ തീവ്രശ്രമം. അസിസ്റ്റന്റ് കമ്മീഷണര്‍ റാങ്കിലുള്ള ഒരു ഐ ആര്‍ എസ് ഉദ്യോഗസ്ഥനാണ് ഫയാസുമായുള്ള ബന്ധം തെളിഞ്ഞിട്ടും അന്വേഷണ പരിധിയില്‍ നിന്ന് വഴുതിമാറിയിരിക്കുന്നത്. നെടുമ്പാശേരിയില്‍ പര്‍ദയില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 20 കിലോ സ്വര്‍ണം പിടികൂടപ്പെട്ടതിന് തൊട്ടുപിന്നാലെ വിമാനത്താവളത്തില്‍ നിന്ന് സ്ഥലംമാറ്റം ലഭിച്ച ഇദ്ദേഹം ചുമതലയിരിക്കുമ്പോഴാണ് ഫയാസും സംഘവും നെടുമ്പാശേരി വഴി നിര്‍ബാധം കള്ളക്കടത്ത് നടത്തിയിരുന്നത്.
ഫയാസുമായുള്ള ഇയാളുടെ ബന്ധം വ്യക്തമാക്കുന്ന രഹസ്യ ക്യാമറാ ദൃശ്യങ്ങള്‍ കസ്റ്റംസിന്റെ പക്കലുണ്ട്. എന്നിട്ടും ഈ ഉദ്യോഗസ്ഥനെതിരെ പരോക്ഷമായ അന്വേഷണത്തിന് പോലും കസ്റ്റംസ് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. ഇതിന് പിന്നില്‍ കൊച്ചി കസ്റ്റംസിലെ താക്കോല്‍ സ്ഥാനങ്ങളിലിരിക്കുന്ന ഉന്നത ലോബിയുടെ കരുനീക്കങ്ങളാണെന്ന് ഇവര്‍ ആരോപിക്കുന്നു. നടപടിയില്‍ നിന്ന് വഴുതിയ അസിസ്റ്റന്റ് കമ്മീഷണര്‍ ആയൂര്‍വേദ ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് ഐ ആര്‍ എസ് എടുത്ത് കസ്റ്റംസിലെ ഉന്നത പദവിയിലെത്തിയ ആളാണ്.
അതേസമയം കുറ്റക്കാരനെന്ന് കസ്റ്റംസ് അന്വേഷണത്തില്‍ കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ ഒന്നാം പ്രതിയാക്കി കേസെടുക്കുകയും ചെയ്തിരിക്കുന്ന ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവന്‍ പട്ടിക ജാതി വിഭാഗത്തില്‍ പെട്ട ഉദ്യോഗസ്ഥനാണ്. മികച്ച സേവനത്തിന് വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് നേടിയ മാധവന്‍ രണ്ട് മാസം കൂടി മാത്രമാണ് സര്‍വീസിലുള്ളത്. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലും ഡല്‍ഹി, ചെന്നൈ വിമാനത്താവളങ്ങളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം കണ്‍ഫേഡ് ഐ ആര്‍ എസുകാരനാണ്. ഫയാസിനെക്കൊണ്ട് മാധവന്റെ പേര് ഒരു ഡെപ്യൂട്ടി കമ്മീഷണര്‍ മര്‍ദിച്ചു പറയിപ്പിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. ഫയാസ് ഇതു സംബന്ധിച്ച് ഇന്നലെ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു.
നെടുമ്പാശേരിയില്‍ ഉണ്ടായിരുന്നപ്പോള്‍ അഡ്മിനിസ്‌ട്രേഷന്റെ ചുമതലയാണ് ഇദ്ദേഹത്തിനുണ്ടായിരുന്നതെന്നും യാത്രക്കാരെ കടത്തിവിടുന്ന കാര്യത്തില്‍ ഇദ്ദേഹത്തന് നേരിട്ട് ഇടപെടാന്‍ കഴിയുമായിരുന്നില്ലെന്നും വാദമുണ്ട്.

Latest